ഇന്ത്യ നല്‍കിയ ഇരുട്ടടി: പാക്കിസ്ഥാന്റെ കുടിവെള്ളം മുട്ടിക്കുന്ന സിന്ധു നദീ ജലം കരാര്‍ എന്താണ്? 

 
India's Decisive Move: Freezing Indus Water Treaty Threatens Pakistan's Water Security After Pahalgam Attack
India's Decisive Move: Freezing Indus Water Treaty Threatens Pakistan's Water Security After Pahalgam Attack

Photo Credit: X/Defence Dice

● കിഴക്കൻ പാകിസ്ഥാൻ വരൾച്ചാ ഭീഷണിയിൽ.
● പാകിസ്ഥാനിൽ ഭക്ഷ്യ പ്രതിസന്ധിക്ക് സാധ്യത.
● അട്ടാരി അതിർത്തി അടച്ചു; വിസ നൽകില്ല.
● ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കി.
● ഭീകരാക്രമണമാണ് ഇന്ത്യയുടെ കടുത്ത നടപടിക്ക് കാരണം.

ന്യൂഡെല്‍ഹി: (KVARTHA) പാക്കിസ്ഥാന് ഇന്ത്യ നൽകി വന്നിരുന്ന സിന്ധു നദീജലം നിർത്താൻ തീരുമാനിച്ചത് ആ രാജ്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ പോവുകയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇത് കനത്ത പ്രഹരമാണ്. സിന്ധു നദീജല ഉടമ്പടി പരിഗണിക്കാതെ എടുത്ത ഈ തീരുമാനം പാകിസ്ഥാൻ ഭരണകൂടത്തെ ഞെട്ടിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി വിക്രം മിർസിയാണ് ഉന്നതതല യോഗത്തിന് ശേഷം നിർണായക തീരുമാനം പ്രഖ്യാപിച്ചത്.

പാക്കിസ്ഥാന്റെ കിഴക്കൻ മേഖലയെ പൂർണ്ണമായും വരൾച്ചയിലേക്ക് തള്ളിവിടുന്ന വലിയ തീരുമാനമാണിത്. സിന്ധു നദീജല ഉടമ്പടി പ്രകാരം പാക്കിസ്ഥാനിലെ പ്രധാന പ്രവിശ്യയായ പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നത് ഇതുവഴിയാണ്. അതാണ് ഇനി തടസ്സപ്പെടുക. ഇന്ത്യയുടെ ഈ നടപടി പാകിസ്ഥാനകത്ത് വലിയ പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്. പാകിസ്ഥാനിലെ പ്രധാന കാർഷിക മേഖലയാണ് പഞ്ചാബ്. ഇവിടുത്തെ കാർഷിക പ്രവർത്തനങ്ങൾ നിലച്ചാൽ, അത് സ്വാഭാവികമായും പാകിസ്ഥാനിലെ മറ്റ് പ്രവിശ്യകളെയും ബാധിക്കും. സാമ്പത്തിക വെല്ലുവിളികളിൽ നട്ടം തിരിയുന്ന പാകിസ്ഥാനിൽ ഇനി ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാൽ അത് ആ രാജ്യത്തെ പൂർണ്ണമായും തകർക്കുമെന്നതിൽ സംശയമില്ല.

എന്താണ് സിന്ധു നദീജല കരാർ?

സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയാണ് സിന്ധു നദീജല കരാർ. ലോകബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ 1960 സെപ്റ്റംബർ 19 ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാകിസ്താൻ പ്രസിഡന്റ് ഫീൽഡ് മാർഷൽ അയ്യൂബ് ഖാനും കറാച്ചിയിൽ വെച്ചാണ് ഈ ഉടമ്പടി ഒപ്പുവച്ചത്.

ഉടമ്പടി പ്രകാരം കിഴക്കൻ നദികളായ ബിയാസ്, രവി, സത്‌ലജ് എന്നിവയുടെ ജലത്തിന്റെ പൂർണ്ണ നിയന്ത്രണം ഇന്ത്യയ്ക്ക് ലഭിച്ചു. അതേസമയം, ഏകദേശം 99 ബില്യൺ ക്യുബിക് മീറ്റർ ശരാശരി വാർഷിക ഒഴുക്കുള്ള പടിഞ്ഞാറൻ നദികളായ സിന്ധു, ചെനാബ്, ഝലം എന്നിവയുടെ ജലത്തിന്റെ നിയന്ത്രണം പാകിസ്താനാണ് നൽകിയിരിക്കുന്നത്. സിന്ധു നദീജല സംവിധാനത്തിലൂടെ ഒഴുകുന്ന മൊത്തം ജലത്തിന്റെ ഏകദേശം 30% ഇന്ത്യയ്ക്കും ബാക്കി 70% പാകിസ്താനുമാണ് ഈ ഉടമ്പടിയിലൂടെ ലഭിച്ചിരുന്നത്. ഇന്ത്യയിൽ നിന്നും ഉത്ഭവിക്കുന്ന നദിയായിട്ടും വലിയ വിട്ടുവീഴ്ചയാണ് ഈ കരാർ വഴി ഇന്ത്യ നൽകിയിരുന്നത്.

കരാർ പ്രകാരം ഇന്ത്യയ്ക്ക് പടിഞ്ഞാറൻ നദികളിലെ ജലം, പരിമിതമായ ജലസേചന ആവശ്യങ്ങൾക്കും വൈദ്യുതി ഉത്പാദനം, ഗതാഗതം, മത്സ്യകൃഷി തുടങ്ങിയ ഉപഭോഗേതര ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ അനുമതി നൽകുന്നുണ്ട്. സിന്ധു നദിയിലെ ജലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും അവകാശങ്ങളും കടമകളും കരാറിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. ഉടമ്പടി ഇരു രാജ്യങ്ങളുടെയും സുരക്ഷാപരമായ കാര്യങ്ങളുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും ലക്ഷ്യമിട്ടുള്ളതാണ്.

സ്വാതന്ത്ര്യത്തിന് ശേഷം 1947-48 ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധകാലത്ത് നദീജലത്തിന്റെ അവകാശങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രധാന തർക്ക വിഷയമായിരുന്നു. എന്നാൽ 1960 ൽ ഉടമ്പടി ഒപ്പുവച്ചതിന് ശേഷം ഇരു രാജ്യങ്ങളും നിരവധി സൈനിക സംഘട്ടനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ഒരു ജലയുദ്ധത്തിലേക്ക് ഇതുവരെ നീങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒരു യുദ്ധകാലത്തും ഇന്ത്യ നടത്താത്ത കരാർ റദ്ദാക്കലാണ് ഇപ്പോൾ 65 വർഷത്തിനു ശേഷം നടന്നിരിക്കുന്നത്. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ സർജിക്കൽ സ്ട്രൈക്കാണിത്.

കരാർ റദ്ദാക്കൽ പാകിസ്താന് എങ്ങനെ തിരിച്ചടിയാവും ?

കാഴ്ചയിൽ ഇരു രാജ്യങ്ങൾക്കും ഒരേ പോലെ ഗുണകരമാകുന്ന കരാറാണ് സിന്ധു നദീജല കരാർ എന്ന് തോന്നുമെങ്കിലും ഇതിലെ വലിയ ഗുണഭോക്താവ് പാകിസ്താനാണ്. മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യയും ബാക്കി വരുന്ന ജലപ്രവാഹത്തിന്റെ 80 ശതമാനം പാകിസ്താനുമാണ് സ്വീകരിച്ചുവരുന്നത്. പാകിസ്താനിലെ, പ്രത്യേകിച്ച് പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷിക്ക് ഈ നദികളിലെ ജലം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ കരാർ റദ്ദാക്കുന്നത് പാകിസ്താൻ്റെ പ്രധാന വരുമാന ശ്രോതസായ കൃഷിയെ ബാധിക്കും.

2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2019-ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾ നേരിട്ടിട്ടും ഇന്ത്യ ഈ കരാറിൽ നിന്ന് പിന്മാറിയിരുന്നില്ല. എന്നാൽ കശ്മീരിൻ്റെ സ്വപ്ന താഴ്വരയായ പഹൽഗാമിനെ രക്തരൂക്ഷിതമാക്കിയതിന് പിന്നാലെ നയതന്ത്ര ബന്ധത്തിലെ പ്രധാന ഏടായ സിന്ധു നദീജല കരാർ റദ്ദാക്കാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയുടെ അഞ്ച് നടപടികള്‍

പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ച ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കുന്നത് ഉൾപ്പെടെ പ്രധാനപ്പെട്ട അഞ്ച് തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്. സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. പാകിസ്ഥാൻ പൗരന്മാർക്ക് വിസ നൽകില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം.

ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. കനത്ത ജാഗ്രത തുടരണമെന്ന് സേനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും. അവർക്ക് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സർവകക്ഷി യോഗം വ്യാഴാഴ്ച നടക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക.

ഈ സുപ്രധാന വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക.

Following the Pahalgam terror attack, India has decided to freeze the Indus Water Treaty, a 65-year-old agreement, potentially causing severe water scarcity and agricultural crisis in Pakistan, especially in the Punjab and Sindh provinces, exacerbating its existing economic woes.

#IndusWaterTreaty, #IndiaPakistan, #WaterCrisis, #PahalgamAttack, #Diplomacy, #RegionalSecurity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia