വിമാനത്താവളങ്ങളിലെ സിഖ് ജീവനക്കാര്‍ക്ക് കൃപാണ്‍ ധരിക്കാം; അനുമതി നല്‍കി വ്യോമയാന മന്ത്രാലയം

 


ന്യൂഡല്‍ഹി: (www.kvartha.com 14.03.2022) വിമാനത്താവളങ്ങളിലെ സിഖ് ജീവനക്കാര്‍ക്ക് കൃപാണ്‍ ധരിക്കാന്‍ വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ആണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. സിഖ് മതത്തില്‍ ശരീരത്തോട് ചേര്‍ന്ന് ധരിക്കുന്ന വളഞ്ഞ കഠാരയാണ് കൃപാണ്‍.

മാര്‍ച് നാലിന് ഇന്‍ഡ്യന്‍ വിമാനത്താവളങ്ങളില്‍ കൃപാണ്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറത്തുവിട്ടിരുന്നു. ഇതിനെതിരെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമിറ്റി (എസ് ജി പി സി) അടക്കമുള്ള സിഖ് സംഘടനകളും നേതാക്കളും രംഗത്തെത്തിയിരുന്നു. കമിറ്റി പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിങ് ധാമി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

വിമാനത്താവളങ്ങളിലെ സിഖ് ജീവനക്കാര്‍ക്ക് കൃപാണ്‍ ധരിക്കാം; അനുമതി നല്‍കി വ്യോമയാന മന്ത്രാലയം

'ഈ വിവേചനം സിഖുകാരുടെ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള വലിയ ആക്രമണമാണ്. അതൊരിക്കലും നടപ്പാക്കാന്‍ അനുവദിക്കില്ല. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിക്കുന്നതില്‍ സിഖുകാരാണ് മുന്‍പന്തിയില്‍ നിന്നിട്ടുള്ളന്നതെന്നും രാജ്യത്തിന്റെ സംസ്‌കാരം ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ സിഖുകാര്‍ക്കും പങ്കുണ്ടെന്ന് കേന്ദ്രം ഒരിക്കലും മറക്കരുത്'- എന്നായിരുന്നു ഹര്‍ജീന്ദര്‍ സിങ് ധാമി കത്തില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് ബിസിഎഎസ് ഉത്തരവ് പിന്‍വലിച്ചത്. അതേസമയം ഇത്തരത്തില്‍ ധരിക്കുന്ന കൃപാണിന്റെ നീളം ഒമ്പത് ഇഞ്ചില്‍ കൂടരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords:  News, National, Airport, Knife, Central Government, Sikh, Carry, Kirpans, Sikhs Can Now Carry Kirpans Within Airports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia