കുത്തിതിരുപ്പ് വേണ്ട; കാന്തപുരത്തിനൊപ്പം കേരളം: നിമിഷപ്രിയയുടെ മോചനം ഇനിയും അകലെ


● ബ്ലഡ് മണി നൽകി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല.
● ഹൂതികൾ ഭരിക്കുന്ന യെമനിൽ നയതന്ത്ര ഇടപെടൽ പരിമിതമാണ്.
● ചാണ്ടി ഉമ്മനും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമങ്ങൾ നടത്തുന്നുണ്ട്.
● കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റെ തീരുമാനം നിർണ്ണായകമാണ്.
ഭാമാനാവത്ത്
(KVARTHA) യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ രക്ഷിക്കാനുള്ള അവസാന ശ്രമത്തിലാണ് കേരളം. ഒരു ജീവൻ രക്ഷിക്കാനുള്ള ഈ തീവ്രശ്രമത്തിന് പിന്തുണയുമായി എത്തിയ കാന്തപുരം അബൂബക്കർ മുസ്‍ലിയാരുടെ ഇടപെടൽ പ്രതീക്ഷകൾ ഏറെ നൽകുന്നുണ്ട്.
ഇതിനായി കാന്തപുരവും ചാണ്ടി ഉമ്മൻ എം.എൽ.എയും സംസ്ഥാന സർക്കാരും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും കൈകോർക്കുന്നത് മനുഷ്യത്വത്തെ അടിസ്ഥാനമാക്കിയാണ്. നിമിഷപ്രിയ എന്ന നഴ്സ് യെമൻ പൗരനെ അതിക്രൂരമായി കൊല ചെയ്തുവെന്നത് അക്ഷന്തവ്യമായ തെറ്റാണെന്ന വസ്തുത നിലനിൽക്കുമ്പോഴും, അവരെ തൂക്കുകയറിൽ നിന്ന് രക്ഷിക്കേണ്ടത് ഓരോ മലയാളിയുടെയും വികാരമായി മാറിയിരിക്കുകയാണ്.
ഇന്ത്യാ മഹാരാജ്യത്തിന്റെ കൂട്ടായ ഇടപെടലിന്റെ ഭാഗമായി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ യെമൻ ഭരണകൂടം ഉത്തരവിട്ടുകഴിഞ്ഞു. മരണത്തെ മുഖാമുഖം കണ്ടിരുന്ന നിമിഷപ്രിയയുടെയും അവരുടെ ബന്ധുക്കളുടെയും ജീവിതത്തിൽ നേരിയൊരു പ്രകാശമാണ് കാന്തപുരത്തിന്റെ ഇടപെടലിലൂടെ ഉണ്ടായത്.
കാന്തപുരം നടത്തിയ ഇടപെടൽ വിജയം കാണുമോ ഇല്ലയോ എന്നതൊന്നും വ്യക്തമല്ല. എന്നാൽ താൽക്കാലികമായൊരു വിജയം ഉണ്ടായിരിക്കുന്നുവെന്ന് വ്യക്തം.
നിമിഷപ്രിയയുടെ മോചനത്തിനായി അവരുടെ അമ്മ മുട്ടാത്ത വാതിലുകളില്ല. 2018-ലാണ് നിമിഷപ്രിയയെ യെമൻ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. ജയിലിൽ അടക്കപ്പെട്ടതുമുതൽ മോചനത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും, കൊല്ലപ്പെട്ട തലാലിന്റെ ബന്ധുക്കൾ ശക്തമായ നിലപാടുമായി രംഗത്തെത്തിയതോടെ വിധി പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറായില്ല.
ബിസിനസ് പങ്കാളിയായ തലാൽ അബ്ദുമഹ്ദി എന്ന യെമൻ പൗരനെ 2017-ലാണ് നിമിഷപ്രിയയും കൂട്ടാളിയും ചേർന്ന് കൊലപ്പെടുത്തുന്നത്. മൃതദേഹം ഒളിപ്പിക്കുന്നതിനായി കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചുവെക്കുകയും, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസിന്റെ പിടിയിലാവുകയുമായിരുന്നു.
കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം (ബ്ലഡ് മണി) നൽകി നിമിഷയെ മോചിപ്പിക്കാനുള്ള ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ല. കഴിഞ്ഞ ദിവസമാണ് നിമിഷപ്രിയയെ തൂക്കിലേറ്റാനുള്ള നിർദേശം ഉണ്ടാവുന്നത്. ജൂലൈ 16-ന് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി നിർദേശം. വിധി നടപ്പാക്കാനായി സർക്കാർ ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് നിമിഷപ്രിയ കേസ് വീണ്ടും മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
ഇന്ത്യയുമായി നയതന്ത്രബന്ധങ്ങളില്ലാത്ത യെമനിൽ രാഷ്ട്രീയ ഇടപെടൽ അസാധ്യമായിരുന്ന ഘട്ടത്തിലാണ് മതപണ്ഡിതനായ കാന്തപുരം അബൂബക്കർ മുസ്‍ലിയാരുടെ ഇടപെടൽ ഉണ്ടാവുന്നത്. തന്റെ ദീർഘകാലമായുള്ള സുഹൃത്തും യെമനി സൂഫി ഇസ്ലാമിക് പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹാഫിസിനെ ഇതിനായി കാന്തപുരം ബന്ധപ്പെട്ടു. സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്താൻ മാത്രം ബന്ധമുള്ള പണ്ഡിതനാണ് ഹാഫിസ്.
ഉന്നത ഇടപെടൽ ഉണ്ടായതോടെ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവും മറ്റ് മതപ്രതിനിധികളും, യെമൻ ഭരണകൂടവും യോഗം ചേരുകയും വിഷയം ചർച്ച ചെയ്യുകയുമായിരുന്നു. ഇതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ തൽക്കാലം മാറ്റിവെക്കുന്നതിന് തീരുമാനം ഉണ്ടാകുന്നത്. കാന്തപുരത്തിന് വിധിപ്പകർപ്പ് അധികൃതർ അയച്ചുകൊടുക്കുകയും ചെയ്തു.
മനുഷ്യൻ എന്ന നിലയിലാണ് താൻ നിമിഷപ്രിയയുടെ കേസിൽ ഇടപെട്ടതെന്നായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. കാന്തപുരത്തിന്റെ ഇടപെടൽ ലക്ഷ്യം കണ്ടതോടെ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പ്രമുഖർ രംഗത്തെത്തി. ‘താങ്കളാണ് യഥാർത്ഥ ദൈവദൂതൻ’, ‘മനുഷ്യൻ ദൈവത്തിന്റെ രൂപത്തിൽ എത്തിയിരിക്കുന്നു’ എന്നിങ്ങനെ കാന്തപുരത്തെ അഭിനന്ദിച്ചുള്ള നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
വാർത്താമാധ്യമങ്ങളിലെയും ഇന്നത്തെ താരം കാന്തപുരം തന്നെയാണ്. ഇതിനൊപ്പം ചാണ്ടി ഉമ്മൻ എം.എൽ.എയും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും നിമിഷപ്രിയയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള ആക്ഷൻ കമ്മിറ്റിയും വലിയ ഇടപെടലുകൾ നടത്തിവരുന്നുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഈ കാര്യത്തിൽ ഇടപെടുന്നതിനായി പ്രധാനമന്ത്രിക്ക് പല തവണ കത്തെഴുതിയിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഈ അവസരത്തിൽ സ്മരിക്കേണ്ടതുണ്ട്. നിമിഷപ്രിയയുടെ മോചനത്തിനായി അദ്ദേഹം നടത്തിയ ശ്രമങ്ങൾ ചെറുതല്ല. ഈ ജീവകാരുണ്യ പ്രവർത്തനം തന്നെയാണ് ചാണ്ടി ഉമ്മനും തുടരുന്നത്.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബം കനിഞ്ഞാൽ നിമിഷപ്രിയയുടെ മോചനം സാധ്യമാകും. ഇതിനായുള്ള കൂട്ടായ ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇതിനിടയിൽ ഈ കാര്യത്തിലുള്ള ക്രെഡിറ്റ് ആർക്കാണെന്ന ചർച്ച സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്നുണ്ട്. ഇത്തരം 'കുത്തിത്തിരിപ്പുകൾ' മലയാളികൾക്ക് അഭിമാനം നൽകുന്നതല്ല.
റിയൽ കേരള സ്റ്റോറിയെ താറടിക്കുന്നവർക്ക് പല ദുരുദ്ദേശങ്ങളുമുണ്ട്. നിമിഷപ്രിയ ഇപ്പോഴും തൂക്കുകയറിന് മുൻപിൽ തന്നെയാണ്. അവരെ രക്ഷപ്പെടുത്തുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. ഹൂതികൾ വംശീയ കലാപം നടത്തി അധികാരം പിടിച്ചെടുത്ത രാജ്യമാണ് യെമൻ. അവിടുത്തെ ഭരണകൂടം പേരിന് മാത്രമുള്ളതാണ്.
അതുകൊണ്ട് ഇന്ത്യ രാജ്യത്തിന് നയതന്ത്രബന്ധത്തിലൂടെ ഇടപെടുന്നതിന് പരിമിതിയുണ്ട്. കാന്തപുരത്തിനെപ്പോലുള്ള ലോകത്തെ ഇസ്ലാമിക രാജ്യങ്ങളുമായി ബന്ധമുള്ള മതപണ്ഡിതൻമാർക്കേ നിലവിൽ എന്തെങ്കിലും ചെയ്യാനാകൂ. അതിനായി ഒരേ മനസ്സോടെ പിന്തുണയ്ക്കുകയാണ് മലയാളികൾ ചെയ്യേണ്ടത്.
നിമിഷപ്രിയയുടെ മോചനത്തിനായി നടക്കുന്ന ശ്രമങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Kanthapuram's intervention provides hope for Nimisha Priya's release.
#NimishaPriya #Kerala #Yemen #Kanthapuram #DeathPenalty #HumanitarianAid