Murder Case | നിക്കി യാദവ് കൊലപാതക കേസ്: 2020ൽ വിവാഹം കഴിച്ച ക്ഷേത്രത്തിലേക്ക് സഹീൽ ഗെലോട്ടിനെ കൊണ്ടുപോയി തെളിവെടുത്തു
ന്യൂഡെൽഹി: (www.kvartha.com) പങ്കാളിയെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചെന്ന കേസിൽ പ്രതിയായ സഹീൽ ഗെലോട്ടിനെ ഡെൽഹി പൊലീസ് ഗ്രേറ്റർ നോയിഡയിലെ ആര്യസമാജം ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി തെളിവെടുത്തു. കൊല്ലപ്പെട്ട നിക്കി യാദവും സഹീലും 2020ൽ ഇവിടെ വെച്ച് വിവാഹിതരായെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. ക്ഷേത്ര പൂജാരിയുടെയും വിവാഹസമയത്ത് ഉണ്ടായിരുന്ന സാക്ഷികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
നിക്കി യാദവിനെ കൊലപ്പെടുത്തി സഹീൽ ഗെഹ്‌ലോട്ട്, തെക്ക്-പടിഞ്ഞാറൻ ഡെൽഹിയിലെ തന്റെ ധാബയിൽ ഫ്രിഡ്ജിനുള്ളിൽ മൃതദേഹം സൂക്ഷിക്കുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തുവെന്നാണ് കേസ്. കുറ്റകൃത്യം നടന്ന് നാല് ദിവസത്തിന് ശേഷം ഫെബ്രുവരി 14നാണ് സംഭവം പുറത്തറിയുന്നത്. സഹീലിന്റെ കുടുംബം നിക്കി യാദവുമായുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല. സാഹിലിന്റെയും നിക്കിയുടെയും വിവാഹവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും കണ്ടെടുത്തതായി ഡെല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്. നിക്കിയെ സാഹില്‍ വിവാഹം കഴിച്ച കാര്യം ഇരുവീട്ടുകാർക്കും അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്.
നിക്കി യാദവിനെ ഒഴിവാക്കി മറ്റൊരു യുവതിയുമായി സഹീലിന് ബന്ധുക്കൾ വിവാഹം ആലോചിച്ചു. മറ്റൊരാളെ വിവാഹം കഴിക്കാൻ പോകുന്ന വിവരം സഹീൽ, നിക്കിയെ അറിയിച്ചിരുന്നില്ല. ഇക്കാര്യം നിക്കി അറിഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും, നിക്കിയെ സഹീൽ കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഗെഹ്‌ലോട്ടിനെയും പിതാവിനെയും മറ്റ് നാല് പേരെയും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച നിക്കി യാദവിന്റെ അനുജത്തിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
Keywords: New Delhi, News, National, Arrested, Police, Nikki Yadav case: Sahil Gehlot taken to temple where they solemnised marriage in 2020.