സത്യനികേതൻ കെട്ടിട ദുരന്തം; കോൺട്രാക്ടർ കൂടി അറസ്റ്റിൽ, ഹോസ്റ്റൽ ലീസിനെടുത്തയാൾ ഒളിവിൽ, ഉടമകൾ ജുഡീഷ്യൽ കസ്റ്റഡിയിൽ
ADVERTISEMENT
● 2025 ഓഗസ്റ്റിലാണ് പ്രതി ഈ കെട്ടിടം ലീസിനെടുത്ത് നടത്തിവന്നിരുന്നത്
● കെട്ടിട ഉടമകളായ ഹരിറാം, ഭാര്യ ഊർമിള എന്നിവരെ ഡൽഹി കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
● ഉടമകളുടെ മകൻ മഹേഷ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്
● ആൺകുട്ടികൾക്കായി പിജി സൗകര്യം ഒരുക്കിയിരുന്ന 'ഹോസ്റ്റൽ ഡേസ്' എന്ന കെട്ടിടമാണ് തകർന്നത്
ന്യൂഡൽഹി: (KVARTHA) ഡൽഹിയിലെ സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് ഏഴ് പേർ മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തുന്ന കോൺട്രാക്ടർ സനോജ് ആണ് ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നിന്നും അറസ്റ്റിലായത്. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാല് ആയി.
സനോജിനെ ഉടൻ തന്നെ ഡൽഹിയിൽ എത്തിക്കും. ഹോസ്റ്റൽ ലീസിനെടുത്ത സുധാൻശു നിലവിൽ ഒളിവിലാണ്. ഇയാൾ ഒരു ലക്ഷം രൂപയാണ് ഓരോ മാസം കെട്ടിട ഉടമയ്ക്ക് വാടകയായി നൽകികൊണ്ടിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2025 ഓഗസ്റ്റിലാണ് കെട്ടിടം ഇയാൾക്ക് ലീസിന് നൽകിയത്. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ പ്രഫുൽ തോപ്പോയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിർമാണ പ്രവർത്തനങ്ങളും കസ്റ്റഡിയും
കഴിഞ്ഞ 10 ദിവസത്തോളമായി കെട്ടിടത്തിൻ്റെ ബേസ്മെന്റിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. കനത്ത മഴയെ തുടർന്ന് വെള്ളവും മാലിന്യങ്ങളും അടിഞ്ഞുകൂടിയതിനെ തുടർന്നായിരുന്നു ഈ പ്രവൃത്തികൾ ആരംഭിച്ചത്. ഇതിനുപുറമെ ഏറ്റവും താഴത്തെ നിലയിലും നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ടായിരുന്നു.
സംഭവത്തിൽ കുറ്റാരോപിതരായ കെട്ടിട ഉടമ ഹരിറാം, ഭാര്യ ഊർമിള എന്നിവരെ ഡൽഹി കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരുടെ മകൻ മഹേഷ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. ഞായറാഴ്ച (സെപ്റ്റംബർ 6) കെട്ടിടം തകർന്ന വിവരം പ്രദേശവാസികളിൽ നിന്നും അറിഞ്ഞയുടനെ മഹേഷും കുടുംബവും രാജസ്ഥാനിലെ ഭിവാഡിയിലെ ഇയാളുടെ ഭാര്യയുടെ വീട്ടിലേക്ക് മാറിയിരുന്നു. അവിടെ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.
'ഹോസ്റ്റൽ ഡേസ്' ലെ താമസക്കാർ
'ഹോസ്റ്റൽ ഡേസ്' എന്ന് പേരുള്ള, ആൺകുട്ടികൾക്കായി പിജി സൗകര്യം ഒരുക്കിയിരുന്ന കെട്ടിടമാണ് ഞായറാഴ്ച തകർന്നത്. ആകെ 15 മുറികളാണ് ഇതിൽ ഉണ്ടായിരുന്നത്. ഒരു മുറിയിൽ രണ്ട് മുതൽ മൂന്ന് വിദ്യാർഥികൾ വരെയായിരുന്നു താമസിച്ചിരുന്നത്. താഴത്തെ നിലയിൽ ഒരു മെഡിക്കൽ ഷോപ്പും പ്രവർത്തിച്ചുവരികയായിരുന്നു.
മോത്തിലാൽ നെഹ്റു കോളേജ്, ആത്മാ റാം സനാതൻ ധർമ കോളേജ്, ശ്രീ വെങ്കടേശ്വര കോളേജ് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളായിരുന്നു ഇവിടുത്തെ താമസക്കാരിലേറെയും. ഒരാളിൽ നിന്ന് 12,000 രൂപ വരെയായിരുന്നു പ്രതിമാസ വാടക ഈടാക്കിയിരുന്നതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The contractor who carried out repairs at the ill-fated Satya Niketan PG building was arrested from Kasganj, bringing the total arrests to four, while the building owners were sent to 14-day judicial custody and a search is underway for the absconding lessee, Sudhanshu.
#Kvartha #SatyaNiketan #DelhiBuildingCollapse #HostelDays #NewDelhiNews #DelhiPolice #MalayalamNews #NationalNews #AmmuNews
