Controversy | പിവി അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുന്നു; അതെല്ലാം എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകടപ്പെടുത്താനുള്ളത്, അന്വേഷണം നിഷ്പക്ഷമായി തുടരുമെന്ന് മുഖ്യമന്ത്രി
● എല്ലാത്തിനും മറുപടി പിന്നീടൊരു അവസരത്തില്‍ പറയും
● മാധ്യമങ്ങളെ കാണുന്നതിന് മുമ്പുതന്നെ എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച
ന്യൂഡെല്‍ഹി: (KVARTHA) പിവി അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങളെല്ലാം പൂര്‍ണമായും എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകടപ്പെടുത്താനുള്ളതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അന്വേഷണം നിഷ്പക്ഷമായി തുടരുമെന്നും അറിയിച്ചു.
അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ അതിനുപിന്നില്‍ എന്താണെന്ന് സംശയമുണ്ടായിരുന്നു. നേരത്തെ സംശയിച്ചത് പോലെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടിക്കും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെയാണ് അന്‍വര്‍ സംസാരിച്ചത്. എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് അന്‍വര്‍ പറഞ്ഞത്.
അന്‍വറിന്റെ ഉദ്ദേശ്യം വ്യക്തമാണ്. അന്‍വര്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചു വിശദമായി പറയേണ്ടതുണ്ട്. പിന്നീടൊരു ഘട്ടത്തില്‍ അക്കാര്യങ്ങളെ കുറിച്ചെല്ലാം വിശദമായി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി പുറപ്പെടുന്നതിന് മുന്‍പ് കേരള ഹൗസിലെ കൊച്ചിന്‍ ഹൗസിന് മുന്നില്‍ വച്ചാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങളെ കാണുന്നതിന് മുമ്പുതന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
#KeralaPolitics #PinarayiVijayan #PVAnvar #CorruptionAllegations #LDF #CPI(M) #Investigation