Omar Abdullah | ഉമര്‍ അബ്ദുല്ലയെ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി എതിരില്ലാതെ തിരഞ്ഞെടുത്തു; നിയുക്ത മുഖ്യമന്ത്രിക്ക് 4 സ്വതന്ത്രരുടെ കൂടി പിന്തുണ; തടസമില്ലാതെ സര്‍ക്കാര്‍ രൂപവത്കരിക്കാം
● ലഫ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്ന നാലുപേരെ കൂടാതെയാണ് ഇത്
● നാഷണല്‍ കോണ്‍ഫറന്‍സിന് ലഭിച്ചത് 42 സീറ്റുകള്‍
● മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഘടകകക്ഷികളുടെ യോഗത്തിനുശേഷം
ശ്രീനഗര്‍: (KVARTHA) ജമ്മു കശ്മീരില്‍ നിയുക്ത മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ കൂടി പിന്തുണ ലഭിച്ചു. ഇതോടെ 90 അംഗ നിയമസഭയില്‍ പാര്‍ട്ടിക്ക് 46 എംഎല്‍എമാരുടെ പിന്തുണയായി. ലഫ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്ന നാലുപേരെ കൂടാതെയാണ് ഇത്.
സഖ്യകക്ഷിയായ കോണ്‍ഗ്രസിന് ആറ് എംഎല്‍എമാരുമുണ്ട്. അതുകൊണ്ടുതന്നെ ഉമര്‍ അബ്ദുല്ലയ്ക്ക് ഇനി കോണ്‍ഗ്രസ് പിന്തുണയില്ലാതെയും സര്‍ക്കാര്‍ രൂപവത്കരിക്കാം. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഘടകകക്ഷികളുടെ യോഗത്തിനുശേഷമേ ഉണ്ടാകൂ. തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് 42 സീറ്റുകളാണ് നേടിയത്. അതിനിടെ, ഉമര്‍ അബ്ദുല്ലയെ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി എതിരില്ലാതെ തിരഞ്ഞെടുത്തു.
ജമ്മു-കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ആദ്യ മന്ത്രിസഭായോഗത്തില്‍ പാസാക്കുമെന്ന് ഉമര്‍ അബ്ദുല്ല വ്യക്തമാക്കി. ജമ്മു-കശ്മീരിന്റെ 370-ാം അനുച്ഛേദം തട്ടിയെടുത്തവര്‍ അത് പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഉമര്‍ പറഞ്ഞു. ഈ വിഷയം നിരന്തരം ഉന്നയിക്കുമെന്നും തങ്ങളുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുവില്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. എന്നാല്‍ ഫലം അറിവായതോടെ പ്രതീക്ഷിച്ചത്ര വിജയം ലഭിച്ചില്ലെന്ന് മാത്രമല്ല നാഷണല്‍ കോണ്‍ഫറന്‍സ് തേരോട്ടം നടത്തുന്ന കാഴ്ചയാണ് കണ്ടത്.
അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമ്മു മേഖലയിലെ മോശം പ്രകടനത്തില്‍ ഖേദമുണ്ടെന്നും പാര്‍ട്ടി ആത്മപരിശോധന നടത്തുമെന്നും ജമ്മു-കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കാര പറഞ്ഞു. അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളോ ചില ബോധപൂര്‍വമായ ശ്രമങ്ങളോ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊലീസിന്റെ പരിശോധനായിടങ്ങള്‍ നീക്കം ചെയ്ത് പണവും മദ്യവും വിതരണം ചെയ്യുന്നത് സുഗമമാക്കിയതായും കാര ആരോപിച്ചു. ജമ്മു മേഖലയിലെ ഫലം പ്രതീക്ഷകള്‍ക്ക് അനുസൃതമായല്ലെന്നും പരാജയത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു.
#OmarAbdullah #JammuKashmir #NationalConference #Article370 #Independents #Leadership