Political Crisis | മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണോ?
● ദേവേന്ദ്ര ഫഡ്നാവസിന്റെ പേര് അനൗദ്യോഗികമായി പറയുന്നു.
● മുഖ്യമന്ത്രിയാരെന്ന അനിശ്ചിതത്വം തുടരുന്നു.
● ഏക്നാഥ് ഷിന്‍ഡെ ഇടഞ്ഞുനില്‍ക്കുന്നു.
അര്‍ണവ് അനിത
(KVARTHA) മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച് ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയാരെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനോ, സര്‍ക്കാര്‍ രൂപീകരിക്കാനോ കഴിയാത്തത് വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവസിന്റെ പേര് അനൗദ്യോഗികമായി പറയുന്നുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. നിലവിലെ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിന്‍ഡെ ഇടഞ്ഞുനില്‍ക്കുന്നതാണ് മഹായുതി മഹാചുഴിയില്‍ അകപ്പെടാന്‍ കാരണം.
സംസ്ഥാന ബിജെപി നേതൃത്വം മുഖ്യമന്ത്രിപദം തങ്ങള്‍ക്കാണെന്ന് ആവര്‍ത്തിക്കുമ്പോഴും പ്രധാനമന്ത്രി മോദിയും അമിത്ഷായും തീരുമാനിക്കുമെന്നാണ് ഷിന്‍ഡെ പറയുന്നത്. മുഖ്യമന്ത്രിയായിരുന്ന ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രിയായി തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നും തന്റെ മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്നും ധനകാര്യം അടക്കമുള്ള സുപ്രധാനവകുപ്പുകള്‍ നല്‍കണമെന്നുമാണ് അദ്ദേഹം ബിജെപി നേതൃത്വത്തിന് മുന്നില്‍ മുന്നോട്ട് വെച്ചിട്ടുളളത്.
അങ്ങനെയുണ്ടായാല്‍ മുന്നണിയില്‍ കുടുംബാധിപത്യം എന്ന ആരോപണം ഉയരുമെന്നുളളത് കൊണ്ട് അതിന് വഴങ്ങിയിട്ടില്ല. അതേസമയം എന്‍സിപി അജിത് പവാര്‍ വിഭാഗം ഫഡ്നാവിസിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ആകെയുള്ള 288 നിമയസഭാ സീറ്റുകളില്‍ 230ഉം മഹായുതി നേടി. ബിജെപി 132 ഉം ഷിന്‍ഡെ 57ഉം അജിത് പവാര്‍ 41ഉം മണ്ഡലങ്ങളില്‍ വിജയിച്ചു.
ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ തൃപ്തിയില്ലാതെ ഷിന്‍ഡെ മടങ്ങുകയും മഹാരാഷ്ട്രയിലെ സാധാരണക്കാര്‍ താന്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം ഞായറാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ഷിന്‍ഡെയെ വെട്ടാനാണ് അജിത് പവാര്‍ ഒരുമുഴം മുന്നേ എറിഞ്ഞത്. എന്നാല്‍ ഷിന്‍ഡെ അയയുന്ന ലക്ഷണം കാണുന്നില്ല. പുതിയ എന്തെങ്കിലും സമവായം കണ്ടെത്താനാണ് ബിജെപി നോക്കുന്നത്. ഷിന്‍ഡെ വിഭാഗത്തിലെ പലരും ഉപമുഖ്യമന്ത്രിസ്ഥാനം കൊതിച്ചിരിക്കുന്നവരാണ്. ആ പാര്‍ട്ടിയെ പിളര്‍ത്തിയാല്‍ ബിജെപിയെ എങ്ങനെ ബാധിക്കുമെന്ന് നിലവില്‍ പ്രവചിക്കാനാകില്ല.
അവിഭക്ത ശിവസേനയെ പിളര്‍ത്തിയാണ് ബിജെപി മഹാവികാസ് അഘാഡി സര്‍ക്കാരിനെ താഴെയിട്ടതും ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിച്ചതും. എന്‍സിപി, ശിവസേന കക്ഷികളെ തകര്‍ക്കുകയാണ് ബിജെപി ലക്ഷ്യം. സംസ്ഥാനത്ത് മൂന്ന് തവണ അവര്‍ അധികാരത്തിലേറിയെങ്കിലും ഒറ്റയ്ക്കിതുവരെയും ഭരിച്ചിട്ടില്ല. അതിനുള്ള അവസരം ഇതുവരെ ലഭിച്ചില്ല. 13 സ്വതന്ത്രര്‍ സംസ്ഥാനത്തുണ്ട്, അവരെ പിടിച്ചാലും മറ്റാരുടെയും സഹായമില്ലാതെ ബിജെപിക്ക് ഭരിക്കാനാകും. അതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നുള്ളത് കൊണ്ടാണ് ആ വഴിക്ക് നീങ്ങാത്തതെന്ന് അറിയുന്നു. എന്തായാലും അഞ്ചാം തീയതി ആസാദ് മൈതാനത്ത് സത്യപ്രതിജഞ നടക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. അപ്പോഴും മുഖ്യമന്ത്രി ആരാണെന്ന് അവര്‍ ഉറപ്പിച്ച് പറയുന്നില്ല.
തന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നേരിട്ടതെന്നും താന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായസന്ദേശമാണ് നല്‍കുകയെന്നും രണ്ടാമത്തെ യോഗത്തിലും ഷിന്‍ഡെ ആവര്‍ത്തിച്ചു. നിരവധി സര്‍വേകളില്‍ മുഖ്യമന്ത്രിയായി ജനം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിക്കാട്ടിയത് തന്നെയാണെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ 132 സീറ്റ് ലഭിച്ചിട്ടും മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ അന്യായമാണെന്ന് മാത്രമല്ല, പാര്‍ട്ടിക്ക് വലിയ നാണക്കേടാകുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
ബലാബല ചര്‍ച്ചകളില്‍ എന്ത് സമവായം ഉരുത്തിരിയും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പരസ്പരമുള്ള വിഴുപ്പലക്കലുകള്‍ ഒഴിവാക്കാനാണ് ബിജെപി നോക്കുന്നത്. അതേസമയം ബാല്‍ താക്കറെയുടെ കാലം മുതല്‍ ശിവസേനയുടെ കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാനത്താണ് തീരുമാനിച്ചിരുന്നതെന്നും ഷിന്‍ഡെ ബിജെപിക്ക് മുന്നില്‍ അടിയറവ് പറഞ്ഞെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു.
ഷിന്‍ഡെ ബിജെപിയെ വെട്ടിലാക്കുന്ന നീക്കമാണ് നടത്തുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. തന്നെ മുഖ്യമന്ത്രിയാക്കുകയോ, താന്‍ പറഞ്ഞയാളെ ഉപമുഖ്യമന്ത്രിയാക്കുകയോ, മറ്റ് സ്ഥാനങ്ങള്‍ നല്‍കുകയോ ചെയ്തില്ലെങ്കില്‍ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന ഉപാധിയാണ് ഷിന്‍ഡെ ഡല്‍ഹിയില്‍ മുന്നോട്ട് വെച്ചത്. അതിലൊരു അപകടം പതിയിരുപ്പുണ്ടെന്ന് മോദിക്കും അമിത്ഷായ്ക്കും മനസിലായി.
അതുകൊണ്ടാണ് ഡല്‍ഹിയില്‍ തീരുമാനം എടുക്കാഞ്ഞത്. സംസ്ഥാനത്ത് കാര്യങ്ങള്‍ നിശ്ചയിക്കട്ടെ എന്ന് പറഞ്ഞയച്ചത്. ഷിന്‍ഡെ വിഭാഗത്തിന് ലോക്സഭയില്‍ ഏഴ് സീറ്റാണുള്ളത്. അവര്‍ പുറത്ത് നിന്ന് പിന്തുണയ്ക്കാന്‍ തീരുമാനിച്ചാല്‍ മോദിസര്‍ക്കാര്‍ വലിയ പ്രതിസന്ധയിലാകും. സുപ്രധാന ബില്ലുകളടക്കം പാസ്സാക്കാനാകാത്ത സാഹചര്യമുണ്ടായേക്കും. അതുകൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ ബിജെപി വല്ലാത്ത കുരുക്കിലാണ്.
#MaharashtraPolitics #EknathShinde #BJP #ShivSena #IndiaPolitics #PowerStruggle
या ठिकाणी इच्छुक असूनही पक्षादेश मानून रवी पाटील, नरेंद्र पवार यांनी माघार घेतली त्याबद्दल त्यांचे अभिनंदन केले. त्यामुळे कल्याण पश्चिमचा गड राखायचा तर महायुतीच्या उमेदवारामागे खंबीरपणे उभे रहावे असे आवाहन स्थानिक नागरिक बंधू भगिनींना यावेळी केले. https://t.co/UNRWv8id8Q pic.twitter.com/6OAuZxdRm4
— Eknath Shinde - एकनाथ शिंदे (@mieknathshinde) November 13, 2024