ഇന്ത്യയെ വീണ്ടെടുക്കാന്‍ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റിന്റെ ആകുലതകള്‍: അതെ രാഹുല്‍ നിങ്ങളെന്നും ശരിയായിരുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭാമനാവത്ത്

ന്യൂഡെല്‍ഹി: (www.kvartha.com 03.05.2020) അയാള്‍ പൊട്ടനാണെന്ന് ആര്‍ത്തലച്ച് ഒരു സമൂഹം മുഴുവന്‍ പറയുമ്പോള്‍ പിന്നീടയാള്‍ക്ക് വാക്കുകളുടെ സ്വാതന്ത്രം ഇല്ലാതാവുന്നുവെന്നാണ് അര്‍ത്ഥം. ഇന്ത്യയെ ഉരുക്കിയെടുത്ത് പുതുക്കി പണിയാനുള്ള ശേഷിയുണ്ടായിട്ടും രാഹുല്‍ ചിരിച്ചു തള്ളേണ്ട ഒരു കോമളിയായിട്ടാണ് ഇടതു-വലത് രാഷ്ട്രീയക്കാരും ഭരണത്തിലിരിക്കുന്നവരും ചിത്രീകരിച്ചത്. പപ്പുമോന്‍ എന്ന അയാളെ വി എസ് അച്ചുതാനന്ദന്‍ മുതല്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും നരേന്ദ്ര മോദി വരെ കളിയാക്കി വിളിച്ചു. ഏറ്റവും ചുരുങ്ങിയത് ആധുനിക ഇന്ത്യയുടെ സൃഷ്ടാവായ ഈ രാജ്യത്തിന് വേണ്ടി മരിച്ച അച്ഛന്റെ മകനാണെന്ന പരിഗണനപോലും കൊടുത്തില്ല.

ബിജെപിയും സിപിഎമ്മും കൈകോര്‍ക്കുന്ന ഇടങ്ങളിലൊന്ന് രാഹുലിനെ ഒറ്റതിരിഞ്ഞ് വീഴ്ത്താനായിരുന്നു. ഒരു തയ്യല്‍ക്കാരന് കേരള മുഖ്യമന്ത്രിയാവാമെങ്കില്‍ ഒരു മുന്‍ പ്രധാനമന്ത്രിയുടെ മകന് എന്തുകൊണ്ട് ആയിക്കൂടായെന്ന് കോണ്‍ഗ്രസിലെ ആരും തിരിച്ച് ചോദിച്ചില്ല. പിണറായിയുടെ മകള്‍ക്കെതിരെ ആരോപണമുന്നയിക്കുന്നത് വിലക്കിയവര്‍ എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ മകളെ കുറിച്ച് നിയമസഭയില്‍പ്പോലും അസഭ്യം പറഞ്ഞുവെന്ന ചോദ്യം ബാക്കിയാവുകയാണ്.

മുകുന്ദപുരത്ത് പത്മജ മത്സരിപ്പോള്‍ കേരളത്തിലെ ഒരു മുന്‍ മുഖ്യമന്ത്രിയുടെ മകളാണെന്ന പരിഗണനപോലും നല്‍കാതെ അശ്‌ളീല മാസികയില്‍ വന്ന ലേഖനത്തിന്റെ കോപ്പി വിതരണം ചെയ്യാനുള്ള തിരക്കിലായിരുന്നു ലോനപ്പന്‍ നമ്പാടനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയവര്‍. കഴിവുണ്ടായിട്ടും കെ മുരളീധരന്‍ പാര്‍ട്ടിക്കും പുറത്തും ഇപ്പോഴും കിങ്ങിണിക്കുട്ടനാണ്. തെരുവ് നാടകങ്ങളിലുടെ അപഹസിക്കപ്പെട്ടൊരാള്‍ വടകരയില്‍ മുരളി കരുത്ത് തെളിയിച്ചുവെങ്കിലും അയാള്‍ പറഞ്ഞു പോയ വാക്കുകളെ പിടിച്ച് വേട്ടയാടാന്‍ സൈക്കിളില്‍ പിന്‍തുടരുകയാണ് ചിലര്‍. ഈ സാഹചര്യത്തിലാണ് പപ്പുമോന്‍ എന്ന വാര്‍പ്പു മാതൃക ഇവിടെ പുനഃപരിശോധിക്കപ്പെടേണ്ടി വരുന്നത്.

അവഗണിക്കരുത് രാഹുല്‍ പറയുന്നതും കേള്‍ക്കാം

വയനാടന്‍ എം പി കൂടിയായ രാഹുല്‍ ഗാന്ധിയെ അങ്ങനെ പപ്പു വിളികളിലൂടെ അവഗണിച്ച് നിര്‍ത്താവുന്നതല്ലെന്ന് ഡോ നെല്‍സണ്‍ തോമസിനെപ്പോലുള്ളവര്‍ പറയുന്നത് രാഹുല്‍ ഗാന്ധിയും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും കൊവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ സംവാദം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് നെല്‍സണ്‍ കുറിച്ചത്.

2014ല്‍ കോണ്‍ഗ്രസിന്റെ അന്നത്തെ മുന്നണിപ്പോരാളി രാഹുല്‍ ഗാന്ധിക്ക് ഒരു വിഡ്ഢിയുടെ വേഷം അണിയിച്ച് കൊടുത്ത് അപ്പുറത്ത് മഹാ പ്രതിഭാശാലിയെന്ന രീതിയില്‍ മോഡിയെ അവതരിപ്പിക്കാനായി സൃഷ്ടിച്ചെടുത്ത പേര് പപ്പു. പില്‍ക്കാലത്ത് പലരും സൗകര്യം പോലെ അതെടുത്ത് ഉപയോഗിച്ചുവെന്ന് നെല്‍സണ്‍ പറയുന്നു. അത് വളരെ എളുപ്പമാണ്. അയാള്‍ പറയുന്നതത്രയും മണ്ടത്തരങ്ങളാണെന്ന് മുദ്രയടിച്ചു കഴിഞ്ഞാല്‍പ്പിന്നെ അയാളുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ട, അയാളുടെ ആശയങ്ങളെ അവഗണിച്ച് പുച്ഛിച്ച് തള്ളാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ. നെല്‍സണ്‍ ജോസഫ് എഴുതിയ കുറിപ്പ് വായിക്കാം

പപ്പുമോന്റെ മണ്ടത്തരങ്ങള്‍: 2014ല്‍ കോണ്‍ഗ്രസിന്റെ അന്നത്തെ മുന്നണിപ്പോരാളി രാഹുല്‍ ഗാന്ധിക്ക് ഒരു വിഡ്ഢിയുടെ വേഷം അണിയിച്ച് കൊടുത്ത് അപ്പുറത്ത് മഹാ പ്രതിഭാശാലിയെന്ന രീതിയില്‍ മോഡിയെ അവതരിപ്പിക്കാനായി സൃഷ്ടിച്ചെടുത്ത പേര്. പപ്പു.. പില്‍ക്കാലത്ത് പലരും സൗകര്യം പോലെ അതെടുത്ത് ഉപയോഗിച്ചു. അത് വളരെ എളുപ്പമാണ്. അയാള്‍ പറയുന്നതത്രയും മണ്ടത്തരങ്ങളാണെന്ന് മുദ്രയടിച്ചു കഴിഞ്ഞാല്‍പ്പിന്നെ അയാളുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ട.. അയാളുടെ ആശയങ്ങളെ അവഗണിച്ച് പുച്ഛിച്ച് തള്ളാം.

ഫെബ്രുവരിയില്‍ അയാളുടെ ട്വീറ്റുണ്ടായിരുന്നു. കൊറോണ വൈറസ് നമ്മുടെ ജനങ്ങള്‍ക്കും സമ്പദ് വ്യവസ്ഥയ്ക്കും അതീവ ഗുരുതരമായ ഭീഷണിയാണ്. അതിനെ സര്‍ക്കാര്‍ ഗൗരവമായെടുക്കുന്നില്ല എന്നാണ് തോന്നല്‍ എന്ന്. പപ്പുവിന്റെ ജല്പനമായി അത് പുച്ഛിച്ച് തള്ളപ്പെട്ടു. കാരണം ഫെബ്രുവരി 24ന് നമസ്തേ ട്രമ്പ് നടക്കണമായിരുന്നു ലക്ഷങ്ങളെ ഒന്നിച്ചിരുത്തി. അതുകഴിഞ്ഞ് ഒന്നിലധികം തവണ ടെസ്റ്റുകളെയും ടെസ്റ്റിങ്ങ് കിറ്റുകളെയും തൊഴിലാളികളെയും കുറിച്ച് അയാള്‍ സംസാരിച്ചു. വയനാടിന് മാത്രമല്ല, തന്നെ തോല്പിച്ച അമേഠിയിലേക്കും സാധനങ്ങളെത്തിച്ചു.

കടമെടുത്ത് തിരിച്ചടയ്ക്കാത്ത അന്‍പത് പേര്‍ എത്രയാണ് കൊടുക്കാനുള്ളതെന്ന വാസ്തവം... അത് പുറത്തെത്തിച്ചു.. അങ്ങനെ എത്രയെത്ര ഇടപെടലുകള്‍.. രാഹുല്‍ ഗാന്ധിയും രഘുറാം രാജനും തമ്മിലുള്ള സംഭാഷണം കണ്ടിട്ട് എനിക്ക് ഒരു അദ്ഭുതവും തോന്നിയില്ല. 2019 തിരഞ്ഞെടുപ്പ് സമയത്ത് അയാള്‍ പറഞ്ഞ, ഇലക്ഷനു വേണ്ടിയുളള നമ്പരെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ അതേ ആശയങ്ങള്‍. ബഹളങ്ങളും ഗിമ്മിക്കുകളുമില്ലാതെ അവര്‍ ചര്‍ച്ച ചെയ്തതിന്റെ ചുരുക്കം ഇതാണ്.

ഏത് ക്രമത്തിലാണ് സാമ്പത്തിക മേഖല പ്രവര്‍ത്തിച്ച് തുടങ്ങേണ്ടതെന്ന്. തൊഴിലിടങ്ങളില്‍ മാത്രമല്ല, അങ്ങോട്ടേക്കുള്ള യാത്രയിലും സാമൂഹ്യ അകലം പാലിക്കേണ്ടതിനെക്കുറിച്ച്. അത് മാത്രമല്ല, പുതിയ കേസുകള്‍ ഉണ്ടായാല്‍ അതെങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ച്. പരിമിതങ്ങളായ വിഭവങ്ങള്‍ ഉപയോഗിച്ച് ടെസ്റ്റുകള്‍ നടത്തേണ്ടതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് ദിവസം ലക്ഷക്കണക്കിനു ടെസ്റ്റുകള്‍ നടത്തേണ്ടിവരാം. അത് പക്ഷേ ഇന്ത്യയുടെ അവസ്ഥയില്‍ സാധിക്കണമെന്നില്ല. അത് മറികടക്കാനുള്ള വഴികള്‍ തേടുന്നതിനെക്കുറിച്ച് രഘുറാം രാജന്‍ പറയുന്നു.

സമ്പദ് വ്യവസ്ഥയില്‍ വരാനിടയുള്ള ആഘാതങ്ങളെക്കുറിച്ചും അതുണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും. അത് മാത്രമല്ല, ഇക്കാലത്ത് ജോലി ഇല്ലാതെയായ മൈഗ്രന്റ് വര്‍ക്കേഴ്സിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. അവര്‍ക്ക് അടുത്ത 4-5 മാസത്തേക്കെങ്കിലും നേരിട്ട് പണമെത്തിക്കുന്നതിനെക്കുറിച്ച്. ലോക്ക് ഡൗണ്‍ സമയത്ത് അവര്‍ തെരുവില്‍ ജോലി തേടി അലയാന്‍ ഇടവരരുത് എന്നതിനെക്കുറിച്ച്. പാവങ്ങള്‍ക്കായി എത്ര കോടി രൂപ വേണ്ടിവരുമെന്ന് ചോദിക്കുന്നുണ്ട് രാഹുല്‍. രഘുറാം രാജന്റെ മറുപടി 65,000 കോടി രൂപ എന്നാണ്.

കഴിഞ്ഞ ദിവസം പുറത്ത് വന്ന 68,000 കോടിയുടെ കണക്ക് അറിയാതെ ഓര്‍മിച്ചുപോയി. വെറും അന്‍പത് പേര്‍ തിരിച്ചടയ്ക്കാതിരുന്ന ലോണിന്റെ കണക്ക്.. നമ്മുടെ ജിഡിപി 200 ലക്ഷം കോടിയുടേതാണ്. 68,000 കോടി ഒന്നുമല്ല എന്ന് രഘുറാം രാജന്‍ പറയുന്നുണ്ട്. ലോകം കൊവിഡിനു ശേഷം തിരിച്ചുവരുമ്പൊ ലോക സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള അവസരം ഇന്ത്യയ്ക്ക് നേടിയെടുക്കാന്‍ കഴിയുന്നതിനെക്കുറിച്ച് അവര്‍ സംസാരിക്കുന്നുണ്ട്. അധികാരം ഒരു വ്യക്തിയിലും ഒരു സംവിധാനത്തിലും കേന്ദ്രീകൃതമാവുന്നതിനെക്കുറിച്ചാണ് രാഹുലിന്റെ ചോദ്യം.

അധികാര വികേന്ദ്രീകരണം ജനത്തിനു കൂടുതല്‍ കരുത്ത് നല്‍കുന്നു. പക്ഷേ ലോകത്ത് അത് കുറഞ്ഞ് വരികയാണ്. രാജന്‍ രാഹുലിനോട് തിരിച്ചൊരു ചോദ്യം ചോദിക്കുന്നുണ്ട് അപ്പൊ...രാജീവ് ഗാന്ധി കൊണ്ടുവന്ന പഞ്ചായത്തി രാജെന്ന ആശയത്തെക്കുറിച്ച്. പഞ്ചായത്തി രാജില്‍ നിന്ന് ഇപ്പൊ പതിയെ പിന്നോക്കം പോയിക്കൊണ്ടിരിക്കുകയാണ്, ബ്യൂറോക്രാറ്റുകളിലേക്ക് ഒതുങ്ങുകയാണെന്ന് രാഹുല്‍ പറയുന്നു. സൗത്ത് ഇന്‍ഡ്യന്‍ സ്റ്റേറ്റുകള്‍ക്ക് കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്നത് അധികാരം ജനങ്ങളിലേക്ക് കേന്ദ്രീകൃതമായിരിക്കുന്നതുകൊണ്ടാണെന്ന് രാഹുല്‍ തുറന്ന് പറയുന്നുണ്ട്.

എല്ലായിടവും ഒരേപോലെയാവണം നിയമങ്ങളെന്ന് കരുതുന്ന ഗ്ലോബല്‍ മാര്‍ക്കറ്റാണ് അതിന് ഒരു കാരണമെന്ന് രാജന്‍ കൂട്ടിച്ചേര്‍ക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കുമ്പൊ അധികാരം പിടിച്ചുവയ്ക്കാനുള്ള ത്വര കാണിക്കുന്ന സംവിധാനങ്ങള്‍. പണം നല്‍കണമെങ്കില്‍ നിങ്ങള്‍ കുറച്ച് നിയമങ്ങള്‍ അനുസരിച്ചേ പറ്റൂ..അതല്ല, ഞാന്‍ പണം നല്‍കും, ചോദ്യങ്ങള്‍ ചോദിക്കില്ല, കാരണം നിങ്ങളും തിരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെയാണ് എന്നല്ല ചിന്തിക്കുന്നത്.

വെറുപ്പിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരു വലിയ പ്രശ്നമുണ്ടാക്കുന്നുവെന്ന രാഹുലിന്റെ വാചകം സാമൂഹ്യ ഐക്യം ഒരു പൊതു നന്മയാണെന്ന് പറഞ്ഞുകൊണ്ട് രാജന്‍ പൂര്‍ത്തിയാക്കുന്നുണ്ട്. സിസ്റ്റത്തിലുള്ള വിശ്വാസക്കുറവ്, അടുത്തത് എന്ത് സംഭവിക്കുമെന്ന ഉറപ്പില്ലാത്തത് ഒരു വലിയ പ്രശ്നമായി രാഹുല്‍ ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മയെക്കുറിച്ചാണ് അടുത്തത്. വലിയ തോതിലുള്ള തൊഴില്‍ നഷ്ടം നികത്താനായി രാജന്‍ പറയുന്നത് പരിമിതമായ നിരക്കിലെങ്കിലും സാമ്പത്തിക മേഖല പ്രവര്‍ത്തിച്ചു തുടങ്ങുന്നതിനെക്കുറിച്ചാണ്.

അതിനു ശേഷം രഘുറാം രാജന്‍ രാഹുല്‍ ഗാന്ധിയോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്.. അമേരിക്കയിലും യൂറോപ്പിലും റിയാലിറ്റി അടിസ്ഥാനമാക്കി പല നടപടികളുമുണ്ടാവുന്നത് കാണുന്നു. ഇന്ത്യയെക്കുറിച്ച് എന്താണഭിപ്രായമെന്ന്.. അതിനു രാഹുല്‍ പറയുന്ന മറുപടി അയാള്‍ക്ക് ഇന്ത്യയെക്കുറിച്ചുള്ള വീക്ഷണം വ്യക്തമാക്കുന്നുണ്ട്.. ' പ്രശ്നങ്ങളുടെ വലിപ്പം ഒരു വലിയ പ്രശ്നമാണ്.. അസമത്വം... അസമത്വത്തിന്റെ സ്വഭാവം.. ജാതിവ്യവസ്ഥ പോലെയുള്ള കാര്യങ്ങള്‍... ഇന്ത്യയുടെ സാമൂഹ്യക്രമം മറ്റുള്ളതില്‍ നിന്ന് വ്യത്യസ്തമാണ്.. ഇന്ത്യയെ പിന്നോട്ട് വലിക്കുന്ന പല കാര്യങ്ങളും ആഴത്തില്‍ മറഞ്ഞിരിക്കുന്നതുമാണ്. സാമൂഹ്യമായ മാറ്റം ഒരുപാടുണ്ടാവേണ്ടതുണ്ട്.

പല സംസ്ഥാനങ്ങളിലും ഈ പ്രശ്നങ്ങള്‍ പലതുമാണ്. തമിഴ്നാടിന്റെ സംസ്‌കാരവും ഭാഷയുമെല്ലാം ഉത്തര്‍പ്രദേശിന്റേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. എല്ലാറ്റിനും ഒരൊറ്റ മോഡല്‍, ഒരൊറ്റ പരിഹാരം നടപ്പിലാക്കാനാവില്ല. ഇന്ത്യയിലെ ഭരണത്തിന്റെ ആശയം എപ്പോഴും നിയന്ത്രണത്തിന്റേതാണ്. എന്നെ എപ്പോഴും അസ്വസ്ഥതപ്പെടുത്തുന്നത് അസമത്വത്തിന്റെ വലിപ്പമാണ്. ഇന്ത്യയില്‍ കാണുന്നത്ര അസമത്വം അമേരിക്കയില്‍ കാണാന്‍ കഴിഞ്ഞേക്കില്ല. ഞാന്‍ ശ്രദ്ധിക്കുന്നത് അതെങ്ങനെ കുറയ്ക്കാമെന്നാണ്.

ഒരു ലളിതമായ പരിഹാരം ഗാന്ധിജി പറഞ്ഞതുപോലെ വരിയുടെ ഏറ്റവും അവസാനം ചെന്ന് നോക്കുക എന്നതാണ്. ഇന്ത്യ അതിന്റെ പാവപ്പെട്ടവരോട് പെരുമാറുന്നതും പണക്കാരോട് പെരുമാറുന്നതും രണ്ട് വ്യത്യസ്ത രീതികളിലാണ് ' രണ്ട് ഇന്ത്യകള്‍.. ഇതുതന്നെയാണ് അയാള്‍ അന്നും പറഞ്ഞിരുന്നത്.. രാഹുല്‍ ഗാന്ധി.. നിങ്ങള്‍ക്കയാളെ പരിഹസിക്കാം. പുച്ഛിച്ചുതള്ളാം. അയാളെ കണ്ടില്ലെന്ന് നടിക്കാം. കണ്ണിറുക്കിയടച്ചിട്ട് അയാളെവിടെയെന്ന് ചോദിക്കാം. സത്യം അപ്പൊഴും അയാളുടെ നിലപാടുകളുടെ രൂപത്തില്‍ നിങ്ങളെ ആലിംഗനം ചെയ്യുന്നുണ്ടാവും''.

ഇന്ത്യയെ വീണ്ടെടുക്കാന്‍ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റിന്റെ ആകുലതകള്‍: അതെ രാഹുല്‍ നിങ്ങളെന്നും ശരിയായിരുന്നു

Keywords:  New Delhi, News, National, Rahul Gandhi, Nehruvian socialist, Nehruvian socialist anxieties for India's recovery
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script