Unexpected Twist | ജമ്മു കശ്മീരില്‍ അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്; ബിജെപി വലവീശുന്നതിന് മുമ്പ് തന്നെ സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തി


● കശ്മീര്‍ മേഖലയിലും മുസ്ലീം ജനസംഖ്യ കൂടുതലുള്ള ജില്ലകളിലും ഇന്ത്യന്‍ ബ്ലോക്കിന് മുന്‍തൂക്കം
● ജമ്മു മേഖലയിലും ഹിന്ദു ജനസംഖ്യ കൂടുതലുള്ള ജില്ലകളിലും ബിജെപിക്ക് മുന്നില്‍
ശ്രീനഗര്‍: (KVARTHA) ജമ്മു കശ്മീരില്‍ ആരാകും അധികാരത്തിലെത്തുന്നത് എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങള്‍. ഏകദേശം 70% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (ജെകെഎന്‍സി) നയിക്കുന്ന ഇന്ത്യന്‍ ബ്ലോക്ക് കശ്മീര്‍ മേഖലയിലും മുസ്ലീം ജനസംഖ്യ കൂടുതലുള്ള ജില്ലകളിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ബിജെപി ആകട്ടെ ജമ്മു മേഖലയിലും ഹിന്ദു ജനസംഖ്യ കൂടുതലുള്ള ജില്ലകളിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
11 സീറ്റുകളില്‍ സ്വതന്ത്രര്‍ ലീഡ് ചെയ്യുന്നു. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തി.
തൂക്കുസഭ അധികാരത്തിലെത്തിയാല്‍ സ്വതന്ത്രന്മാരുടെ നിലപാട് നിര്‍ണായകമാകും. ഇതു മുന്‍കൂട്ടി കണ്ടാണ് ബിജെപി വലവീശും മുമ്പുതന്നെ കോണ്‍ഗ്രസ് ക്യാംപ് അപ്രതീക്ഷിത നീക്കവുമായി മുന്നോട്ട് പോകുന്നത്. സ്വതന്ത്രരെ സ്വാഗതം ചെയ്യുന്നതായി നാഷണല്‍ കോണ്‍ഫ്രന്‍സും പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.
ആരുമായും അകല്‍ച്ചയില്ലെന്നും പൂര്‍ണ്ണ ഫലം വന്നാല്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നുമായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. ഫലം വരട്ടെയെന്ന് മെഹബൂബ മുഫ്തിയും പ്രതികരിച്ചു. നിലവില്‍ രണ്ട് മണ്ഡലങ്ങളിലും ഒമര്‍ അബ്ദുള്ള ലീഡ് ചെയ്യുകയാണ്. സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് യൂസുഫ് തരിഗാമി മുന്നിലാണ്.
നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണറുടെ അധികാരം വോട്ടെണ്ണലിന് മുന്നോടിയായി വന്‍ തര്‍ക്കത്തിന് കാരണമായിരുന്നു. ജനഹിതത്തെ അട്ടിമറിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ നീക്കമെന്ന ആരോപണമാണ് നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍സി) അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയ്ക്ക് പ്രത്യേക അധികാരം നല്‍കിയത് ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിനു സഹായിക്കാനാണെന്ന വിമര്‍ശനവും ഉയര്‍ന്നു.
ലഫ്. ഗവര്‍ണറുടെ നീക്കത്തെ ശക്തമായി എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ നാമനിര്‍ദേശം നടന്നാല്‍ സുപ്രീം കോടതിയെ സമീപിക്കും. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പിനുശേഷം ജമ്മു കശ്മീര്‍ ജനവിധി എന്ന കാര്യത്തില്‍ നിയമയുദ്ധത്തില്‍ കുരുങ്ങും എന്നതില്‍ തര്‍ക്കമില്ല.
രണ്ടു സ്ത്രീകള്‍, രണ്ടു കശ്മീരി പണ്ഡിറ്റുകള്‍, പാക്ക് അധീന കശ്മീരില്‍ നിന്ന് നാടുകടത്തപ്പെട്ട ഒരാള്‍ എന്നിങ്ങനെയാണ് ലഫ്. ഗവര്‍ണര്‍ക്ക് നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കുക. ജമ്മു മേഖലയില്‍ 43 സീറ്റുകളും കശ്മീര്‍ മേഖലയില്‍ 47 സീറ്റുകളും ഉള്‍പ്പെടെ ആകെ 90 സീറ്റുകളാണ് ജമ്മു കശ്മീരില്‍ ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്.
#JammuKashmirElections #CongressMove #Independents #BJP #NationalConference #KashmirPolitics