ഫൂലൻ ദേവി ഓർമ്മയായിട്ട് 24 വർഷം: ചമ്പൽ റാണിയുടെ ജീവിതം ഒരു പോരാട്ടഗാഥ


● അക്രമികളുടെ വെടിയേറ്റ് ലോക്സഭാംഗമായിരിക്കെ മരിച്ചു.
● ജാതി അടിച്ചമർത്തലുകൾക്കെതിരായ പ്രതിഷേധമായിരുന്നു അവരുടെ ജീവിതം.
● ബഹ്മായി കൂട്ടക്കൊല രാജ്യത്തെ ഞെട്ടിച്ചു.
● പുതിയ ജീവിതം തേടി ബുദ്ധമതം സ്വീകരിച്ചു.
● അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി അവരുടെ പേര് നിലനിൽക്കും.
ഭാമനാവത്ത്
(KVARTHA) മധ്യപ്രദേശിലെ ചമ്പൽക്കാടുകളിലെ കൊള്ളക്കാരിയായി ഒരു പ്രദേശത്തെ മാത്രമല്ല, രാജ്യത്തെത്തന്നെ ഏറെക്കാലം മുൾമുനയിൽ നിർത്തിയ, പിന്നീട് നിരുപാധികം കീഴടങ്ങിയ ശേഷം ഇന്ത്യൻ പാർലമെന്റ് അംഗമായി മാറിയ ഫൂലൻ ദേവി അക്രമികളുടെ വെടിയുണ്ടക്കിരയായിട്ട് ഇന്ന് (ജൂലൈ 25) 24 വർഷം തികയുന്നു.
പന്ത്രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്ന് സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫൂലൻ ദേവിയെ, ലോക്സഭാംഗമായിരിക്കെ മൂന്ന് അക്രമികൾ ചേർന്ന് വെടിവെച്ചുകൊല്ലുകയായിരുന്നു.
വീരാരാധനയോ പണത്തോടുള്ള കൊതിയോ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയോ ആയിരുന്നില്ല അവരെ ക്രൂരയായ കൊള്ളക്കാരിയാക്കിയത്. ജാതിവ്യവസ്ഥ കൊടികുത്തിവാണിരുന്ന നാട്ടിൽ അടിച്ചമർത്തപ്പെട്ടവരുടെ പ്രതിഷേധമാണ് ഫൂലന്റെ തോക്കിൻകുഴലിലൂടെ ചമ്പലിനെ വിറപ്പിച്ചത്.
ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ താഴ്ന്ന ജാതിയിലുള്ള സ്ത്രീകൾ മേൽജാതിയിലുള്ളവരുടെ കാമദാഹം തീർക്കാനുള്ള ഉപകരണം മാത്രമായിരുന്ന ഒരു കാലഘട്ടത്തിൽ, ആ അതിക്രമവും വേദനയും സഹിച്ചതിനുശേഷമുള്ള പ്രതികാര മനോഭാവമാണ് ഫൂലൻ ദേവി എന്ന ചമ്പൽ റാണിയുടെ പിറവിക്ക് കാരണമായത്.
വളരെ പാവപ്പെട്ട ഒരു കർഷക കുടുംബത്തിൽ ജനിച്ച അവൾ, പതിനൊന്നാം വയസ്സിൽ എത്രയോ ഇരട്ടി പ്രായമുള്ള വ്യക്തിയുടെ ഭാര്യയാവേണ്ടി വരികയും, കളിച്ചുനടക്കേണ്ട ചെറുപ്രായത്തിൽത്തന്നെ ക്രൂരമായ ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങൾക്ക് വിധേയയായി സ്വന്തം വീട്ടിലെ ദാരിദ്ര്യത്തിലേക്ക് തിരിച്ചുപോരേണ്ടി വരികയും ചെയ്തു.
ഒരാളെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി പറഞ്ഞുവിട്ട ഫൂലൻ, അസഹനീയമായ പീഡനങ്ങൾ ഏറ്റുവാങ്ങിയതിന് ശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തിയത് വീട്ടുകാരുടെ പ്രതിസന്ധി വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്. സ്വന്തം വീട്ടിലും നിരന്തര പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ ഫൂലൻ ഗ്രാമം ഉപേക്ഷിച്ച് പോയി.
ഒരു ബന്ധുവീട്ടിൽ താമസിക്കുന്നതിനിടെ ബാബു ഗുജ്ജാർ എന്ന കൊള്ളത്തലവൻ തട്ടിക്കൊണ്ടുപോവുകയും അവളുടെ എതിർപ്പിനെ കൈക്കരുത്തുകൊണ്ട് അതിജീവിച്ച് നിരന്തരം ലൈംഗിക പീഡനങ്ങൾക്ക് വിധേയയാക്കുകയും ചെയ്തു. കൊള്ളക്കാരൻ തന്നെയെങ്കിലും ഗുജ്ജാറിനോട് എതിർപ്പുണ്ടായിരുന്ന വിക്രം എന്നൊരാൾ ഗുജ്ജാറിനെ വെടിവെച്ചുവന്നതോടുകൂടിയാണ് ഫൂലന് അല്പം സമാധാനം ലഭിച്ചത്.
എന്നാൽ, ഈ സംഘത്തിൽപ്പെട്ട ശ്രീറാം താക്കൂർ എന്നയാൾ ചതിയിൽ വിക്രമിനെ കൊന്ന് ഫൂലനെ വീണ്ടും വീട്ടുതടങ്കലിലാക്കി ലൈംഗിക പീഡനത്തിന് ഇരയാക്കാൻ തുടങ്ങി. അവരുടെ കണ്ണുവെട്ടിച്ച് ഒളിച്ചോടിയ ഫൂലന്റെ പ്രതികാര ദുർഗ്ഗയുടെ രണ്ടാം ജന്മമാണ് പിന്നീട് എല്ലാവർക്കും കാണാനിടയായത്.
പുതിയൊരു കൊള്ളസംഘത്തിൽ ചേർന്ന അവൾ ചെറിയ ചെറിയ ഏറ്റുമുട്ടലുകളിലൂടെയും കൊള്ളകളിലൂടെയും ഈ രംഗത്ത് സജീവമായി. പ്രതികാരത്തിന്റെ കനലുകൾ എന്നും ഉള്ളിൽ എരിഞ്ഞുകൊണ്ടായിരുന്നു ഫൂലൻ ഓരോ ദിവസവും തള്ളി നീക്കിയിരുന്നത്. തന്നെ നിർദ്ദയം പീഡിപ്പിച്ച ശ്രീറാം താക്കൂറിനോടുള്ള പ്രതികാരം താക്കൂർ സമുദായത്തോടുള്ള പ്രതികാരമായി മാറുകയും, അതിന്റെ പ്രതികാരമായി 22 പേരെ നഗ്നരാക്കി വെടിവെച്ചുകൊല്ലുകയും ചെയ്തു.
1981 ഫെബ്രുവരി 14-ന് നടന്ന ഈ സംഭവം ബഹ്മായി കൂട്ടക്കൊല എന്ന പേരിൽ അറിയപ്പെടുന്നു. ഈ സംഭവം ഇന്ത്യയൊട്ടാകെ ഞെട്ടിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി വി.പി. സിംഗ് രാജിവെക്കുകയും ചെയ്തു. (43 വർഷത്തിനുശേഷം 2024-ലാണ് ഈ കേസിൽ കോടതി ശിക്ഷ പ്രഖ്യാപിച്ചത്.) ഫൂലനെ വേട്ടയാടാൻ പോലീസ് നിരവധി തവണ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടതിനെത്തുടർന്ന് പോലീസ് അടവ് മാറ്റുകയും ഫൂലന് കീഴടങ്ങാൻ അനുമതി നൽകുകയും ചെയ്തു.
വെടിയൊച്ച കേട്ടും ചോരകണ്ടും മനംമടുത്ത ചമ്പലിന്റെ റാണി ഒടുവിൽ മധ്യപ്രദേശ് പോലീസിന് കീഴടങ്ങി. എല്ലാം ഉപേക്ഷിച്ച് പുതിയ ജീവിതം തുടങ്ങി ബുദ്ധമത അനുയായി മാറിയ അവർ പൊതുജീവിതത്തിൽ സജീവമായി പുതിയ വഴികൾ തേടിയെങ്കിലും, ബഹ്മായി കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പ്രതികാരാഗ്നി അവസാനിച്ചിരുന്നില്ല.
പാർലമെന്റ് അംഗമായിരിക്കെ ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിക്ക് മുമ്പിൽവെച്ച് 'ചോരക്ക് ചോര' എന്ന രൂപത്തിൽ ഫൂലന്റെ ജീവൻ നിറത്തോക്കിന് ഇരയാകുന്നതാണ് പിന്നീട് രാജ്യം കണ്ടത്.
കൊള്ളക്കാരി എന്ന നിലയിൽ അറിയപ്പെടുമ്പോഴും, മുന്നോക്ക സമുദായത്തിൽ നിന്ന് കൊടും പീഡനങ്ങൾ അനുഭവിച്ചുവരുന്നവരുടെ പ്രതിഷേധ സ്വരമായി, ജാതിയുടെയും സമ്പത്തിന്റെയും പേരിലുള്ള അടിച്ചമർത്തലുകൾക്കെതിരായി സധൈര്യം പോരാടിയ വ്യക്തിയായി ഫൂലന്റെ പേര് രാജ്യചരിത്രത്തിൽ എന്നും നിലനിൽക്കും.
ഫൂലൻ ദേവിയുടെ ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമൻ്റ് ചെയ്യുക.
Article Summary: Phoolan Devi's 24th death anniversary: A life of struggle.
#PhoolanDevi #ChambalQueen #IndianPolitics #SocialJustice #UttarPradesh #CrimeNews