Election Results | കാൽനൂറ്റാണ്ടിന് ശേഷം ഡൽഹിയിൽ ബിജെപി അധികാരത്തിലേക്ക്; ആം ആദ്മി പാർട്ടിക്ക് തിരിച്ചടി

 
BJP victory in Delhi, Delhi election results, BJP leads in Delhi Assembly
BJP victory in Delhi, Delhi election results, BJP leads in Delhi Assembly

Photo Credit: Facebook/ BJP Delhi

● ഫലസൂചനകൾ പ്രകാരം ബിജെപി 42 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
● ആം ആദ്മി പാർട്ടിക്ക് വെറും 27 സീറ്റുകളിൽ മാത്രം ലീഡ്
● കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു 

ന്യൂഡൽഹി: (KVARTHA) ഡൽഹിയിൽ കാൽനൂറ്റാണ്ടിനു ശേഷം ബിജെപി അധികാരത്തിലേക്ക് വരുന്നു. ഏറ്റവും പുതിയ ഫലസൂചനകൾ പ്രകാരം ബിജെപി 42 സീറ്റുകളിൽ മുന്നിലാണ്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അവർ 27 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു. ഡൽഹിയിൽ നിലവിൽ അതിഷിയുടെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയാണ് ഭരണത്തിലുള്ളത്.

ന്യൂഡൽഹി നിയമസഭാ സീറ്റിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആദ്യം പിന്നിലായിരുന്നുവെങ്കിലും പിന്നീട് മുന്നിലെത്തി. എന്നാൽ കൽക്കാജി സീറ്റിൽ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയുമായ അതിഷി പിന്നിലാണ്. ബിജെപിയുടെ രമേശ് ബിധുരിയാണ് ഇവിടെ മുന്നിൽ. ഇവിടെ അൽക്ക ലാംബയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. കരാവൽ നഗർ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി കപിൽ മിശ്രയും മുസ്തഫാബാദിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ആദിൽ അഹമ്മദ് ഖാനും മുന്നിലാണ്.

ഡൽഹിയിൽ 70 നിയമസഭാ സീറ്റുകളാണുള്ളത്. സർക്കാർ രൂപീകരിക്കാൻ ഏതൊരു പാർട്ടിക്കും 36 സീറ്റുകൾ ആവശ്യമാണ്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ 70 ൽ 28 സീറ്റുകൾ നേടി രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ചിരുന്നു. പിന്നീട് 2015, 2020 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടിക്ക് സ്വന്തമായി ഭൂരിപക്ഷം ലഭിച്ചു. 

എന്നാൽ 2014, 2019, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളും ബിജെപി നേടിയിരുന്നു. കഴിഞ്ഞ പത്ത് വർഷമായി ആം ആദ്മി പാർട്ടിയാണ് ഡൽഹി ഭരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് സൂചനകൾ.

ഡൽഹിയിൽ 1993-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയിരുന്നു. 49 സീറ്റുകളും 42.8% വോട്ട് വിഹിതവും കരസ്ഥമാക്കിയ ബിജെപി, 'ദില്ലി കാ ഷേർ' എന്നറിയപ്പെടുന്ന മദൻ ലാൽ ഖുറാനയെ മുഖ്യമന്ത്രിയായി അവരോധിച്ചു. കോൺഗ്രസ് 14 സീറ്റുകളുമായി (34.5% വോട്ട് വിഹിതം) രണ്ടാമതെത്തി. ജനതാദൾ 12.6% വോട്ട് വിഹിതത്തോടെ 4 സീറ്റുകൾ നേടി. അക്കാലത്തെ 58,50,545 വോട്ടർമാരിൽ 36,12,713 പേർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.

എന്നാൽ, മദൻ ലാൽ ഖുറാനയുടെ ഭരണത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഈ നിയമസഭാ കാലഘട്ടം മൂന്ന് മുഖ്യമന്ത്രിമാരെ കണ്ടു. 1996-ൽ 'ജെയിൻ ഹവാല' അഴിമതിക്കേസിൽ ഖുറാനയ്ക്കും അന്നത്തെ ബിജെപി അദ്ധ്യക്ഷൻ എൽ.കെ അദ്വാനിക്കുമെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നത് ബിജെപി സർക്കാരിന് കടുത്ത പ്രതിസന്ധിയുണ്ടാക്കി. ഈ സാഹചര്യത്തിൽ ഖുറാനയ്ക്ക് രാജി വെക്കേണ്ടിവന്നു. 

തുടർന്ന് സാഹിബ് സിംഗ് വർമ്മ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. എന്നാൽ, വർമ്മയുടെ ഭരണകാലത്തും വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടത് പൊതുജനങ്ങളുടെ അതൃപ്തിക്ക് കാരണമായി. 1998-ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാർട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായി സുഷമ സ്വരാജ് കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ച് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. പിന്നീട് നടന്ന തിരഞ്ഞെടു പ്പുകളിൽ തുടർച്ചയായി മൂന്ന് വട്ടം കോൺഗ്രസ് അധികാരത്തിലെത്തി. അതിന് ശേഷമാണ് ആം ആദ്‌മി പാർട്ടി യുഗം ആരംഭിച്ചത്. അതിന് അറുതിവരുത്തിയാണ് 27 വർഷത്തിന് ശേഷം ബിജെപി മുന്നേറ്റം ഡൽഹിയിൽ കാണുന്നത്.

ഈ വാർത്ത പങ്കുവെച്ച്, അഭിപ്രായങ്ങൾ രേഖപ്പെടുത്തതാണ് മറക്കരുത് 
 BJP is set to come to power in Delhi after three decades, leading in 42 seats, while AAP faces a significant setback, with only 27 seats.


 #DelhiElection, #BJPVictory, #AAPSetback, #DelhiPolitics, #IndianElection, #2025Elections

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia