AAP | കേജ്‌രിവാളിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ 62ല്‍ 54 പേരും യോഗത്തിനെത്തിയതായി എഎപി
ന്യൂഡെല്‍ഹി: (www.kvartha.com) മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വിളിച്ച യോഗത്തില്‍ ആകെയുള്ള 62 എംഎല്‍എമാരില്‍ 54 പേരും യോഗത്തിനെത്തിയതായി ആംആദ്മി പാര്‍ടി (AAP) നേതാവ് സൗരഭ് ഭരദ്വാജ്. യോഗത്തിനെത്താത്ത ഏഴ് എംഎല്‍എമാര്‍ ഡെല്‍ഹിക്ക് പുറത്തായതുകൊണ്ടാണ് വരാത്തതെന്ന് അറിയിച്ചിട്ടുണ്ടെന്നും ബാക്കിയുള്ള ഒരാള്‍ ജയിലിലുള്ള സത്യേന്ദര്‍ ജെയിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
എഎപി എംഎല്‍എമാരെ വിലയ്ക്കെടുക്കാനായി ബിജെപി വാഗ്ദാനം ചെയ്ത 800 കോടി രൂപ അവര്‍ക്ക് എവിടെനിന്ന് ലഭിച്ചുവെന്നാണ് സിബിഐയും ഇഡിയും അന്വേഷിക്കേണ്ടതെന്നും സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാണിച്ചു. ഡെല്‍ഹിയിലെ എഎപി സര്‍കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് വിശദീകരണവുമായി സൗരഭ് ഭരദ്വാജ് രംഗത്തെത്തിയത്.
42 എംഎല്‍എമാരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്. ഇതിനിടെയാണ് ഭൂരിഭാഗം എംഎല്‍എമാരും കേജ്‌രിവാളിന്റെ വസതിയില്‍ നടന്ന യോഗത്തിനെത്തിയത്. ഡെല്‍ഹിയില്‍ ആകെയുള്ള 70 എംഎല്‍എമാരില്‍ 62 പേരും ആംആദ്മി പാര്‍ടിക്കാരാണ്. എട്ടു പേര്‍ മാത്രമാണ് പ്രതിപക്ഷമായ ബിജെപിക്കുള്ളത്.
അരവിന്ദ് കേജ്രിവാള്‍ സര്‍കാരിനെ മറിച്ചിടാന്‍ കുറഞ്ഞത് 28 എംഎല്‍എമാരുടെയെങ്കിലും പിന്തുണ വേണമെന്നിരിക്കെയാണ് അട്ടിമറി സാധ്യത ചര്‍ചയായത്. അതേസമയം, ഡെല്‍ഹി സര്‍ക്കാരിനെ മറിച്ചിടാന്‍ സഹായം തേടി 40 എംഎല്‍എമാരെ ബിജെപി സമീപിച്ചതായാണ് എഎപിയുടെ ആരോപണം. സര്‍കാരിനെ മറിച്ചിടാന്‍ സഹായിച്ചാല്‍ 20 കോടി രൂപയും മറ്റുള്ളവരെ കൂടെ കൊണ്ടുവന്നാല്‍ 25 കോടി രൂപയും ബിജെപി വാഗ്ദാനം ചെയ്‌തെന്നും ആരോപണമുണ്ട്.
ബിജെപി രാജ്യവ്യാപകമായി പരീക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ആരോപിക്കുന്ന 'ഓപറേഷന്‍ ലോടസ്' ഡെല്‍ഹിയിലും പയറ്റാന്‍ ശ്രമം നടക്കുന്നതായുള്ള സൂചനകളുടെ പശ്ചാത്തലത്തിലാണ് എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യാഴാഴ്ച എംഎല്‍എമാരുടെ യോഗം വിളിച്ചത്. ഇതിനിടെയാണ് ചില എംഎല്‍എമാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചത്. ഇതോടെ, ഡെല്‍ഹി സര്‍കാരിനെ മറിച്ചിടാനുള്ള നീക്കങ്ങള്‍ സജീവാണെന്ന തരത്തില്‍ ദേശീയ തലത്തില്‍ ചര്‍ച ഉയരുകയും ചെയ്തു.
Keywords: New Delhi, News, National, BJP, Politics, AAP, BJP, BJP's 'Operation Lotus' fails in Delhi: AAP.