Three Died | പുതുച്ചേരിയില്‍ മാന്‍ഹോളിലെ വിഷവാതകം ശ്വസിച്ച് 15 വയസുകാരനടക്കം 3 പേര്‍ക്ക് ദാരുണാന്ത്യം
2 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.
മുഴുവന്‍ മാന്‍ഹോളുകളുടെയും മൂടി തകര്‍ത്ത് പരിശോധന നടത്തി.
പ്രദേശത്ത് കനത്ത ജാഗ്രത.
പുതുച്ചേരി: (KVARTHA) മാന്‍ഹോളില്‍ നിന്ന് വിഷവാതകം ശ്വസിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് സ്ത്രീകളും, ആണ്‍കുട്ടിയുമാണ് മരിച്ചത്. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വാതകം പുറത്തുവന്നത്. പുതുച്ചേരി റെഡ്ഡിപാളയത്ത് ചൊവ്വാഴ്ച (11.06.2024) രാവിലെയാണ് അപകടമുണ്ടായത്.
72 കാരിയായ സെന്താമരെ എന്ന വയോധികയുടെ വീടിനുള്ളിലെ ശുചിമുറിയിലൂടെ വിഷവാതകം പുറത്തേക്ക് വരുകയായിരുന്നു. വാതകം ശ്വസിച്ച് സെന്താമരെ, മകള്‍ കാമാച്ചി, ഇവരുടെ ശബ്ദം കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ സമീപവാസിയായ 15 കാരനുമാണ് മരിച്ചത്. നിലവിളി ശബ്ദം കേട്ട് വീട്ടിലെത്തിയ രണ്ടുപേര്‍ക്ക് ദേഹാസ്വാസ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
പിന്നാലെ കോര്‍പറേഷന്‍, സര്‍കാര്‍, അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരെത്തി റെഡ്ഡിപാളയം, പുതുനഗര്‍ മേഖലയിലെ വീടുകള്‍ ഒഴിപ്പിച്ചു. പ്രദേശത്തെ മുഴുവന്‍ മാന്‍ഹോളുകളുടെയും മൂടി തകര്‍ത്ത് പരിശോധനയും നടത്തി. പരിശോധന നടത്തിയ പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമി മേഖലയിലെ മുഴുവന്‍ പേര്‍ക്കും വൈദ്യ പരിശോധന നടത്തുമെന്ന് അറിയിച്ചു.