Arjun Mission | ഷിരൂര്‍ ദുരന്തം; അര്‍ജുന്‍ മിഷന്‍ 14ാം ദിവസത്തില്‍; കാലാവസ്ഥ അനുകൂലമെങ്കില്‍ മാത്രം പുഴയിലിറങ്ങി പരിശോധന


സ്ഥലത്ത് ഡ്രഡ്ജിങ്ങ് യന്ത്രം അനുയോജ്യമാണോയെന്ന് പരിശോധിക്കും.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ട ദേശീയപാത തിങ്കളാഴ്ച തുറന്നുകൊടുത്തേക്കും.
ബെംഗ്‌ളൂറു: (KVARTHA) ഷിരൂരില്‍ (Shirur) മണ്ണിടിച്ചിലില്‍ (Landslide) കാണാതായ അര്‍ജുനന് വേണ്ടിയുള്ള തിരച്ചില്‍ തിങ്കളാഴ്ച (29.07.2024) 14ാം ദിവസത്തിലേക്ക് കടക്കുകയാണ്. കാലാവസ്ഥ (Climate) അനുകൂലമാണെങ്കില്‍ മാത്രമേ ഗംഗാവലി (Ganga Valley) പുഴയിലിറങ്ങിയുള്ള തിരച്ചില്‍ നടക്കൂ. ഉത്തര കന്നഡയില്‍ വരുന്ന 21 ദിവസം മഴ പ്രവചിച്ചതിനാലാണ് തിരച്ചില്‍ നടത്തുന്നതില്‍ പ്രതിസന്ധി നേരിട്ടിരിക്കുന്നത്.
അതേസമയം, അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരണമെന്നാണ് അവശ്യം. പെട്ടെന്ന് തിരച്ചില്‍ നിര്‍ത്തുന്നത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലെന്നും കേരള, കര്‍ണാടക സര്‍കാരുകള്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അര്‍ജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
അര്‍ജുനെ കൂടാതെ, ബാക്കി രണ്ട് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അവര്‍ക്കായി തിരച്ചില്‍ തുടരണം. അവര്‍ ഇപ്പോള്‍ പിന്‍ പിന്‍വാങ്ങിയതില്‍ ഒരു അനിശ്ചിതത്വം ഉണ്ട്. മുന്‍പ് ലോറി കണ്ടെത്തിയിരുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ആരും പറയുന്നില്ല. അതില്‍ വിഷമം ഉണ്ടെന്നും സഹോദരി പറഞ്ഞു.
അതിനിടെ, തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപറേറ്റര്‍ ഉടന്‍ ഷിരൂരിലേക്ക് പുറപ്പെട്ടു. എത്തിയ ഉടന്‍ സ്ഥലത്ത് ഡ്രഡ്ജിങ്ങ് യന്ത്രം അനുയോജ്യമാണോയെന്ന് പരിശോധിക്കും. കാര്‍ മാര്‍ഗമാണ് ഇവര്‍ തൃശൂരില്‍ നിന്ന് പുറപ്പെട്ടിരിക്കുന്നത്. കൃഷിവകുപ്പിലെ രണ്ട് അസി ഡയറക്ടര്‍, മെഷീന്‍ ഓപറേറ്റര്‍ എന്നിവരാണ് സംഘത്തിലുള്ളത്. അസിസ്റ്റന്റ് വിവന്‍സി എജെ, പ്രതീഷ് വിഎസ് എന്നിവരും ഓപറേറ്റര്‍ കം ടെക്‌നീഷ്യനുമാണ് സംഘത്തിലുള്ളത്.
കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലാണ് ഈ യന്ത്രമുള്ളത്. ഹിറ്റാചി, ബോടില്‍ കെട്ടി നിര്‍മിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍. കോള്‍പ്പടവുകളില്‍ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിക്കുന്നത്. കൃഷി വകുപ്പ് വാങ്ങിയ മെഷീന് 18 മുതല്‍ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കര്‍ ചെയ്യാന്‍ പറ്റും.
അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച് ഉത്തര കന്നഡ കലക്ടര്‍ കഴിഞ്ഞദിവസം തൃശൂര്‍ കലക്ടറോട് വിവരങ്ങള്‍ തേടി. കുത്തൊഴുക്കുള്ള പുഴയില്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കാനാവുമോയെന്നത് അനുസരിച്ചാകും തിരച്ചിലിന്റെ ഭാവി. അതിനായാണ് ഓപറേറ്റര്‍മാര്‍ ഷിരൂരിലേക്ക് പോകുന്നത്. അതേസമയം, മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ട ദേശീയപാത-66 തിങ്കളാഴ്ച തുറന്നുകൊടുത്തേക്കും.