Criticism | എക്സിറ്റ് പോള്‍ ഫലം നോക്കിയിരുന്ന് അതിന്മേല്‍ ചര്‍ച്ച നടത്തുന്നവര്‍ മണ്ടന്മാരെന്ന് ഉമര്‍ അബ്ദുല്ല

 
Omar Abdullah Criticizes Exit Poll Discussions
Omar Abdullah Criticizes Exit Poll Discussions

Photo Credit: Facebook/ Omar Abdullah

● അഭിപ്രായം പങ്കുവച്ചത് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ
● വിശകലനം കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെ ചൂണ്ടിക്കാട്ടി
● ഫലം വന്നതോടെ ഉമര്‍ അബ് ദുല്ല മുഖ്യമന്ത്രി പദത്തിലേക്ക്

ജമ്മു-കശ്മീര്‍: (KVARTHA) എക്സിറ്റ് പോള്‍ ഫലം നോക്കിയിരുന്ന് അതിന്മേല്‍ ചര്‍ച്ച നടത്തുന്നവര്‍ മണ്ടന്മാരാണെന്ന് ജമ്മു-കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (JKNC) ഉപാധ്യക്ഷന്‍ ഉമര്‍ അബ്ദുല്ല. എക്സിറ്റ് പോള്‍ സമയംകൊല്ലി പരിപാടിയാണെന്നും ടിവി ചാനലുകളും മറ്റും എന്തിനാണ് അതിന്മേല്‍ ഇത്രയേറെ സമയവും ഊര്‍ജവും പാഴാക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഉമര്‍ അബ്ദുല്ല എക്സിറ്റ് പോളിനെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്. എക്സിറ്റ് പോള്‍ ഫലങ്ങളെ ആധികാരികമായി കണ്ട് ചര്‍ച്ച നടത്തുന്നവര്‍ സാമൂഹ്യമാധ്യമങ്ങളിലെ സകല ട്രോളുകളും മീമുകളും അര്‍ഹിക്കുന്നുണ്ടെന്നും ഉമര്‍ പറഞ്ഞു.

കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ഉമര്‍ അബ്ദുല്ലയുടെ ഈ അഭിപ്രായ പ്രകടനം. എക്സിറ്റ് ഫലങ്ങളില്‍ ബിജെപിക്ക് വലിയ തോതിലുള്ള വിജയമായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ ശരിക്കുള്ള ഫലം വന്നപ്പോള്‍ മിക്കയിടങ്ങളിലും ബിജെപിക്ക് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. ഇതിനെ ഉദാഹരണമായി കാണിച്ചായിരുന്നു ഉമര്‍ അബ്ദുല്ലയുടെ ട്വീറ്റ്.


തിരഞ്ഞെടുപ്പില്‍ നാഷനല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചതോടെ മുഖ്യമന്ത്രി പദത്തിലേക്ക് വീണ്ടും അവസരം ഒരുങ്ങിയിരിക്കയാണ് നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ലയ്ക്ക്. ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നുകഴിഞ്ഞു. 

ഉമര്‍ അബ്ദുല്ലയ്‌ക്കോ പാര്‍ട്ടിക്കോ 2015 ന് ശേഷം കശ്മീരില്‍ ഭരണത്തിലെത്താനായിട്ടില്ല. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്ന നാഷനല്‍ കോണ്‍ഫറന്‍സിന്റെ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ബിജെപിക്ക് മുന്നോട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ സുഗമമാകില്ല. 

ഈ തിരഞ്ഞെടുപ്പോടെ മൂന്നു കുടുംബങ്ങളുടെ രാഷ്ട്രീയ വാഴ്ച അവസാനിപ്പിക്കുമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ വാക്കുകള്‍ പൂര്‍ണമായി യാഥാര്‍ഥ്യമായില്ല. ഒറ്റയ്ക്ക് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയായിരിക്കാം അങ്ങനെ പറയാന്‍ അമിത് ഷായെ പ്രേരിപ്പിച്ചത്.


ഫലം വന്നതോടെ അമിത് ഷാ പറഞ്ഞ അബ്ദുല്ല - ഗാന്ധി കുടുംബം സഖ്യത്തിന്റെ ഭാഗമായി നേട്ടമുണ്ടാക്കി. മുഫ്തി കുടുംബത്തിന്റെ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) തകര്‍ന്നടിഞ്ഞു. 'കശ്മീര്‍ ടൈഗര്‍' എന്നറിയപ്പെടുന്ന മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുല്ല രൂപീകരിച്ച പാര്‍ട്ടിയിലൂടെ മകന്‍ ഫാറൂഖ് അബ്ദുല്ലയും അദ്ദേഹത്തിന്റെ മകന്‍ ഉമര്‍ അബ്ദുല്ലയും കശ്മീരില്‍ മുഖ്യമന്ത്രിമാരായിട്ടുണ്ട്. 

സര്‍ക്കാരിനെ നാഷനല്‍ കോണ്‍ഫറന്‍സ് നയിച്ചാല്‍, മകന്‍ ഉമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകുമെന്ന് ചെയര്‍മാന്‍ ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ശക്തമായി വാദിക്കുന്ന നേതാവാണ് ഉമര്‍ അബ്ദുല്ല. അദ്ദേഹത്തിന്റെ നേതൃത്വം ഈ അവശ്യത്തിന് ഊര്‍ജം പകരും.

#OmarAbdullah #ExitPolls #KashmirPolitics #NCParty #BJP #IndianPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia