റീച്ചിനും ലൈക്കിനും വേണ്ടി നിമിഷപ്രിയയുടെ ജീവൻ പണയം വെക്കുന്നവർ


● റഹീമിനെ രക്ഷിച്ചതുപോലെ നിമിഷയെ രക്ഷിക്കുന്നില്ലെന്ന ചോദ്യങ്ങളുമുണ്ട്.
● നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ആശങ്ക അറിയിച്ചു.
● ഇരയുടെ കുടുംബവുമായുള്ള മധ്യസ്ഥ ചർച്ചകൾ സങ്കീർണ്ണമാകുന്നു.
● മാധ്യമങ്ങളും സോഷ്യൽ മീഡിയ ഇടപെടലുകളും ഒഴിവാക്കണമെന്ന് അഭ്യർത്ഥന.
ഭാമനാവത്ത്
(KVARTHA) യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ മോചനശ്രമങ്ങളെ ചിലരുടെ സ്വാർത്ഥ താൽപര്യങ്ങളും അവിവേകപരമായ സോഷ്യൽ മീഡിയ ഇടപെടലുകളും അസാധ്യമാക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. നിമിഷപ്രിയയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പരസ്പരം ചെളിവാരിയെറിയുന്നതും, അവരുടെ മതം പറഞ്ഞ് അധിക്ഷേപിക്കുന്നതും മനുഷ്യത്വരഹിതമായ പ്രവണതയാണ്.
വിഷയത്തിൽ മനുഷ്യസ്നേഹത്തിലധിഷ്ഠിതമായി ഇടപെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെയും ചാണ്ടി ഉമ്മൻ എം.എൽ.എയെയും അവഹേളിക്കുന്നതും, നിമിഷപ്രിയ തൂക്കുമരത്തിന് അർഹയാണെന്ന് വിധി പ്രസ്താവിക്കുന്ന സോഷ്യൽ മീഡിയ 'ജഡ്ജിമാരും' കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ്. രക്ഷപ്പെടാൻ നേരിയ സാധ്യത നിലനിൽക്കെ, നിമിഷപ്രിയക്ക് കൊലക്കയർ ഉറപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്.
റഹീമിനെ രക്ഷിച്ചതുപോലെ എന്തുകൊണ്ട് നിമിഷപ്രിയയെ രക്ഷിക്കുന്നില്ല എന്ന ചോദ്യങ്ങൾ ഉയർത്തുന്നവരുമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും മതപണ്ഡിതരും എം.എൽ.എയും രംഗത്തിറങ്ങിയപ്പോൾ അതിനെതിരെ കലാപമുണ്ടാക്കുന്ന അവസ്ഥയാണ് കാണുന്നത്. സ്വാമി വിവേകാനന്ദൻ ഈ നാടിനെ ഭ്രാന്താലയമെന്ന് വിളിച്ചത് വെറുതെയല്ല എന്ന് ഓർമ്മിപ്പിക്കുന്ന സാഹചര്യമാണിത്.
നിമിഷപ്രിയയുടെ മോചനശ്രമങ്ങളെ സോഷ്യൽ മീഡിയയിലൂടെയുള്ള ചിലരുടെ വാക്കുകളും പ്രവർത്തനങ്ങളും കൂടുതൽ സങ്കീർണ്ണമാക്കുകയാണെന്ന് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ പ്രതികരിച്ചത് ഗതികെട്ടാണ്. വധശിക്ഷ നീട്ടിവെച്ച ശേഷവും ദിയാധനത്തിന്റെ കാര്യത്തിലും മറ്റും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധി സംഘം ഇരയുടെ കുടുംബാംഗങ്ങളുമായി തുടരുന്ന ചർച്ച സങ്കീർണ്ണമാകുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്.
ഇരയുടെ കുടുംബം ആദരിക്കുന്ന സൂഫി ഗുരുവായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിന്റെ ഇടപെടലുകളെ നിഷേധിച്ചുകൊണ്ടും അവരെ അവഹേളിച്ചുകൊണ്ടും ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ യെമനിൽ പ്രചരിച്ചത് മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറായ കുടുംബത്തിലെ കാരണവർക്കെതിരെ യുവാക്കൾ പ്രതിഷേധം നടത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചെന്നും നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ചിലരുടെ വാക്കുകളും പ്രവർത്തനങ്ങളും നിമിഷയുടെ മോചന ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നത് മലയാളികൾക്ക് തന്നെ അപമാനകരമാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സുഖമമായി നടന്നിരുന്ന മധ്യസ്ഥ ചർച്ചകൾക്കാണ് ഇപ്പോൾ പ്രയാസം നേരിടുന്നത്.
ദയവായി നിമിഷയുടെ ജീവൻ പണയം വെച്ചുകൊണ്ട് ക്രെഡിറ്റിന് വേണ്ടിയുള്ള തർക്കങ്ങളും റേറ്റിംഗ് വർദ്ധിപ്പിക്കാനുള്ള വാർത്തകളും നടത്തരുതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അപേക്ഷിച്ചു. അത്തരം താല്പര്യമുള്ള ആളുകൾക്ക് ദൃശ്യത നൽകാതെ മാറ്റിനിർത്താൻ മാധ്യമ സ്ഥാപനങ്ങൾ തയ്യാറാകണം.
സോഷ്യൽ മീഡിയയിലും മറ്റും നടത്തുന്ന അനാവശ്യമായ ഇടപെടലുകളും സംവാദങ്ങളും ഒഴിവാക്കണമെന്നും മലയാളി സമൂഹത്തോട് പിന്മാറണമെന്നും ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി.
നിമിഷയുടെ വധശിക്ഷ താൽക്കാലികമായി മാറ്റിവെച്ചുള്ള ഉത്തരവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും, ദിയാധനത്തിന്റെ കാര്യത്തിലും മാപ്പ് നൽകുന്ന കാര്യത്തിലും കുടുംബം ഉറപ്പുനൽകുന്നത് വരെ നമ്മുടെ ശ്രമങ്ങൾ പൂർണ്ണമായി വിജയിക്കുന്നില്ലെന്നും ആക്ഷൻ കൗൺസിൽ പറഞ്ഞു. "നമ്മൾ നടത്തുന്ന അനാവശ്യമായ തർക്കങ്ങളുടെ നഷ്ടഫലങ്ങൾ അനുഭവിക്കേണ്ടി വരിക നിമിഷയാണ്.
ദയവായി നിമിഷയുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടുള്ള തർക്കവിവാദങ്ങൾ എല്ലാവരും ഒഴിവാക്കുക. നിമിഷ മോചിതയായി നാട്ടിലെത്തുന്നത് വരെയെങ്കിലും സംയമനം പാലിക്കണം. അഞ്ചുവർഷത്തെ നീണ്ട പ്രയത്നത്തിനൊടുവിൽ നമ്മുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്ന ഈ വേളയിൽ ഉസ്താദിന്റെ ശ്രമങ്ങൾക്ക് നാം ഒരുമിച്ച് പിന്തുണ നൽകണമെന്നും മറ്റെല്ലാ അപസ്വരങ്ങളെയും ഒഴിവാക്കണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുന്നവരോട് അപേക്ഷിക്കുന്നുണ്ട്.
ഇനിയെങ്കിലും ഇത്തരം അഴിഞ്ഞാട്ടങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ നിമിഷപ്രിയയുടെ ജീവൻ നഷ്ടമായേക്കും. റീച്ചിനും ലൈക്കിനും വേണ്ടി സോഷ്യൽ മീഡിയയിലൂടെ എന്തും വിളിച്ചു പറയുന്നവരെ അടക്കി നിർത്താൻ സർക്കാരും പോലീസും തയ്യാറാകണം. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഇനിയും അമാന്തിക്കരുത്.
നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് തടസ്സമാകുന്ന ഇത്തരം സോഷ്യൽ മീഡിയ ഇടപെടലുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Nimisha Priya's release efforts hampered by social media.
#NimishaPriya #Yemen #SaveNimishaPriya #SocialMediaImpact #KeralaNews #HumanitarianAid