Power Struggle | അധികാരമില്ലാത്ത എന്നെ എനിക്ക് തന്നെ ഇഷ്ടമല്ല, പിന്നെ ഞാനെങ്ങനെ അത് വിട്ടുകൊടുക്കും! എൻസിപിയുടെ മന്ത്രി ശശീന്ദ്രൻ തന്നെയോ അതോ ചാക്കോയോ തോമസോ?
പി.സി.ചാക്കോ അനുനയത്തിന് ശ്രമിക്കുന്നു.
എംഎൽഎ സ്ഥാനവും ഒഴിയുമെന്നും ഭീഷണി
കെ ആർ ജോസഫ്
(KVARTHA) ശശീന്ദ്രൻ മന്ത്രി ആയിട്ടിരിക്കണം എന്ന് ഇവിടെ ആർക്കാണ് നിർബന്ധം. അദ്ദേഹം വനം മന്ത്രി ആണെന്ന് പറയുന്നു. ആ മേഖലയുമായി ബന്ധപ്പെട്ട് നിരന്തരം ആയി ജനങ്ങൾക്ക് ഉണ്ടായികൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് എന്തെങ്കിലും മാറ്റം ഉണ്ടാക്കുവാൻ മന്ത്രി ശശീന്ദ്രന് കഴിഞ്ഞിട്ടുണ്ടോ? ഇദ്ദേഹം എംഎൽഎ സ്ഥാനം കൂടി രാജി വെയ്ക്കുന്നതാണ് നല്ലത്. കഴിവും ജനങ്ങളോട് പ്രതിബദ്ധതയും ഉള്ളവർ കടന്ന് വരട്ടെ. ഇങ്ങനെ പറയുന്നത് ഇവിടുത്തെ പൊതുജനമാണ്. ഇപ്പോൾ എൻസിപിയിൽ നടക്കുന്ന മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് ഇതിന് കാരണം.
മന്ത്രിസ്ഥാനം വച്ചുമാറുന്നതിൽ പാർട്ടിയിൽ തർക്കം രൂക്ഷമാണ്. മന്ത്രി സ്ഥാനം ഉറപ്പ് നൽകിയിരുന്നതായി മറ്റൊരു എംഎൽഎയായ തോമസ് കെ തോമസ് പറയുന്നു. എന്നാൽ മാറില്ലെന്ന വാശിയിൽ മന്ത്രി എ കെ ശശീന്ദ്രനും. ഇരുവരെയും അനുനയിപ്പിക്കാനുള്ള നീക്കവുമായി പ്രസിഡൻ്റ് പി സി ചാക്കോയും രംഗത്തുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. താൻ മന്ത്രി സ്ഥാനം രാജിവെയ്ക്കുകയാണെങ്കിൽ എം.എൽ.എ സ്ഥാനവും രാജിവെയ്ക്കുമെന്നോക്കെയാണ് മന്ത്രി എ.കെ.ശശീന്ദ്രൻ പറയുന്നത്. എന്നാൽ പിന്നെ ശശീന്ദ്രൻ രാജിവെച്ചാൽ അവിടെ ഒഴിവ് വരുന്ന സീറ്റിൽ നിന്ന് പി.സി.ചാക്കോയെ മത്സരിപ്പിച്ച് മന്ത്രിയാക്കിക്കൂടെ എന്ന് പരിഹസിക്കുന്ന പൊതുസമൂഹത്തിലെ ജനങ്ങളും ഇവിടെയുണ്ട്.
ഏലത്തൂരിൽ നിന്നാണ് ശശീന്ദ്രൻ നിയമസഭാ സമാജികൻ ആയി മന്ത്രി ആയത്. ഏലത്തൂർ എന്നത് എൽ.ഡി.എഫിന് മുൻ തുക്കമുള്ള മണ്ഡലമാണ്. പ്രത്യേകിച്ച് സി.പി.എമ്മിന്. അതുകൊണ്ടാണ് എ.കെ.ശശീന്ദ്രൻ വിജയിച്ച് എം.എൽ.എ ആയത്. നാളെ ശശീന്ദ്രൻ രാജിവെച്ച് പി.സി.ചാക്കോ അവിടെ മത്സരിച്ചാലും വിജയിക്കുമെന്ന് ഉറപ്പ്. ഇനി എൻ.സി.പി ഇല്ലാതെ സി.പി.എം തന്നെ ആ സീറ്റ് ഏറ്റെടുത്താലും ഒരു കുഴപ്പവും സംഭവിക്കാനും പോകുന്നില്ല. ഏതു കാലത്തും അധികാരത്തിൽ കടിച്ചു തൂങ്ങി കിടക്കാൻ ആഗ്രഹിക്കുന്ന മന്ത്രി എ.കെ.ശശീന്ദ്രനും അദ്ദേഹത്തിൻ്റെ പാർട്ടിയുമൊക്കെ ഇടതുമുന്നണിയുടെ തന്നെ ശാപമാണെന്ന് പറയേണ്ടി വരും.
ശരിക്കും ഇതുപോലെയുള്ള പാർട്ടികളെ പുറത്താക്കുകയാണ് ഇടതുമുന്നണിയ്ക്ക് നല്ലത്. ഇവരുടെ പ്രശ്നം എന്തോ വലിയ പ്രശ്നമെന്ന തരത്തിലാണ് മാധ്യമങ്ങൾ പോലും പൊലിപ്പിച്ചു കാട്ടുന്നത്. എന്നാൽ എൻ.സി.പി പോലുള്ള പാർട്ടികളിലേയ്ക്ക് കടന്നാൽ ഒന്ന് വ്യക്തമാകും. അകം വെറും പൊള്ളയാണെന്ന്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അംഗബലമില്ലാത്ത പാർട്ടിയാണ്. ശരിയ്ക്കും ഇതുപോലുള്ള പാർട്ടികളുടെ ഇവിടുത്തെ നേതാക്കന്മാർ മന്ത്രിമാരും മറ്റുമായി ആഡംബരജീവിതം നയിക്കുന്നത് സി.പി.എം പോലുള്ള ആളുകളുടെ അദ്ധ്വാനത്തിൽ മുതലെടുപ്പ് നടത്തിയാണെന്നുള്ള സത്യം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.
എ.കെ.ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്ന് മാത്രമല്ല, എം.എൽ.എ സ്ഥാനത്തു നിന്നും രാജിവെയ്പ്പിക്കുകയാണ് വേണ്ടത്. എന്നിട്ട് ആ സീറ്റ് സി.പി.എം പോലുള്ള പാർട്ടികൾ ഏറ്റെടുക്കണം. പാർട്ടിയ്ക്ക് വേണ്ടി കഷ്ടപ്പെട്ട എത്രയോ യുവാക്കൾ അവിടെയുണ്ട്. അവർക്കാർക്കെങ്കിലും ഈ സീറ്റ് തരപ്പെടുത്തിയാൽ എന്ത് നന്നായിരിക്കും. ഇത് സി.പി.എം പോലുള്ള പാർട്ടികളാണ് വിലയിരുത്തേണ്ടത്. ഇനി ശശീന്ദ്രനെ ഇറക്കി കയറാൻ പോകുന്നത് ആരാ എന്ന് കൂടി ചിന്തിക്കണം. സ്വന്തം ജ്യേഷ്‌ഠൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സാമ്രാജ്യത്തിൽ വിലസുന്ന ആൾ എന്ന മേൽ വിലാസം അല്ലാതെ മറ്റെന്തുണ്ട് തോമസ് കെ തോമസിന് പറയാനെന്ന ചോദ്യവും സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നു.
കുട്ടനാട്ടിൽ എം.എൽ.എ ആയിരുന്ന തോമസ് ചാണ്ടി നിര്യാതനയായപ്പോൾ ആ സഹതാപം മുതലെടുത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തോമസ് .കെ.തോമസ് കുട്ടനാട്ടിൽ നിന്ന് ജയിച്ചെന്ന് പറയാം. അല്ലാതെ ഒരു രാഷ്ട്രിയ പാരമ്പര്യവും തോമസ്.കെ.തോമസിന് അവകാശപ്പെടാനുണ്ടെന്ന് പറയാനാവില്ല. അങ്ങനെ നോക്കുമ്പോൾ ശശീന്ദ്രൻ തന്നെയാണ് ഇദ്ദേഹത്തെക്കാൾ ഭേദമെന്ന് തോന്നിപ്പോകുക സ്വഭാവികം. അദ്ദേഹത്തിന് രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനുണ്ട്. വർഷങ്ങളായി ഇടതുമുന്നണിയ്ക്ക് ഒപ്പം നിൽക്കുന്നയാളുമാണ്. പിന്നെ മുഖ്യമന്ത്രിയ്ക്ക് പ്രിയങ്കരനായ വ്യക്തിയും. മുഖ്യമന്ത്രിയ്ക്ക് പ്രിയപ്പെട്ടവനായതുകൊണ്ട് മാത്രമാണ് ശശീന്ദ്രൻ്റെ മന്ത്രി കസേര ഇതുവരെ ഇളകാതെ നിൽക്കുന്നത്.
അതിന് എൻ.സി.പി പ്രസിഡൻ്റ് പി.സി.ചാക്കോ തന്നെയിറങ്ങിയാലും ഇളക്കം തട്ടിയ്ക്കാൻ പറ്റുമോയെന്ന് തോന്നുന്നില്ല. അതിന് മുഖ്യമന്ത്രി തന്നെ വിചാരിക്കണം. അല്ലാത്ത പക്ഷം കടക്ക് പുറത്തെന്ന് ചാക്കോയോടും തോമസ് കെ തോമസിനോടും മുഖ്യമന്ത്രി പറയാതിരിക്കാൻ സൂക്ഷിക്കുകയാണ് വേണ്ടത്. ഇനി പി.സി.ചാക്കോയുടെ ലക്ഷ്യം മന്ത്രി സ്ഥാനം തന്നെയോ? അങ്ങനെ ചിന്തിക്കുന്നവരും ഏറെയാണ്. എന്നും അധികാരത്തിൻ്റെ പുറകെ നടക്കുന്നയാളാണ് ചാക്കോ എന്ന് ആക്ഷേപിക്കുന്നവരുണ്ട്. കോൺഗ്രസിൻ്റെ കേന്ദ്രത്തിലെ തന്നെ സമുന്നതനായ നേതാവായി ഡൽഹിയിൽ വിലസിയിരുന്ന ആളായിരുന്നു പി.സി.ചാക്കോ.
കോൺഗ്രസ് ഇനി ഒരിക്കലും ദേശീയ തലത്തിൽ തിരിച്ചെത്തില്ലെന്ന ചിന്തയാൽ ഒരു സുപ്രഭാതത്തിൽ അവിടെനിന്നും എൻ.സി.പി യിലേയ്ക്ക് ചാടിയ ആളാണ്. എൻ.സി.പി യിൽ എത്തിയ പി.സി.ചാക്കോ തൻ്റെ മുൻകാല നേതാവായ ശരത് പവാറിനെ സ്വാധീനിച്ച് ഇവിടെ പലരെയും വെട്ടി മാറ്റി എൻ.സി.പി യുടെ സംസ്ഥാന പ്രസിഡൻ്റാവുകയും ചെയ്തു. എൻ.സി.പിയുടെ ദേശീയ വൈസ് പ്രസിഡൻ്റ് ആയിട്ടും എൻ.സി.പി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം രാജിവെയ്ക്കാൻ പോലും പി.സി.ചാക്കോ തയാറായില്ലെന്നതാണ് വാസ്തവം. ഇതിലും എതിർപ്പുള്ള ഒരുപാട് പേർ എൻ.സി.പിയിലുണ്ട്. ഇപ്പോൾ തോമസ് കെ തോമസിനെ മന്ത്രി സ്ഥാനത്ത് അവരോധിക്കാൻ നടക്കുന്ന ചാക്കോയുടെ ലക്ഷ്യം തോമസ് കെ തോമസിൻ്റെ മന്ത്രിസ്ഥാനമാണോ അതോ സ്വന്തം മന്ത്രി സ്ഥാനം തന്നെയാണോ എന്ന് സംശയിക്കുന്നവരും ഏറെയാണ്.
തോമസ് കെ തോമസും ശശീന്ദ്രനും തമ്മിൽ മന്ത്രിസ്ഥാനത്തിനുവേണ്ടി തർക്കം രൂക്ഷമാകുമ്പോൾ ശശീന്ദ്രൻ ഏലത്തൂരിൽ നിന്ന് രാജിവെച്ചാൽ ആ ഒഴിവിൽ അവിടെ മത്സരിച്ച് ജയിച്ച് എം.എൽ.എ ആയി മന്ത്രിയാകാൻ ചാക്കോയ്ക്ക് കഴിയും. സി.പി.എം കൂടെയുണ്ടെങ്കിൽ ശശീന്ദ്രൻ അല്ല ആര് എതിർത്താലും വിജയം തനിക്കൊപ്പമാകുമെന്ന് ചാക്കോ കരുതുന്നുണ്ടാകും. ഇതാണോ ഈ കരുനീക്കങ്ങളുടെ പിന്നിൽ എന്ന് ചിന്തിക്കുന്നവരും എൻ.സി.പി യിൽ തന്നെയുണ്ട്. അധികാര കൊതിയിൽ ചാക്കോയും ഒട്ടും പിന്നിലല്ലെന്ന് ചാക്കോയെ അറിയാവുന്നവർക്കെല്ലാം, നന്നായി അറിയാം. അധികാരമില്ലാത്ത എന്നേ എനിക്ക് തന്നെ ഇഷ്ടമല്ല. പിന്നെ ഞാൻ എങ്ങനെ അത് വിട്ട് കൊടുക്കും? പോരാഞ്ഞിട്ട് വേണ്ടപ്പെട്ടവൻ്റെ വേണ്ടപ്പെട്ടവൻ കൂടിയാണല്ലോ? കഷ്ടം, അതാണ് മുന്നണിയിൽ ചാക്കോയ്ക്കുള്ള ഭീഷണിയും.
#NCP #KeralaPolitics #PowerStruggle #IndiaNews