വ്യോമയാന വിദഗ്ധരുടെ മുന്നറിയിപ്പ്; പാക് സമ്പദ്‌വ്യവസ്ഥ കൂടുതൽ ദുർബലമാകും


● ഗിൽജിത്, സ്കാർദുവിലേക്കും സർവീസ് നിർത്തി.
● യാത്രാസമയം, ചെലവ് വർധിച്ചു.
● ചൈന, ശ്രീലങ്ക വഴി പോകേണ്ടി വരും.
● പാക് സമ്പദ്‌വ്യവസ്ഥക്ക് ഇത് ദോഷകരം.
● സുരക്ഷാ കാരണങ്ങളാൽ നടപടിയെന്ന് റിപ്പോർട്ട്.
ന്യൂഡെല്‍ഹി: (KVARTHA) ഇന്ത്യ ഏത് നിമിഷവും തിരിച്ചടി നല്‍കിയേക്കുമെന്നുള്ള ശക്തമായ അഭ്യൂഹങ്ങള്‍ക്കിടെ, പാക് അധീന കശ്മീരിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ച് പാകിസ്ഥാന്‍. പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തി അടച്ചതിനു പിന്നാലെയാണ് ഈ നടപടി. ഗില്‍ജിത്, സ്‌കാര്‍ദു, പാക് അധീന കശ്മീരിലെ മറ്റ് വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് സുരക്ഷാ കാരണങ്ങളാല്‍ നിര്‍ത്തിവച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കറാച്ചിയില്‍ നിന്നും ലാഹോറില്‍ നിന്നും സ്‌കാര്‍ദുവിലേക്കുള്ള രണ്ട് ഫ്‌ലൈറ്റുകളും പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് റദ്ദാക്കിയതായി ഉര്‍ദു മാധ്യമമായ ജങ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമാബാദില്‍ നിന്നും സ്‌കാര്‍ദുവിലേക്കുള്ള രണ്ട് ഫ്‌ലൈറ്റുകളും ഗില്‍ജിതിലേക്കുള്ള നാല് ഫ്‌ലൈറ്റുകളും ബുധനാഴ്ച റദ്ദാക്കിയെന്നും വ്യോമയാന വകുപ്പിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുമായുള്ള ബന്ധം വഷളായതിന് പിന്നാലെ അതീവ ശ്രദ്ധയോടെയാണ് വിമാനക്കമ്പനി സര്‍വീസ് നടത്തുന്നതെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രവും റിപ്പോര്‍ട്ട് ചെയ്യുന്നു. 'സുരക്ഷാ കാരണങ്ങളാല്‍ ഗില്‍ജിത്, സ്‌കാര്‍ഡു എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രാവിമാനങ്ങളും ബുധനാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിയതായി അറിയിക്കുന്നു' എന്നാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.
ഇന്ത്യന്‍ തിരിച്ചടി ഭയന്ന് കഴിഞ്ഞ ഞായറാഴ്ച മുതല്‍ പാകിസ്ഥാന്‍ എയര്‍ലൈന്‍സ് ഇന്ത്യന്‍ വ്യോമപാത ഒഴിവാക്കിയാണ് സര്‍വീസ് നടത്തി വരുന്നത്. തായ്‌ലന്‍ഡ്, ക്വാലാലംപൂര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസിന് ഇതോടെ സമയവും യാത്രാച്ചെലവും വര്‍ധിച്ചു. ഇന്ത്യന്‍ ആകാശത്തിന് മുകളിലൂടെ പരമാവധി അഞ്ചുമണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചിരുന്ന പാക് വിമാനങ്ങള്‍ നിലവില്‍ ചൈന, മ്യാന്‍മര്‍ വഴിയാണ് ക്വാലാലംപൂരില്‍ എത്തുന്നത്. ഇതിനായി എട്ടര മണിക്കൂറോളം സമയമാണ് നിലവില്‍ വേണ്ടിവരുന്നത്. 1800 കിലോമീറ്ററോളം വിമാനങ്ങള്‍ അധികമായി സഞ്ചരിക്കേണ്ടി വരുന്നതോടെ 12,000 ഡോളറിലധികം ഓരോ യാത്രയ്ക്കും ചെലവ് വരുന്നു.
ഇന്ത്യ വ്യോമപാത വിലക്കിയുള്ള നിലപാട് കടുപ്പിച്ചതോടെ പാകിസ്ഥാന് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിനായി ചൈനയുടെ വ്യോമപാതയോ അല്ലെങ്കില്‍ ശ്രീലങ്കന്‍ വ്യോമപാതയെയോ ആശ്രയിക്കേണ്ടി വരും. ഇത് വലിയ സാമ്പത്തിക നഷ്ടവും ബാധ്യതയുമുണ്ടാക്കാന്‍ സാധ്യതയുള്ള തീരുമാനമാണെന്നും നിലവില്‍ തകര്‍ന്നുകിടക്കുന്ന പാക് സമ്പദ്വ്യവസ്ഥയുടെ അടിത്തറയിളക്കുമെന്നും വ്യോമയാന-സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ! കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
Following India's firm stance and the closure of its airspace, Pakistan has suspended all flight operations to Pakistan-occupied Kashmir, fearing retaliation. This has significantly increased travel time and costs for other international routes, exacerbating Pakistan's economic woes.
#IndiaPakistan, #Kashmir, #AirspaceClosure, #FlightSuspension, #EconomicImpact, #Geopolitics