Accident | കവരൈപ്പേട്ട ട്രെയിന്‍ അപകടം: പരുക്കേറ്റ 4 പേരുടെ നില ഗുരുതരം; 28 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു, 2 എണ്ണം റദ്ദാക്കി

 
Tamil Nadu Train Accident: 13 Coaches Derail, 19 Injured, Probe Underway
Tamil Nadu Train Accident: 13 Coaches Derail, 19 Injured, Probe Underway

Photo Credit: Screenshot from a X by Southern Railway

● അപകടത്തില്‍ 19 പേര്‍ക്ക് പരുക്ക്. 
● ആകെ 1360 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
● 13 കോച്ചുകള്‍ പാളം തെറ്റി. 
● 3 കോച്ചുകള്‍ക്ക് തീപിടിച്ചു. 
● ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

ചെന്നൈ: (KVARTHA) തിരുവള്ളൂവര്‍ ഗുമ്മിടിപൂണ്ടിക്ക് സമീപം കവരൈപ്പേട്ടയില്‍ (Kavaraipettai) ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ക്ക് പരുക്ക്. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ (Udhayanidhi Stalin) സന്ദര്‍ശിച്ചു. 

മൈസൂരുവില്‍ നിന്ന് ദര്‍ഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്‌സ്പ്രസ് വെള്ളിയാഴ്ച രാത്രി 8.27 ഓടെ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നു നിര്‍ത്തിയിട്ട ചരക്ക് ട്രെയിനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആകെ 1360 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റി. മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു.

അപകടത്തിനുശേഷം യാത്രക്കാരെ സുരക്ഷിതമായി ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കിയതായി റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ക്ക് പകരം ട്രെയിന്‍ ഒരുക്കി. പുലര്‍ച്ച 4.45ന് യാത്രക്കാരുമായി പ്രത്യേക ട്രെയിന്‍ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടു. 
 
അപകടത്തെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 28 ട്രെയിനുകളാണ് വഴിതിരിച്ചു വിട്ടത്. ശനിയാഴ്ച ഉച്ചയോടെ ഈറൂട്ടിലെ സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സിങ് പറഞ്ഞു. അപകടത്തില്‍ ഉന്നതതല അന്വേഷണവും റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ 293 പേരുടെ മരണത്തിനിടയാക്കിയ ബാലസോര്‍ ട്രെയിന്‍ അപകടത്തിന് കാരണമായ സിഗ്‌നല്‍ തകരാറിന് സമാനമായ പിഴവാണ് ഇവിടെയും സംഭവിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എക്‌സ്പ്രസ് ട്രെയിനിന്റെ വേഗം കുറച്ചതും ചരക്ക് ട്രെയിനിന്റെ ബ്രേക്ക് വാനില്‍ ഇടിച്ചത് കാരണവുമാണ് വന്‍ ദുരന്തം ഒഴിവായതെന്നാണ് നിഗമനം. 

ഹെല്‍പ് ലൈന്‍ നമ്പര്‍: 04425354151, 04424354995. ബെംഗളുരുവിലും ട്രെയിന്‍ കടന്ന് പോയ എല്ലാ സ്റ്റേഷനുകളിലും ഹെല്‍പ് ഡെസ്‌ക് തുറന്നു. ബെംഗളുരു റെയില്‍വേ ആസ്ഥാനത്താണ് വാര്‍ റൂം തുറന്നത്. നമ്പര്‍- 08861309815.

#trainaccident #india #tamilnadu #railway #emergency #rescue #derailment #transportation


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia