Condemned Emergency | തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ലോക്‌സഭയില്‍ അസാധാരണ നീക്കവുമായി സ്പീകര്‍; അടിയന്തരാവസ്ഥ ചരിത്രത്തിലെ കറുത്ത അധ്യായമെന്ന് അപലപനം
ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പേരെടുത്ത് വിമര്‍ശിച്ചു.
ഓം ബിര്‍ല മൗനപ്രാര്‍ഥന നടത്തിയതോടെ ബഹളം ശക്തമാവുകയും സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
സ്പീകര്‍ കസേരക്കരികിലെത്തി മുദ്രാവാക്യം മുഴക്കി.
ന്യൂഡെല്‍ഹി: (KVARTHA) തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അജണ്ടയിലില്ലാത്ത പ്രമേയം അവതരിപ്പിച്ച് ലോക്‌സഭയില്‍ അസാധാരണ നീക്കവുമായി സ്പീകര്‍ ഓം ബിര്‍ല. പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍കാരിന്റെ തീരുമാനത്തെയാണ് തന്റെ പ്രസംഗത്തിനിടെ ബിര്‍ള അപലപിച്ചത്.
അടിയന്തരാവസ്ഥയെ അപലപിച്ച് സ്പീകര്‍ തന്നെ അവതരിപ്പിച്ച പ്രമേയത്തില്‍ ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പേരെടുത്ത് വിമര്‍ശിച്ചു. ഇന്ദിരാ ഗാന്ധി ഏകാധിപത്യപരമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും പ്രതിപക്ഷ നേതാക്കളെ അന്യായമായി ജയിലില്‍ അടച്ചുവെന്നും ഓം ബിര്‍ള പറഞ്ഞു.
ഇന്ദിരാ ഗാന്ധി ഭരണകാലത്ത് ഏര്‍പെടുത്തിയ അടിയന്തരാവസ്ഥയെ ഈ സഭ അപലപിക്കുന്നുവെന്നതായിരുന്നു പ്രമേയം. ഇന്‍ഡ്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥയെന്നും ഭരണഘടനയെ ചവിട്ടിമെതിക്കുന്ന സമീപനമാണ് അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് ഭരണകൂടം സ്വീകരിച്ചതെന്നും ഓം ബിര്‍ള പറഞ്ഞു.
ഉടന്‍ തന്നെ പ്രതിഷേധവുമായി കെസി വേണുഗോപാലും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളും സ്പീകര്‍ കസേരക്കരികിലെത്തി മുദ്രാവാക്യം മുഴക്കി. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ടവരെയും മരണമടഞ്ഞവരെയും സ്മരിച്ചുകൊണ്ട് രണ്ടു മിനിട് മൗനമാചരിച്ചതോടെ ഭരണപക്ഷം മൗനം ആചരിക്കുകയും കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം തുടരുകയും മറ്റ് കക്ഷികള്‍ ഇതില്‍നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഓം ബിര്‍ല മൗനപ്രാര്‍ഥന നടത്തിയതോടെ പ്രതിപക്ഷ ബഹളം ശക്തമാവുകയും സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
അതേസമയം, 18ാം ലോക്‌സഭ പുതിയ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കണമെന്ന് പ്രസംഗത്തില്‍ ഓം ബിര്‍ള പറഞ്ഞു. ക്രിയാത്മകമായ ചിന്തകള്‍ ഉയര്‍ന്നുവരണം. വികസിത ഭാരതം എന്ന സങ്കല്പം സാക്ഷാത്കരിക്കാന്‍ പ്രയത്നിക്കാം. രാജ്യ താല്‍പര്യത്തിനും ജനനന്മയ്ക്കുമായി സഭ നിയമനിര്‍മാണങ്ങള്‍ നടത്തണം. രാഷ്ട്രീയ വിചാരധാരയ്ക്ക് അപ്പുറം രാജ്യമാണ് പ്രധാനമെന്നും ഓം ബിര്‍ള പറഞ്ഞു.
37 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന സ്പീകര്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി, എംപി കൊടിക്കുന്നില്‍ സുരേഷിനെ പരാജയപ്പെടുത്തിയാണ് ഓം ബിര്‍ള വിജയിച്ചത്.
ശബ്ദവോടോടെയായിരുന്നു ഓം ബിര്‍ള തിരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്ജു എന്നിവര്‍ അദ്ദേഹത്തെ സ്പീകറുടെ കസേരയിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഓം ബിര്‍ളയെ ആശംസിച്ച് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും സംസാരിച്ചു.
രാജസ്താനിലെ കോടയില്‍ നിന്ന് മത്സരിച്ച് വിജയിച്ചാണ് ഓം ബിര്‍ള ലോക്‌സഭയിലെത്തുന്നത്. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്‌സഭയിലെത്തുന്നത്. 17ാം ലോക്‌സസഭയില്‍ 146 എംപിമാരെ സസ്‌പെഡ് ചെയ്ത ഓം ബിര്‍ളയുടെ നടപടി വിവാദമായിരുന്നു. പ്രതിപക്ഷത്തെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. മഹുവ മൊയ്ത്രയ്‌ക്കെതിരായ നടപടിക്ക് അനുമതി നല്‍കിയത് ഓം ബിര്‍ളയായിരുന്നു.