Mullaperiyar Dam | മുല്ലപ്പെരിയാര്‍ അണക്കെട്ട്; കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച നിര്‍ണായക യോഗം മാറ്റിവെച്ചു
*കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
*പഠനത്തിന് കേരളത്തിനെ അനുവദിക്കരുതെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.
*പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍.
ന്യൂഡെല്‍ഹി: (KVARTHA) മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുന്നതിന്റെ പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം കേന്ദ്രം മാറ്റിവെച്ചു. ചൊവ്വാഴ്ച (28.05.2024) ഡെല്‍ഹിയില്‍ നടക്കാനിരുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണ് മാറ്റിയത്. അതേസമയം, യോഗം മാറ്റിയതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുന്നതിനിടെയാണ് യോഗം തീരുമാനിച്ചത്. പഠനത്തിന് കേരളത്തിനെ അനുവദിക്കരുതെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.
പഴയത് പൊളിച്ചുനീക്കി പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ച് നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി (റിവര്‍വാലി ആന്‍ഡ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്സ്) യോഗം പരിഗണിക്കുമെന്നായിരുന്നു സൂചന. പുതിയ അണക്കെട്ട് സംബന്ധിച്ച് ജനുവരിയില്‍ കേരളം സമര്‍പിച്ച പദ്ധതി പരിസ്ഥിതി മന്ത്രാലയം വിദഗ്ധ വിലയിരുത്തല്‍ സമിതിക്ക് വിടുകയായിരുന്നു.
അതിനിടെ തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകള്‍, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പെരിയാര്‍ വൈഗ ഇറിഗേഷന്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കേരള - തമിഴ്‌നാട് അതിര്‍ത്തിയിലെ കുമളിക്ക് സമീപം ലോവര്‍ കാംപില്‍ കര്‍ഷകര്‍ മാര്‍ച് നടത്തി. എന്നാല്‍ മുല്ലപ്പെരിയാറിന്റെ ശില്പിയായ ജോണ്‍ പെന്നി ക്വക്കിന്റെ സ്മാരകത്തിന് മുമ്പില്‍വെച്ച് പൊലീസ് മാര്‍ച് തടഞ്ഞു.
തമിഴ്‌നാടിന് ആവശ്യമായ വെള്ളം നല്‍കിക്കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് കേരളസര്‍കാരിന്റെ തീരുമാനം. ഇതിനെതിരെയാണ് തമിഴ്‌നാട്ടിലെ ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.
നൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ അണക്കെട്ടിന്റെ അപകടാവസ്ഥയും അതിശക്തമായ മഴയും അണക്കെട്ടിന്റെ താഴ്ഭാഗത്ത് താമസിക്കുന്ന ആയിരക്കണക്കിനാളുകളുടെ സുരക്ഷയുമാണ് കേരളം പ്രധാനമായും ഉന്നയിക്കുന്നത്. സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്തിട്ടുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വ് സോണിലാണ് (പിടിആര്‍) പുതിയ അണക്കെട്ട് നിര്‍മിക്കുക.