Pocket Constitution | ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ഭരണഘടനയുടെ മിനി പതിപ്പിന് ആവശ്യക്കാരേറെ; പുറത്തിറക്കിയ മുഴുവന്‍ കോപികളും വിറ്റുതീര്‍ന്നു


മിനി ഭരണഘടനക്ക് ആവശ്യക്കാര്‍ കൂടാനുള്ള കാരണക്കാരന്‍ പ്രധാനമായും രാഹുല്‍ ഗാന്ധി.
2009ലാണ് ആദ്യമായി ഇത്തരമൊരു പതിപ്പ് ഇബിസി ഇറക്കുന്നത്.
ഇതുവരെ 16 എഡിഷനുകള്‍ വന്നു.
മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ആണ് ഇത്തരമൊരു മിനി ഭരണഘടന ഇറക്കാനുള്ള ആശയം പറഞ്ഞത്.
രാജ്യത്തുടനീളമുള്ള നിരവധി ലൈബ്രറികളും പുസ്തകം ലഭ്യമാണ്.
ലക്‌നൗ: (KVARTHA) കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി തന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ പ്രദര്‍ശിപ്പിച്ച ഇന്‍ഡ്യന്‍ ഭരണഘടനയുടെ കയ്യിലൊതുങ്ങുന്ന പതിപ്പിന് പെട്ടെന്ന് ആവശ്യക്കാര്‍ വര്‍ധിച്ചു. ചുവപ്പും കറുപ്പും കലര്‍ന്ന പുറംചട്ടയുള്ള ആ ചെറിയ പോകറ്റ് ഭരണഘടനക്ക് ലോക്‌സഭ തിരഞ്ഞെടുപ്പോടെയാണ് ആവശ്യക്കാര്‍ ഏറിയത്.
ലക്‌നൗ ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ ബുക് കംപനി (ഇബിസി) ബ്ലാക്-റെഡ് കവറില്‍ പ്രസിദ്ധീകരിച്ച മെലിഞ്ഞ ഇന്‍ഡ്യന്‍ ഭരണഘടന ലോക് സഭ തിരഞ്ഞെടുപ്പ് സമയത്ത് 5,000-ലധികം കോപികള്‍ വിറ്റു. ആ എഡിഷനില്‍ അച്ചടിച്ച പതിപ്പ് എല്ലാം വിറ്റുതീര്‍ന്നിരിക്കുകയാണ്.
2023-ല്‍, വര്‍ഷം മുഴുവനും ഏതാണ്ട് അത്രതന്നെ കോപികളാണ് വിറ്റഴിക്കപ്പെട്ടതെന്ന് പബ്ലിഷിംഗ് ഹൗസ് പറയുന്നു. 5000 പതിപ്പുകള്‍ മുഴുവന്‍ ഒരുവര്‍ഷം കൊണ്ടാണ് വിറ്റുതീര്‍ന്നത്. രാജ്യത്ത് ഭരണഘടനയുടെ കോട് പോകറ്റ് പതിപ്പിന്റെ ഏക പ്രസാധകര്‍ ഇബിസിയാണ്.
2009-ല്‍ ആദ്യമായി ഇത്തരമൊരു പതിപ്പ് പുറത്തിറക്കിയ പുസ്തകത്തിന്റെ നീളം 20 സെ.മിയും വീതി 10.8 സെ.മിയും കനം 2.1 സെ.മിയുമാണ്. കൂടാതെ മെഷീന്‍ സ്റ്റിചിംഗും ഉള്ളതാണ്. കീശയിലിട്ട്, എവിടെ വേണമെങ്കിലും ഈ ഭരണഘടന കൊണ്ടുപോകാം. ഇതുവരെ 16 എഡിഷനുകള്‍ വന്നു.
പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത് മുന്‍ അറ്റോണി ജെനറല്‍ കെ കെ വേണുഗോപാല്‍ ആണ്. 624 പേജുകളുണ്ട് ഈ ഭരണഘടനക്ക്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ വിദേശരാജ്യങ്ങളില്‍ പോകുമ്പോഴും അഭിഭാഷകരും ഭരണഘടനയുടെ ഈ പതിപ്പ് കൈവശം വെക്കാറുണ്ട്. രാജ്യത്തെ ഓരോ പൗരനും കൈവശം വെച്ചിരിക്കേണ്ട പുസ്തകം രാജ്യത്തുടനീളമുള്ള നിരവധി ലൈബ്രറികളും പുസ്തകം ലഭ്യമാണ്.
മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ആണ് ഇത്തരമൊരു മിനി ഭരണഘടന ഇറക്കാനുള്ള ആശയം പറഞ്ഞുതന്നതെന്ന് ഇബിസി ഡയറക്ടര്‍ സുമീത് മാലിക് പറയുന്നു. അഭിഭാഷകര്‍ക്ക് എളുപ്പം കൊണ്ടുനടക്കാനുള്ള സൗകര്യം പരിഗണിച്ചായിരുന്നു ഗോപാല്‍ ശങ്കരനാരായണന്‍ മിനി ഭരണഘടന എന്ന ആശയം മുന്നോട്ട് വെച്ചത്.
അങ്ങനെ 2009 ല്‍ മിനി ഭരണഘടനയുടെ 800 ഓളം പതിപ്പുകള്‍ അടിച്ചിറക്കി. മുഴുവന്‍ പതിപ്പുകളും എളുപ്പത്തില്‍ വിറ്റഴിഞ്ഞു. പിന്നീടങ്ങോട്ട് ഓരോവര്‍ഷവും 5000 മുതല്‍ 6000 പതിപ്പുകള്‍ വരെ വിറ്റുപോയി. ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മിനി ഭരണഘടനക്ക് ആവശ്യക്കാരേറി. അതിന് കാരണക്കാരന്‍ പ്രധാനമായും രാഹുല്‍ ഗാന്ധിയാണ്. പിന്നെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമെന്ന് സുമീത് മാലിക് കൂട്ടിച്ചേര്‍ത്തു.
This is the direct impact of Rahul Gandhi's singleminded focus on protection of the Constitution as the defining issue of the 2024 elections https://t.co/JYMIwAVFUn
— Jairam Ramesh (@Jairam_Ramesh) June 11, 2024