Ajay Banga | ലോകബാങ്കിന്റെ തലപ്പത്തേക്ക് ഇന്‍ഡ്യന്‍ വംശജനായ ഒരാള്‍ എത്തുന്നത് ഇതാദ്യം; അജയ് ബംഗ പ്രസിഡന്റായി ജൂണ്‍ 2ന് ചുമതലയേല്‍ക്കും
May 4, 2023, 08:06 IST
ന്യൂഡെല്‍ഹി: (www.kvartha.com) ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റായി ഇന്‍ഡ്യന്‍ വംശജനായ അജയ് ബംഗ ജൂണ്‍ രണ്ടിന് ചുമതലയേല്‍ക്കും. ആദ്യമായാണ് ഇന്‍ഡ്യന്‍ വംശജനായ ഒരാള്‍ ലോകബാങ്കിന്റെ തലപ്പത്തേക്ക് എത്തുന്നത്. ബുധനാഴ്ച ചേര്‍ന്ന 25 അംഗ എക്സിക്യൂടീവ് ബോര്‍ഡിലാണ് തീരുമാനം. ലോകബാങ്ക് ബോര്‍ഡ് അംഗങ്ങള്‍ തിങ്കളാഴ്ച നാല് മണിക്കൂര്‍ ബംഗയുമായി അഭിമുഖം നടത്തിയതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നത്.
എതിരാളികള്‍ ആരുമില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് വര്‍ഷമാണ് കാലാവധി. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തനായ വ്യക്തി ആണെന്ന് പറഞ്ഞുകൊണ്ട് അമേരികന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ബംഗയെ ലോകബാങ്ക് പ്രസിഡന്റായി നിര്‍ദേശിച്ചത്. പിന്തുണ അറിയിച്ച് തുറന്ന കത്തില്‍, 55 അഭിഭാഷകര്‍, അകാഡമിക് വിദഗ്ധര്‍, എക്‌സിക്യൂടീവുകള്‍, വെറ്ററന്‍സ്, മുന്‍ സര്‍കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശത്തെ പിന്തുണച്ചു.
ലോകബാങ്കിന്റെ നിലവിലെ പ്രസിഡന്റായ ഡേവിഡ് മാല്‍പാസ് ഒരു വര്‍ഷം മുമ്പാണ് സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം വ്യവസായിയും മാസ്റ്റര്‍ കാര്‍ഡിന്റെ മുന്‍ സിഇഒയുമാണ് 63കാരനായ അജയ് ബംഗ. പൂനെയില്‍ ജനിച്ച ബംഗ എഴുപതുകളില്‍ ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അച്ഛന്‍ പട്ടാളത്തില്‍ ഉദ്യോഗസ്ഥനായിരുന്നു.
ഡെല്‍ഹി യൂനിവേഴ്സിറ്റിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നാണ് സിംഗ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്. സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ ബംഗയ്ക്ക് വൈദഗ്ധ്യമുണ്ട്. ബംഗ അമേരിക്കന്‍ റെഡ് ക്രോസ്, ക്രാഫ്റ്റ് ഫുഡ്‌സ്, ഡൗ ഇന്‍ക് എന്നിവയുടെ ബോര്‍ഡുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2016ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനൊപ്പം പാര്‍ട്ണര്‍ഷിപ് ഫോര്‍ സെന്‍ട്രല്‍ അമേരികയുടെ കോ-ചെയര്‍ ആയി അജയ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ത്രിരാഷ്ട്ര കമീഷനിലും അംഗമാണ്. അജയ് യുഎസ്-ഇന്‍ഡ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് ഫാറത്തിന്റെ സ്ഥാപക ട്രസ്റ്റിയും യുണൈറ്റഡ് സ്റ്റേറ്റ്‌സ്-ചൈന റിലേഷന്‍സ് ദേശീയ സമിതി അംഗവുമാണ്. അമേരികന്‍-ഇന്‍ഡ്യ ഫൗന്‍ഡേഷന്റെ ചെയര്‍മാന്‍ എമിരിറ്റസ് കൂടിയാണ് അജയ് ബംഗ.
Keywords: New Delhi, News, National, World, World Bank, President, Ajay Banga, Indian-Origin, World Bank President, Indian-origin Ajay Banga confirmed as next World Bank president.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.