Attacked | കോയമ്പത്തൂരില്‍ മലയാളി യാത്രക്കാര്‍ക്കുനേരെ മുഖം മൂടി സംഘത്തിന്റെ ആക്രമണം; കാര്‍ അടിച്ച് തകര്‍ത്ത് കവര്‍ചയ്ക്കും ശ്രമം'; സൈനികന്‍ അടക്കം 4 പേര്‍ അറസ്റ്റില്‍


ആക്രമണത്തിനിരയായത് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാള്‍സ് റജിയും രണ്ട് സഹപ്രവര്‍ത്തകരും
കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ ആന്‍ഡ് ടി ബൈപ്പാസിന് സമീപമായിരുന്നു ആക്രമണം
ബംഗ്ലൂരില്‍ നിന്ന് കംപനിയിലേക്കുള്ള കംപ്യൂടറുകള്‍ വാങ്ങിയ ശേഷം മടങ്ങുകയായിരുന്നു സംഘം
ചെന്നൈ: (KVARTHA) ദേശീയപാതയില്‍ മലയാളി യാത്രക്കാര്‍ക്കുനേരെ മുഖം മൂടി സംഘത്തിന്റെ ആക്രമണമെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് സൈനികന്‍ അടക്കം നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. മൂന്ന് കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കാര്‍ അടിച്ചു തകര്‍ത്ത് കവര്‍ചയ്ക്ക് ശ്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. വെള്ളിയാഴ്ച പുലര്‍ചെ രണ്ടരയോടെയാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാള്‍സ് റജിയും രണ്ട് സഹപ്രവര്‍ത്തകരുമാണ് ആക്രമണത്തിനിരയായത്. കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ ആന്‍ഡ് ടി ബൈപ്പാസിന് സമീപമായിരുന്നു ആക്രമണം.
ബംഗ്ലൂരില്‍ നിന്ന് കംപനിയിലേക്കുള്ള കംപ്യൂടറുകള്‍ വാങ്ങിയ ശേഷം മടങ്ങുകയായിരുന്നു യുവാക്കള്‍. റെഡ് സിഗ്‌നലില്‍ വാഹനം നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം. അക്രമികള്‍ ഉപദ്രവിച്ചെങ്കിലും അതിവേഗം കാറോടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് യുവാക്കളുടെ മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് ചെക് പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലുമെത്തി പരാതി നല്‍കുകയായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ് കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശിവദാസ് (29), രമേഷ് ബാബു (27), വിഷ്ണു (28), അജയ് കുമാര്‍ (24) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം പാലക്കാട് നിന്നാണ് ഇവര്‍ അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഉള്‍പെട്ട മറ്റു പ്രതികള്‍ ഒളിവിലാണ്.
പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്റില്‍ സൈനികനാണ്. ജൂണ്‍ നാലിന് അവധിക്ക് നാട്ടില്‍ വന്നശേഷം ഇയാള്‍ തിരിച്ചുപോയിട്ടില്ല. അതിനിടെയാണ് സംഘത്തിനൊപ്പം ചേര്‍ന്ന് കവര്‍ചയ്ക്കിറങ്ങിയത്. കുഴല്‍പ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. കെഎല്‍47D6036, KL42S3960 എന്നീ നമ്പറുകളിലുള്ള രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം കുന്നത്തുനാട് പൊലീസ് സ്റ്റേഷനില്‍ പരാതിയും ആക്രമണത്തിന്റെ വീഡിയോയുമായി ചെന്നിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്ന് യുവാക്കള്‍ ആരോപിച്ചു. വീഡിയോ നോക്കാന്‍ പോലും പൊലീസ് തയാറായില്ലെന്നും തമിഴ്‌നാട് പൊലീസിനെ അറിയിച്ചിട്ടുണ്ടല്ലോ പിന്നെ ഞങ്ങള്‍ നോക്കേണ്ട കാര്യമില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞതെന്നും യുവാക്കള്‍ പറഞ്ഞു. വാഹനം ഇപ്പോഴും തമിഴ് നാട്ടിലാണുള്ളത്.