Bomb Threat | ബോംബ് ഭീഷണി; വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നിന്നുള്ള യാത്രക്കാരെ ഒഴിപ്പിച്ചു
*വ്യോമയാന സുരക്ഷ ഉദ്യോഗസ്ഥരും ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും സംഭവസ്ഥലത്തെത്തി.
*വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് പരിശോധനയ്ക്ക് ശേഷം അധികൃതര്‍.
*തിങ്കളാഴ്ച മുംബൈയിലെ താജ്മഹല്‍ പാലസ് ഹോടെലിനും ഭീഷണി ഉണ്ടായിരുന്നു.
ന്യൂഡെല്‍ഹി: (KVARTHA) ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡെല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്ക് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ നിന്നുള്ള യാത്രക്കാരെ ഒഴിപ്പിച്ചു. ഇന്‍ഡിഗോ 6E2211 വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ചൊവ്വാഴ്ച (28.05.2024) രാവിലെ ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഭിച്ച സന്ദേശം. ഭീതിയെ തുടര്‍ന്ന് മുഴുവന്‍ ജീവനക്കാരെയും 176 യാത്രക്കാരെയും ഒഴിപ്പിച്ച ശേഷം വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.
വിമാനം കൂടുതല്‍ പരിശോധനയ്ക്കായി വിമാനത്താവളത്തിലെ ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിയിട്ടിരിക്കുകയാണ്. വ്യോമയാന സുരക്ഷ ഉദ്യോഗസ്ഥരും ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് പരിശോധനയക്ക് ശേഷം വിമാനത്താവള അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച മുംബൈയിലെ താജ്മഹല്‍ പാലസ് ഹോടെല്‍, ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. രണ്ടിടത്തും നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ചില കോളജുകള്‍ക്കും കഴിഞ്ഞയാഴ്ച ഇമെയില്‍ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു. മെയ് 23ന് ബെംഗളൂറിലെ മൂന്ന് ആഡംബര ഹോടെലുകള്‍ക്കും ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു.