Tragedy | ബിഹാര്‍ ജെഹാനാബാദിലെ സിദ്ധേശ്വരനാഥ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 7 പേര്‍ക്ക് ദാരുണാന്ത്യം; 35 പേര്‍ക്ക് പരിക്കേറ്റു
ദില്ലി: (KVARTHA) ബിഹാർ (Bihar) സംസ്ഥാനത്തെ ജെഹാനാബാദ് ജില്ലയിലുള്ള സിദ്ധനാഥ ക്ഷേത്രത്തിൽ (Siddheshwarnath Temple in Jehanabad) വൻ തിരക്ക് ഉണ്ടായതിനെ തുടർന്ന് ദാരുണമായ അപകടം (Accident) സംഭവിച്ചു. പെട്ടെന്നുണ്ടായ തിരക്കിൽ പലരും നിലംപതിക്കുകയും ചവിട്ടപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഏഴ് പേർക്ക് ജീവന്‍ നഷ്ടപ്പെട്ടു. കൂടാതെ, 35-ഓളം പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിൽ നടക്കുന്ന ഒരു പ്രത്യേക പൂജയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ആയിരക്കണക്കിന് ഭക്തജനങ്ങൾ. ഇതിനിടെ ക്ഷേത്രത്തിനുളളില്‍ തിരക്ക് വര്‍ധിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
വിശുദ്ധ സാവന്‍ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ച ക്ഷേത്രത്തിനുള്ളിലെ തിരക്ക് പൊതുവെ വര്‍ദ്ധിക്കുന്ന സമയത്താണ് സംഭവം. ഞായറാഴ്ച രാത്രി മുതല്‍ സിദേശ്വരനാഥ ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടതായി ക്ഷേത്രത്തിലുണ്ടായിരുന്ന ദൃക്സാക്ഷികള്‍ പറഞ്ഞു.
രാത്രി ഒരു മണിയോടെയാണ് തിക്കിലും തിരക്കിലും പെട്ടത്. ക്ഷേത്രത്തിലുണ്ടായിരുന്നവരെല്ലാം ജീവന്‍ രക്ഷിക്കാന്‍ വെപ്രാളപ്പെടുകയും പുറത്തുകടക്കാനായി ഓടാനും തുടങ്ങിയതോടെ, ഡസന്‍ കണക്കിന് ആളുകള്‍ ക്ഷേത്ര പരിസരത്ത് വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. അപകടത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഉടൻ തന്നെ അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
നേരത്തെ ജൂലൈ 2ന് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 'ഭോലെ ബാബ' എന്നറിയപ്പെടുന്ന ബാബ നാരായണ്‍ ഹരിയുടെ നേതൃത്വത്തിലുള്ള പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 120 പേര്‍ മരിച്ചിരുന്നു. ആയിരങ്ങള്‍ പങ്കെടുത്ത സത്സംഗത്തിനിടെയാണ് അപകടം ഉണ്ടായത്.
ഇത്തരത്തില്‍ ദാരുണമായ സംഭവങ്ങള്‍ നടക്കുന്നത് അപൂര്‍വമല്ല. കാരണം ഇന്ത്യയിലെ ക്ഷേത്രങ്ങളിലും മതപരമായ സമ്മേളനങ്ങളിലും തിക്കിലും തിരക്കിലും പെട്ട് നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ട്. 2005-ല്‍ മഹാരാഷ്ട്രയിലെ മന്ധര്‍ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 340-ലധികം ഭക്തരുടെ മരണവും 2008-ല്‍ രാജസ്ഥാനിലെ ചാമുണ്ഡാദേവി ക്ഷേത്രത്തില്‍ 250 പേരെങ്കിലും മരിച്ച ദുരന്തവും ഇതില്‍ ശ്രദ്ധേയമാണ്. 2008-ല്‍ ഹിമാചല്‍ പ്രദേശിലെ നൈനാ ദേവി ക്ഷേത്രത്തിലെ മതപരമായ സമ്മേളനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 162 പേരുടെ ജീവനും നഷ്ടപ്പെട്ടിരുന്നു.