Drowned | 'ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടികള്‍ കുളിക്കാനായി പുഴയിലിറങ്ങി'; 4 സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു
ചെന്നൈ: (www.kvartha.com) തമിഴ്‌നാട് കരൂരില്‍ നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പുഴയില്‍ മുങ്ങിമരിച്ചു. പുതുക്കോട്ട വീരാളിമല സര്‍കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ തമിഴരസി, സോഫി, ആറാം ക്ലാസില്‍ പഠിക്കുന്ന ഇനിയ, ലാവണ്യ എന്നിവരാണ് മരിച്ചത്. ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടികള്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പെടുകയായിരുന്നു എന്നാണ് റിപോര്‍ട്.
പൊലീസ് പറയുന്നത്: വീരാളിമല സര്‍കാര്‍ സ്‌കൂളിലെ 13 കുട്ടികള്‍ക്ക് സംസ്ഥാനതല ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സെലക്ഷന്‍ കിട്ടിയിരുന്നു. ടൂര്‍ണമെന്റിനായി കരൂര്‍ ജില്ലയിലെ തന്നെ മറ്റൊരു സ്‌കൂള്‍ ഗ്രൗന്‍ഡിലേക്ക് അധ്യാപകര്‍ക്കൊപ്പം പോയതായിരുന്നു നാലുപേരും.
ആദ്യ റൗന്‍ഡ് മത്സരത്തിന് ശേഷം കുട്ടികള്‍ കാവേരി നദിയില്‍ മായന്നൂര്‍ ഭാഗത്ത് കുട്ടികള്‍ കുളിക്കാനിറങ്ങി. നീന്തല്‍ പരിചയമില്ലാത്ത ഒരു കുട്ടി ആദ്യം വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് മൂന്നുപേര്‍ കൂടി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. നാലുപേരുടേയും മൃതദേഹങ്ങള്‍ ഏറെ നേരം നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.