New Development | ഷിരൂര്‍ തിരച്ചിലിനിടെ പുഴയോരത്ത് അസ്ഥി കണ്ടെത്തി; ഫൊറന്‍സിക് പരിശോധന നടത്തും
● മനുഷ്യന്റേതെന്ന് സംശയം.
● വിശദമായ പരിശോധനയ്ക്ക് പൊലീസ്.
● എഫ്എസ്എല്‍ ലാബിലേക്ക് അയക്കും.
ബെംഗ്‌ളൂരു: (KVARTHA) കര്‍ണാടകയിലെ ഷിരൂരിലെ (Shirur) മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ (Arjun) ഉള്‍പ്പെടെ 3 പേര്‍ക്കായി ഗംഗാവലി പുഴയില്‍ (Gangavali River) തിരച്ചില്‍ നടത്തുന്നതിനിടെ അസ്ഥി കണ്ടെത്തി. രാത്രിയോടെയാണ് അസ്ഥി കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറന്‍സിക് ലാബിലേക്ക് പൊലീസ് കൊണ്ടുപോയി.
ഗംഗാവലി പുഴയോരത്ത് നിന്ന് അസ്ഥി കിട്ടിയിട്ടുണ്ടെന്ന് സതീഷ് സെയില്‍ എംഎല്‍എ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എഫ്എസ്എല്‍ ലാബിലേക്ക് അയക്കണം. മനുഷ്യന്റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്റേത് ആണോ എന്ന് പരിശോധനയില്‍ മാത്രമേ വ്യക്തമാകൂ. അതിന് ചുരുങ്ങിയത് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും സതീഷ് സെയില്‍ പറഞ്ഞു.
ഇതിനിടെ, ഷിരൂര്‍ തിരച്ചിലിന്റെ മൂന്നാം ഘട്ടത്തില്‍ ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടര്‍ന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ തിരച്ചില്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. വെള്ളത്തില്‍ മുങ്ങിയുള്ള തിരച്ചിലിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് മല്‍പെയും സംഘവും മടങ്ങിയത്. ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ച മല്‍പെ ഈ സാഹചര്യത്തില്‍ അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
#ShirurLandslide #Karnataka #MissingPerson #RescueOperation #ForensicAnalysis