Building Collapse | ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് 2 പേര്‍ക്ക് ദാരുണാന്ത്യം; 12 പേരെ രക്ഷപ്പെടുത്തി


● നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം.
● സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.
● ദുഃഖം രേഖപ്പെടുത്തുന്നതായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി.
ന്യൂഡല്‍ഹി: (KVARTHA) ബഹുനില കെട്ടിടം തകര്‍ന്നുവീണ് അപകടം. ഡല്‍ഹി ബുരാരി ഏരിയയില്‍ ഒസ്‌കാര്‍ പബ്ലിക് സ്‌കൂളിന് സമീപം പുതുതായി നിര്‍മ്മിച്ച നാല് നില കെട്ടിടമാണ് തിങ്കളാഴ്ച രാത്രി തകര്‍ന്ന് വീണത്. രണ്ട് പേര്‍ മരിച്ചതായി ചൊവ്വാഴ്ച പോലീസ് പറഞ്ഞു. ഇതുവരെ 12 പേരെ സ്ഥലത്തുനിന്നും രക്ഷപ്പെടുത്തി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും കൂടുതല്‍ ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സംശയിക്കുന്നതായി പോലീസ് കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് തകര്‍ച്ചയെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഡല്‍ഹി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
'ഒമ്പതോളം അഗ്‌നിശമന സേന യൂണിറ്റ് രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിര്‍മാണത്തിലുളള അപാകതയാണ് അപകടത്തിന് കാരണം', ഡല്‍ഹി ഫയര്‍ സര്‍വീസ് ചീഫ് അതുല്‍ ഖാര്‍ഗ് പറഞ്ഞു.
दिल्ली के बुराड़ी में एक 4 मंजिला इमारत गिरी दमकल की 5 गाड़ियां और कुछ एम्बुलेंस मौके पर भेजी गई I कुछ लोगों के दबे होने की आशंका 🙏 भगवान रक्षा करें 🙏 pic.twitter.com/WypIkesrSH
— Îñsp Prashant (@PrashantInsp) January 27, 2025
അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാള്‍ എക്സില്‍ കുറിച്ചു. ബുരാരി എംഎല്‍എ സഞ്ജീവ് ഝാ പാര്‍ട്ടി പ്രവര്‍ത്തകരോട് ബുരാരിയിലേക്ക് രക്ഷപ്രവര്‍ത്തനത്തിന് പോവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കെജ് രിവാള്‍ പറഞ്ഞു.