Obituary | ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി മരിച്ചതായി പൊലീസ്
● സംഭവത്തിന്റെ കാരണം പൊലീസ് അന്വേഷിക്കുന്നു.
മുംബൈ: (KVARTHA) ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനിൽ അറോറ മുംബൈയിലെ ബാന്ദ്രയിലുള്ള തന്റെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മലൈകയുടെ മുൻഭർത്താവ് അർബാസ് ഖാൻ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ വസതിയിൽ എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.
മഹാരാഷ്ട്രയിലെ താനെയിലാണ് മലൈക അറോറ ജനിച്ചത്. 11 വയസുള്ളപ്പോൾ അവരുടെ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് അമ്മയ്ക്കും സഹോദരി അമൃത അറോറയ്ക്കും ഒപ്പം ചെംബൂരിലേക്ക് താമസം മാറുകയായിരുന്നു. അമ്മ ജോയ്സ് മലയാളിയാണ്. അനിൽ അറോറ പഞ്ചാബ് സ്വദേശിയാണ്. ഇദ്ദേഹം ഇന്ത്യൻ മെർച്ചന്റ് നേവിയിൽ ജോലി ചെയ്തിരുന്നു.
സംഭവത്തിൽ കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറങ്ങിയിട്ടില്ല. മലൈകയുടെ അമ്മ ജോയ്സ് പൊലീസിന് നൽകിയ മൊഴി പ്രകാരം, അനിൽ അറോറ ദിവസവും ബാൽക്കണിയിൽ ഇരുന്ന് പത്രം വായിക്കുന്നത് പതിവായിരുന്നു.
വിവാഹമോചനത്തിന് ശേഷം ഇരുവരും വീണ്ടും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിരുന്നു. സംഭവ ദിവസം രാവിലെ അനിലിനെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ അദ്ദേഹത്തെ താഴെ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. അനിൽ അറോറയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.
#MalaikaArora #AnilArora #Bollywood #Suicide #Mumbai #RIP