Manifesto | 'ആദിവാസി മേഖലകൾക്ക് കൂടുതൽ സ്വയംഭരണാവകാശം; കോക്‌ബോറോക്ക് സിബിഎസ്ഇ സിലബസിൽ ഉൾപെടുത്തും'; ത്രിപുരയിൽ അധികാര തുടർച്ചയ്ക്ക് നിറയെ വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക
അഗർത്തല: (www.kvartha.com) ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. അഗർത്തലയിൽ നടന്ന ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പാർട്ടി പ്രകടന പത്രിക പുറത്തിറക്കിയത്. മുഖ്യമന്ത്രി മണിക് സാഹയും ഒപ്പം ഉണ്ടായിരുന്നു. നേരത്തെ ജെപി നദ്ദ ഉദയ്പൂരിലെ ഗോമതിയിലെ ത്രിപുര സുന്ദരി ക്ഷേത്രം സന്ദർശിച്ച് പ്രാർഥന നടത്തിയിരുന്നു.
അഞ്ച് വർഷം മുമ്പ് സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാർട്ടി നിറവേറ്റിയതായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി അധ്യക്ഷൻ പറഞ്ഞു. മറ്റേതെങ്കിലും പാർട്ടി പ്രകടനപത്രിക പുറത്തിറക്കുമ്പോൾ ജനങ്ങൾക്ക് താൽപ്പര്യമില്ലെന്നും എന്നാൽ ബിജെപിയുടെ പ്രകടനപത്രികയ്‌ക്കായി ജനങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ത്രിപുരയിൽ ബിജെപി സർക്കാർ നടത്തിയ പ്രവർത്തനങ്ങളും അദ്ദേഹം പരാമർശിച്ചു.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ
ത്രിപുരയിൽ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ വന്നാൽ ആദിവാസി മേഖലകൾക്ക് കൂടുതൽ സ്വയംഭരണാവകാശം, കർഷകർക്ക് സാമ്പത്തിക സഹായം, റബർ അധിഷ്ഠിത വ്യവസായത്തിന്റെ പ്രത്യേക-നിർമ്മാണ മേഖലകൾ എന്നിവ ബിജെപി വാഗ്ദാനം ചെയ്യുന്നു. അഗർത്തലയിൽ റീജിയണൽ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടും മതഗുരു അനുകുൽ ചന്ദ്രയുടെ പേരിൽ എല്ലാവർക്കും അഞ്ച് രൂപ ഭക്ഷണ പദ്ധതിയും ആരംഭിക്കുമെന്നും ബിജെപി പറയുന്നു
ഓരോ പെൺകുട്ടികൾക്കും 50,000 രൂപയുടെ പെൺ ചൈൽഡ് പ്രോസ്പെരിറ്റി ബോണ്ട്, ആദിവാസി ഭാഷയായ 'കോക്‌ബോറോക്ക്' സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിൽ വിഷയമായി ഉൾപ്പെടുത്തും, റബറും മുളയും അടിസ്ഥാനമാക്കി വ്യവസായ-നിർദിഷ്ട നിർമ്മാണ മേഖലകൾ സ്ഥാപിക്കും, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 6,000 രൂപ വർധിപ്പിച്ച് സംസ്ഥാന സർക്കാർ 2,000 രൂപ അധികമായി നൽകും തുടങ്ങിയവയും ബിജെപി വാഗ്ദാനം ചെയ്യുന്നു.
Keywords: News, National, Tripura-Meghalaya-Nagaland-Election, BJP, Politics, Election, BJP Releases Manifesto For Tripura Polls.