Verdict | സ്‌കൂളിൽ വിദ്യാർഥികളെ ശാരീരികമായി ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമെന്ന് ഹൈകോടതിയുടെ സുപ്രധാന വിധി 

 
Verdict

Representational Image Generated by Meta AI

കുട്ടികൾ രാജ്യത്തിന്റെ അമൂല്യ നിധിയാണ്, അവരെ സ്നേഹത്തോടും പരിചരണത്തോടും കൂടി വളർത്തണമെന്നും ഉത്തരവിൽ പറയുന്നു.

റായ്‌പൂർ: (KVARTHA) പഠനത്തിന്റെയോ അച്ചടക്കത്തിന്റെയോ പേരിൽ വിദ്യാർഥികളെ ശാരീരികമായി മർദിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ഛത്തീസ്ഗഢ് ഹൈകോടതി. ഒരു വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അധ്യാപികയ്‌ക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന ഹരജി തള്ളിയാണ് കോടതി നിരീക്ഷണം നടത്തിയത്. സർ​ഗു ജില്ലയിലെ അംബികാപൂർ കാർമൽ സ്‌കൂളിലെ അധ്യാപികയായ എലിബത്ത് ജോസിനെതിരെയായിരുന്നു കേസ്. 

അധ്യാപികയുടെ മർദനം സഹിക്കവയ്യാതെ വിദ്യാർഥിനി ആത്മഹത്യ ചെയ്തതായി ആരോപണം ഉയർന്നിരുന്നു. തുടർന്ന് കുട്ടിയുടെ വീട്ടുകാർ കൊടുത്ത പരാതിയിൽ അധ്യാപികയുടെ മേൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കുറ്റപത്രവും എഫ്ഐആറും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അധ്യാപിക കോടതിയെ സമീപിച്ചത്.

അധ്യാപികയുടെ അഭിഭാഷകൻ, ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും അധ്യാപികയ്ക്ക് നല്ല പേരുണ്ടെന്നും വാദിച്ചു. എന്നാൽ, കോടതി ഇത് അംഗീകരിച്ചില്ല. കുട്ടികളെ വ്യക്തികളായി പരിഗണിക്കണമെന്നും മുതിർന്നു എന്നു കരുതിയുള്ള ശാരീരിക ഉപദ്രവം കുറ്റകരമാണെന്നും ഹൈകോടതി ഉത്തരവിൽ പറയുന്നു. 

ഭരണഘടനയിലെ 21-ാം അനുച്ഛേദ പ്രകാരം എല്ലാവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ശാരീരികവും മാനസികവുമായ അതിക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം ഇതില്‍ ഉള്‍പ്പെടുന്നു. ശിക്ഷണം കുട്ടിയുടെ അവകാശലംഘനമാണെന്നും ചീഫ് ജസ്റ്റിസ് രമേഷ് സിൻഹ, ജസ്റ്റിസ് രവീന്ദ്ര കുമാർ അ​ഗർവാൾ  എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കുട്ടികൾ ചെറുതായതുകൊണ്ട് അവർ മനുഷ്യനല്ലാത്തവരാകുന്നില്ല. അച്ചടക്കത്തിന്റെയോ പഠനത്തിന്റെയോ പേരിൽ കുട്ടികളെ ശാരീരികമായി മർദിക്കുന്നത് ക്രൂരമായ പ്രവൃത്തിയാണ്. കുട്ടികൾ രാജ്യത്തിന്റെ അമൂല്യ നിധിയാണ്, അവരെ സ്നേഹത്തോടും പരിചരണത്തോടും കൂടി വളർത്തണമെന്നും ഹൈകോടതി ഉത്തരവിൽ പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia