ധർമസ്ഥല കേസിൽ വഴിത്തിരിവ്; ചിന്നയ്യ ഹാജരാക്കിയ തലയോട്ടി പുരുഷന്റേതാണെന്ന് ഫോറൻസിക് പരിശോധനാഫലം, കൂടുതൽ ദുരൂഹതകൾ


● തലയോട്ടിയിലെ മണ്ണ് ധർമസ്ഥലയിലേതല്ല.
● വെളിപ്പെടുത്തലിന് 2 ലക്ഷം രൂപ ലഭിച്ചെന്ന് ചിന്നയ്യയുടെ മൊഴി.
● യുട്യൂബർ സമീറിനെ വീണ്ടും ചോദ്യം ചെയ്യും.
● എൻ.ഐ.എ. അന്വേഷണം വേണമെന്ന് ആവശ്യം.
ബംഗളൂരു: (KVARTHA) ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യ ഹാജരാക്കിയ തലയോട്ടി സംബന്ധിച്ച് ദുരൂഹതകൾ വർധിക്കുന്നു. ഫോറൻസിക് പരിശോധനാ ഫലങ്ങൾ പ്രകാരം തലയോട്ടി ഒരു പുരുഷന്റേതാണെന്ന് കണ്ടെത്തി. തലയോട്ടിയിൽ ഉണ്ടായിരുന്ന മണ്ണ് ധർമസ്ഥലയിലെ സ്ഥലത്തേതല്ലെന്നും പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

ബലാത്സംഗത്തിനിരയായ സ്ത്രീയുടെ തലയോട്ടിയാണിതെന്നായിരുന്നു ചിന്നയ്യ നേരത്തെ മൊഴി നൽകിയിരുന്നത്. മൊഴിയിലെ ഈ വൈരുദ്ധ്യങ്ങളാണ് കേസിൽ വഴിത്തിരിവുണ്ടാക്കിയത്. 2023-ലാണ് ധർമസ്ഥല വെളിപ്പെടുത്തലുകൾക്ക് വേണ്ടിയുള്ള ആസൂത്രണം നടന്നതെന്ന് ചിന്നയ്യ പറയുന്നു. ഒരു സംഘം തന്നെ സമീപിക്കുകയും ഇതിനായി രണ്ട് ലക്ഷം രൂപ നൽകുകയും ചെയ്തെന്നും ഇയാൾ വെളിപ്പെടുത്തി. അതേസമയം, പ്രശസ്തിക്ക് വേണ്ടിയാണ് കോളിളക്കമുണ്ടാക്കുന്ന വെളിപ്പെടുത്തൽ നടത്തിയതെന്നും ചിന്നയ്യക്ക് മാനസിക വെല്ലുവിളിയുണ്ടെന്നും പറഞ്ഞ് ഇയാളുടെ ഭാര്യ രംഗത്തുവന്നിരുന്നു.
യുട്യൂബർ സമീറിനെ ചോദ്യം ചെയ്യും
ധർമസ്ഥലയുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്ന പരാതിയിൽ യുട്യൂബർ സമീറിനെ തിങ്കളാഴ്ച (25.08.2025) വീണ്ടും ചോദ്യം ചെയ്യും. ഞാറാഴ്ച (24.08.2025) അഞ്ചര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സമീറിന്റെ ശബ്ദസാമ്പിൾ ശേഖരിച്ച് എസ്.ഐ.ടി. പരിശോധനക്ക് അയച്ചിട്ടുണ്ട്.
എൻഐഎ അന്വേഷണം സ്വാഗതം ചെയ്ത് മന്ത്രി
ധർമസ്ഥല ഗൂഢാലോചന എൻ.ഐ.എ. അന്വേഷിക്കുന്നതിനെ കോൺഗ്രസ് മന്ത്രി സതീഷ് ജാർക്കിഹോളി സ്വാഗതം ചെയ്തു. കർണാടകത്തിലെ ജനങ്ങളെ ദിവസങ്ങളോളം ടി.വി.ക്കും മൊബൈലിനും മുന്നിൽ തളച്ചിട്ടതാണ് ഈ വെളിപ്പെടുത്തലുകൾ. ഇതിന് പിന്നിൽ ആരാണെന്ന് പുറത്തുവരണം. അതുകൊണ്ടുതന്നെ എൻ.ഐ.എ. അന്വേഷിക്കുന്നതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.
ധർമസ്ഥല കേസിൽ വന്ന ഈ പുതിയ വഴിത്തിരിവിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.
Article Summary: Forensic report of a skull in the Dharmasthala case reveals it belongs to a male.
#DharmasthalaCase #Karnataka #Chinnayya #ForensicReport #Dharmasthala #Controversy