Discovery | ഷിരൂരിലെ തിരച്ചില്‍: അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ
● മറ്റൊരു ലോഹഭാഗം കൂടി കണ്ടെത്തി.
● ലഭിച്ചത് നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്തുനിന്നും.
● ബമ്പറിന് പുറമെ ഒരു ബാഗും കിട്ടി.
അങ്കോല: (KVARTHA) കര്‍ണാടകയിലെ ഷിരൂരില്‍ (Shirur) മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ (Arjun) വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് ഗംഗാവലി പുഴയില്‍നിന്ന് (Gangavali River) കണ്ടെത്തി. ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു.
പുഴയില്‍നിന്നു മറ്റൊരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ലോറിയുടെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തിയത്.
നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ തിരച്ചിലിനിടെയാണ് ബമ്പര്‍ ലഭിച്ചിരിക്കുന്നത്. ബമ്പറിന് പുറമെ ഒരു ബാഗും കിട്ടിയിരുന്നു. എന്നാല്‍, ബാഗ് അര്‍ജുന്റേതല്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണം മുടക്കും എന്നത് പ്രശ്നമായിരുന്നു.
പിന്നീട്, കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കര്‍ണാടക സര്‍കാര്‍ വഹിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കന്യാകുമാരിപനവേല്‍ ദേശീയപാത 66ല്‍ മംഗളൂരുഗോവ റൂട്ടില്‍ അങ്കോലയ്ക്ക് സമീപം ഷിരൂരിലാണ് അര്‍ജുന്‍ ഓടിച്ച ലോറി വന്‍ മണ്ണിടിച്ചിലില്‍ പെട്ടത്. ജൂലൈ 16ന് രാവിലെ 8.30ന് ആയിരുന്നു അപകടം.
#ShirurLandslide #MissingPerson #SearchAndRescue #Karnataka #PrayForArjun