Misleading | 'പരസ്യങ്ങളിൽ വീഴല്ലേ! സിവിൽ സർവീസ് പരീക്ഷയിൽ 200-ലധികം പേരെ വിജയിപ്പിച്ചുവെന്ന് പ്രചാരണം'; ഒടുവിൽ കണ്ടെത്തിയത് ഇങ്ങനെ! പ്രമുഖ ഐഎഎസ് കോച്ചിങ് സ്ഥപനത്തിന് 3 ലക്ഷം പിഴ
പരസ്യങ്ങളിൽ വസ്തുതകൾ വ്യക്തമായി അവതരിപ്പിക്കണം. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് പ്രധാനമാണെന്നും സിസിപിഎ ചീഫ് കമ്മീഷണർ നിധി ഖാരെ പറഞ്ഞു.
ന്യൂഡൽഹി: (KVARTHA) യു പി എസ് സി സിവിൽ സർവീസ് പരീക്ഷയിൽ 200-ലധികം പേരെ വിജയിപ്പിച്ചുവെന്ന് തെറ്റായി പ്രചാരണം നടത്തിയെന്ന പരാതിയിൽ ശ്രീരാംസ് ഐഎഎസിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) മൂന്ന് ലക്ഷം രൂപ പിഴയിട്ടു. സ്ഥപനത്തിന്റെ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയ സിസിപിഎ, യഥാർഥത്തിൽ 171 പേർ മാത്രമാണ് പരീക്ഷ പാസായത് എന്നും വ്യക്തമാക്കി.
ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന്റെ പേരിലാണ് ശ്രീരാംസ് ഐഎസിന് പിഴ. വിജയിക്കുന്ന ഉദ്യോഗാർഥികളുടെ ചിത്രങ്ങളും പേരുകളും പരസ്യത്തിൽ ഉപയോഗിച്ച് വിദ്യാർഥികളെ ആകർഷിക്കുന്ന രീതി കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പതിവ് തന്ത്രമാണ്. എന്നാൽ ഈ വിദ്യാർഥികൾ ഏത് കോഴ്സുകൾ എടുത്തു, എത്ര കാലം പഠിച്ചു എന്ന വിവരങ്ങൾ പങ്കുവെക്കാറില്ല.
ശ്രീരാംസ് ഐഎസ് തങ്ങളുടെ പരസ്യത്തിൽ 200-ലധികം പേരെ വിജയിപ്പിച്ചുവെന്നും ഇന്ത്യയിലെ മികച്ച ഐഎഎസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണെന്നും അവകാശപ്പെട്ടതായി പരാതിയിൽ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് വ്യത്യസ്ത കോഴ്സുകൾ നൽകുന്നതായി പറയുമ്പോൾ, ഏത് കോഴ്സ് എടുത്ത വിദ്യാർഥികളാണ് വിജയിച്ചത് എന്ന വിവരം മറച്ചുവെച്ചുവെന്നും ഇത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സിസിപിഎ ചൂണ്ടിക്കാട്ടി.
ശ്രീരാംസ് ഐഎസ് തങ്ങളുടെ മറുപടിയിൽ 171 വിജയികളുടെ വിവരങ്ങൾ മാത്രമാണ് നൽകിയത്. ഇതിൽ 102 പേർ സൗജന്യ ഇന്റർവ്യൂ ഗൈഡൻസ് പ്രോഗ്രാമിൽ നിന്നും, 55 പേർ സൗജന്യ ടെസ്റ്റ് സീരീസിൽ നിന്നും, 9 പേർ ജിഎസ് ക്ലാസ്റൂം കോഴ്സിൽ നിന്നും, 5 പേർ സംസ്ഥാന സർക്കാരുമായുള്ള കരാറിലൂടെ സൗജന്യ കോച്ചിംഗ് നേടിയവരുമാണ്.
സിവിൽ സർവീസ് പരീക്ഷയിൽ മൂന്ന് ഘട്ടങ്ങൾ ഉണ്ടെന്നും, അതിൽ പ്രീലിംസ് ഒരു തിരഞ്ഞെടുപ്പു പരീക്ഷ മാത്രമാണെന്നും സിസിപിഎ ചൂണ്ടിക്കാട്ടി. മെയിൻസ് പരീക്ഷയും ഇന്റർവ്യൂവുമാണ് പ്രധാനം. പല വിദ്യാർഥികളും സ്വന്തം ശ്രമത്തിൽ പ്രീലിംസ് പാസാകാറുണ്ട്. ശ്രീരാംസ് ഐഎഎസ് മെയിൻസ് തയ്യാറെടുപ്പിന് മാത്രമാണ് സഹായം നൽകിയത് എന്നത് മറച്ചുവെച്ചതായി സിസിപിഎ ആരോപിച്ചു.
പരസ്യങ്ങളിൽ വസ്തുതകൾ വ്യക്തമായി അവതരിപ്പിക്കണം. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് പ്രധാനമാണെന്നും സിസിപിഎ ചീഫ് കമ്മീഷണർ നിധി ഖാരെ പറഞ്ഞു.
#CCPA #SriramsIAS #UPSC #misleadingadvertising #consumerprotection #India