NET Exam | നെറ്റ് ചോദ്യപേപര്‍ പരീക്ഷയ്ക്ക് മുന്‍പ് 6 ലക്ഷത്തിന് ഡാര്‍ക് വെബിലും ടെലഗ്രാമിലും; അന്വേഷണം ശക്തമാക്കി സിബിഐ


ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നിവ പ്രകാരം സിബിഐ കേസെടുത്തത്.
നിരവധി കോചിംഗ് സെന്ററുകള്‍ നിരീക്ഷണത്തില്‍.
കൂടുതല്‍ അന്വേഷണത്തിനായി മത്സര പരീക്ഷകള്‍ നടത്തുന്ന എന്‍ടിഎയുമായി സഹകരിക്കുമെന്ന് സിബിഐ.
ന്യൂഡെല്‍ഹി: (KVARTHA) പുറത്ത് വരുന്ന നീറ്റ് - നെറ്റ് പരീക്ഷാ ക്രമക്കേടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ചൊവ്വാഴ്ച (ജൂണ്‍-18) നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപര്‍ 48 മണിക്കൂര്‍ മുന്‍പ് ചോര്‍ന്നുവെന്നും വിറ്റത് ആറുലക്ഷം രൂപയ്ക്കാണെന്നും സിബിഐ കണ്ടെത്തല്‍. ചോദ്യപേപര്‍ ചോര്‍ന്ന് ഡാര്‍ക് വെബിലും ടെലഗ്രാമിലും വന്നുവെന്നുമാണ് കണ്ടെത്തല്‍.
നീറ്റ് പരീക്ഷ നടത്തിയ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും റിപോര്‍ട്. തുടര്‍ന്ന് പരീക്ഷയുടെ സുതാര്യത ഉറപ്പാക്കുന്നതിന് ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. യുജിസി-നെറ്റ് പരീക്ഷയുടെ നടത്തിപ്പിന് ഭംഗം വരുത്തിയതിന് സിബിഐ കേസെടുത്തിരുന്നു. നെറ്റ് ചോദ്യ പേപര്‍ ചോര്‍ചയില്‍ വിദ്യാഭ്യാസ വകുപ്പ് സെക്രടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസമാണ് ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നിവ പ്രകാരം സിബിഐ കേസെടുത്തത്.
സംഭവത്തില്‍ സിബിഐ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ചോദ്യപേപര്‍ ചോര്‍ച്ചയുടെ ഉറവിടം നിലവില്‍ വ്യക്തമല്ല. കൂടുതല്‍ അന്വേഷണത്തിനായി മത്സര പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുമായി (എന്‍ടിഎ) സിബിഐ സഹകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ചോര്‍ചയില്‍ പരിശീലന കേന്ദ്രങ്ങളുടെ പങ്ക് സിബിഐ അന്വേഷിക്കുന്നുണ്ട്. പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ നിരവധി കോചിംഗ് സെന്ററുകള്‍ നിരീക്ഷണത്തിലാണ്.
അതേസമയം 399 നെറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 146 എണ്ണത്തില്‍ സിസിടിവികള്‍ ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തല്‍. ചോദ്യപേപറുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകള്‍ക്ക് കാവല്‍ ഉണ്ടായില്ല. ഇരിപ്പിടങ്ങളുടെ ക്രമീകരണവും കൃത്യമല്ലായിരുന്നുവെന്നാണ് റിപോര്‍ടുകള്‍. ഇക്കാര്യത്തില്‍ എന്‍ടിഎ പ്രതികരിച്ചിട്ടില്ല.
ഗ്രേസ് മാര്‍ക് ലഭിച്ചവര്‍ക്കുള്ള പുനഃപരീക്ഷ 23 ന് നടക്കും. ഹാള്‍ടികറ്റ് നല്‍കി തുടങ്ങി. ഇതിനിടെ നീറ്റ് ഹര്‍ജികളിലെ കൗണ്‍സിലിംഗ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. എന്‍ടിഎക്ക് നോടീസ് അയച്ച കോടതി ജൂലൈ എട്ടിന് ഹര്‍ജികള്‍ പരിഗണിക്കുമെന്ന് അറിയിച്ചു.
അതിനിടെ, പരീക്ഷാ നടത്തിപ്പുകാരായ എന്‍ടിഎയുടെ പ്രവര്‍ത്തനം പരിശോധിക്കാനും പരിഷ്‌കാരങ്ങള്‍ ശിപാര്‍ശ ചെയ്യാനും സര്‍കാര്‍ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ രാജ്യവ്യാപക പ്രതിഷേധം പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. ബിജെപി ഭരണത്തിന് കീഴില്‍ ദേശീയ പ്രശ്‌നമായി മാറിയിരിക്കുന്നുവെന്നും ബിജെപിയുടെ അഴിമതി രാജ്യത്തെ തളര്‍ത്തുകയാണെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.
തനിക്കും ആര്‍ജെഡിയ്ക്കും ബീഹാറില്‍ അറസ്റ്റിലായവരുമായി ബന്ധമുണ്ടെന്ന ബിജെപി ആരോപണം ചോദ്യപേപര്‍ ചോര്‍ച്ചയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണന്ന് തേജസ്വി യാദവ് പ്രതികരിച്ചു. വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡെല്‍ഹി സര്‍വകലാശാലയില്‍ നടത്തിയ യോഗ ദിനാചരണത്തില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ പങ്കെടുക്കാതെ മടങ്ങിയിരുന്നു.