Controversy | ലൈംഗികപീഡനക്കേസില്‍ നടന്‍ സിദ്ദീഖിന് ഇടക്കാല ആശ്വാസം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
● ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
● അതിജീവിത സത്യവാങ്മൂലം നല്‍കണം.
● ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍ വാദം.
ന്യൂഡെല്‍ഹി: (KVARTHA) യുവനടിയുടെ ലൈംഗികപീഡനക്കേസില്‍ നടന്‍ സിദ്ദീഖിന് (Sidhique) ഇടക്കാല ആശ്വാസം. അറസ്റ്റ് നടപടി സുപ്രീം കോടതി (Supreme Court of India) തടഞ്ഞു. സിദ്ദീഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നോട്ടീസയച്ച കോടതി, കക്ഷികളില്‍നിന്ന് മറുപടി ലഭിക്കും വരെ അറസ്റ്റ് പാടില്ലെന്ന് വ്യക്തമാക്കി. ജഡ്ജിമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.
ലൈംഗികപീഡനപരാതിയില്‍ തന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റുപറ്റിയെന്നാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിനുമുന്‍പാകെ സിദ്ദീഖ് ഉന്നയിച്ചതെന്നാണ് വിവരം.
രണ്ടാഴ്ചത്തേക്കാണ് നടന് സംരക്ഷണം. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദീഖിനോട് കോടതി നിര്‍ദേശിച്ചു. ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. പരാതി നല്‍കാന്‍ കാലതാമസം വന്നതില്‍ അതിജീവിത സത്യവാങ്മൂലം നല്‍കണമെന്നും കോടതി.
എന്നാല്‍ സ്വാധീനശേഷിയുള്ള ആളായതിനാല്‍ സിദ്ദീഖിന് ജാമ്യം നല്‍കിയാല്‍ അത് അതിജീവിതയ്ക്ക് ഭീഷണിയുണ്ടാക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. പരാതി നല്‍കാന്‍ വൈകിയത് കേസിനെ ബാധിക്കുന്നതല്ല. അതിജീവിത മാനസിക ആഘാതത്തിലായിരുന്നു, ചികില്‍സ തേടിയതിനും തെളിവുണ്ട്. കേസിനുപിന്നില്‍ സിനിമാമേഖലയിലെ ചേരിപ്പോരെന്ന വാദം തെറ്റാണെന്നും സര്‍ക്കാര്‍ വാദിച്ചു.
ബലാത്സംഗ കേസില്‍ നടനെതിരെ ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കുറ്റകൃത്യം ഗുരുതരമാണ്. പരാതിക്കാരിയുടെ മൊഴികള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, പൊലീസും സിദ്ദീഖും ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി അതിജീവിത രംഗത്തെത്തി. സിദ്ദീഖിന് ഒളിവില്‍ പോകാന്‍ സമയം നല്‍കിയെന്ന് കോടതിയില്‍ വാദിച്ചു. ഒട്ടേറെ ഇലക്ട്രോണിക് തെളിവുകള്‍ സിദ്ദിഖ് നശിപ്പിച്ചെന്നും അതിജീവിത ആരോപിച്ചു.
സിദ്ദീഖിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരായി. തങ്ങളുടെ ഭാഗംകൂടി കേള്‍ക്കാതെ ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് തടസ്സഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടിയും പരാതിക്കാരിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷക വൃന്ദാ ഗ്രോവറും ഹാജരായി.
#Siddique #assault #SupremeCourt #Kerala #Malayalamcinema #actor #justice