Accident | ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി മുകളിലേക്ക് ഉയര്‍ന്നു; ചുമരില്‍ ചെന്നിടിച്ച് 52 കാരന് ദാരുണാന്ത്യം
● ലിഫ്റ്റിലുണ്ടായിരുന്ന സ്ത്രീ കുഴഞ്ഞുവീണു.
● കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്തു.
● കെട്ടിട ഉടമയെയും മെയിന്റനന്‍സ് മാനേജറെയും ചോദ്യം ചെയ്യും.
ബംഗളുരു: (KVARTHA) ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി മുകളിലേക്ക് ഉയര്‍ന്ന 52 കാരന്‍ ചുമരില്‍ ചെന്നിടിച്ച് മരച്ചു. ചൊവ്വാഴ്ച ബംഗളുരുവിലെ റിച്ച്മണ്ട് റോഡിലെ എച്ച്‌ജെഎസ് ചേംബേഴ്‌സിലാണ് അപകടമുണ്ടായത്. എംപി സ്വര്‍ണ മഹല്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ലക്ഷ്മണ്‍ എന്നയാളാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം സംഭവിച്ചത്. കെട്ടിടത്തിലെ താഴത്തെ നിലയില്‍ നിന്ന് ഒന്നാം നിലയിലേക്ക് പോവുകയായിരുന്നു ലക്ഷ്മണ്‍. ആദ്യം ഒരു സ്ത്രീയും പുരുഷനും ലിഫ്റ്റിലുണ്ടായിരുന്നു. ഡോറുകള്‍ അടയാന്‍ തുടങ്ങവെയാണ് ലക്ഷ്മണ്‍ അകത്തേക്ക് കയറിയത്. എന്നാല്‍ ഡോര്‍ പാതി അടഞ്ഞ നിലയില്‍ തന്നെ ലിഫ്റ്റ് മുകളിലേക്ക് ഉയരാന്‍ തുടങ്ങി. ഡോറുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ലക്ഷ്മണിന്റെ ശരീരത്തിന്റെ പകുതി ഭാഗം ലിഫ്റ്റിനകത്തും ബാക്കി പകുതി പുറത്തുമായിരുന്നു. നിലവിളിക്കാന്‍ തുടങ്ങിയപ്പോഴേക്കും ലിഫ്റ്റ് ഉയര്‍ന്ന് മുകളിലെ ഷാഫ്റ്റ് ഭിത്തിക്കിടയില്‍ അദ്ദേഹം ഞെരിഞ്ഞമരുകയായിരുന്നു.
ഈസമയം, ലിഫ്റ്റിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഭയന്ന് നിലവിളിച്ചു. ഇവരുടെ ശബ്ദം കേട്ടാണ് മറ്റുള്ളവര്‍ ഓടിയെത്തിയത്. അഗ്‌നിശമന സേനയും തൊട്ടടുത്ത ആശുപത്രിയില്‍ നിന്നുള്ള ഡോക്ടറുമൊക്കെ സ്ഥലത്തെത്തുകയും ലിഫ്റ്റിനകത്തുള്ളവരുമായി സംസാരിക്കാന്‍ ശ്രമിക്കുകയും ഓക്‌സിജന്‍ നല്‍കുകയും ചെയ്തു. അകത്തുണ്ടായിരുന്ന സ്ത്രീ ഇതിനോടകം കുഴഞ്ഞുവീണിരുന്നു.
ഒന്നാം നിലയില്‍ ലിഫ്റ്റ് നിന്നെങ്കിലും ഡോറുകള്‍ ജാമായിരുന്നതിനാല്‍ തുറക്കാന്‍ സാധിച്ചിരുന്നില്ല. ഗ്യാസ് വെല്‍ഡര്‍ ഉപയോഗിച്ച് ഏകദേശം ഒരു മണിക്കൂറോളം സമയമെടുത്താണ് അഗ്‌നിശമന സേനാ അംഗങ്ങള്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നത്. പിന്നാലെ ലക്ഷ്മണിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു.
പശ്ചിമ ബംഗാള്‍ സ്വദേശിയായ ലക്ഷ്മണ്‍ കഴിഞ്ഞ 26 വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംഭവത്തില്‍ അദ്ദേഹത്തിന്റെ കുടുംബം നല്‍കിയ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും പ്രതി ചേര്‍ത്തിട്ടില്ല. കെട്ടിട ഉടമയെയും മെയിന്റനന്‍സ് മാനേജറെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
#elevatoraccident #bengaluru #safety #accident #india #tragedy #liftmalfunction