Tragedy | ബാക്കിയായത് വിഷമിറങ്ങാതെ മണ്ണും മനുഷ്യരും; തലമുറകളെ വേട്ടയാടുന്ന ഭോപ്പാൽ ദുരന്തം 40 വർഷം പിന്നിടുമ്പോൾ
● നിരവധി കോടതി ഉത്തരവുകളും താക്കീതുകളും നിലനില്‍ക്കുന്നു.
● സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ യാതൊന്നും ചെയ്യുന്നില്ല.
● യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനിയുടെ അനാസ്ഥ.
ന്യൂഡൽഹി: (KVARTHA) രാജ്യംകണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന് നാൽപ്പത് വാർഷികം പിന്നിടുമ്പോഴും അതിൻ്റെ അലയൊലികൾ ഇന്നും തീക്കാറ്റ് പോലെ നിലനിൽക്കുന്നു. ദുരന്തത്തിന് ശേഷം ഫാക്ടറിയിൽ നിന്നും വമിച്ച അപകടകരമായ വിഷവസ്‌തുക്കൾ ഭോപ്പാലിന്റെ മണ്ണിൽനിന്ന് ഇതുവരെനീക്കം ചെയ്‌തിട്ടില്ല. വിഷവാതക ദുരന്തത്തിന് ഇടയാക്കിയ യൂണിയൻ കാർബൈഡ് ഫാക്‌ടറിയുടെ പരിസരം ഇപ്പോഴും വിഷമയമാണെന്നാണ് റിപ്പോർട്ടുകൾ.
നിരവധി കോടതി ഉത്തരവുകളും താക്കീതുകളും നിലനിൽക്കുമ്പോഴും സംസ്ഥാന സർക്കാർ പരിസ്ഥിതിയെ സംരക്ഷിക്കാൻ യാതൊന്നും ചെയ്യുന്നില്ലെന്നതാണ് ദുരന്തം. 337 ടൺ വിഷവസ്‌തുക്കൾ സുരക്ഷിതമായി സംസ്‌കരിക്കാനുള്ള പദ്ധതിക്കായി 126 കോടി രൂപ മധ്യപ്രദേശ് സർക്കാരിന് കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. അപ്പോഴും ഭീഷണി ഉയർത്തുന്ന വിഷമാലിന്യം ജനങ്ങളുടെ ഉറക്കംകെടുത്തുകയാണ്. 1984 ഡിസംബർ രണ്ടിന് രാത്രിയാണ് ഭോപ്പാലിൽ വിഷവാതകം ചോർന്നത്.
മീഥൈൽ ഐസോസൈനേറ്റ് എന്ന വിഷവാതകം ശ്വസിച്ച് പിടഞ്ഞുവീണവരെക്കൊണ്ട് ഭോപ്പാലിന്റെ ആശുപത്രിവളപ്പുകൾ നിറഞ്ഞു. യൂണിയൻ കാർബൈഡ് എന്ന അമേരിക്കൻ കമ്പനിയുടെ അനാസ്ഥയിൽ മരണത്തിന്റെ ഇരുട്ടിലേക്ക് വീണുപോയത് 2,259 പേരെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ മരണസംഖ്യ ഇതിലും എത്രയോ അധികം.
യാതനകൾ പേറി ജീവിച്ച 20,000ത്തോളം പേർ വൈകാതെ വിടപറഞ്ഞു. ഈ മണ്ണിൽ ഇന്ന് ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളും ജന്മവൈകല്യങ്ങൾ പേറുകയാണ്. ഒരു യുദ്ധമുണ്ടാക്കിയ വിനാശത്തെക്കാൾ കൂടുതലാണ് ഭോപ്പാലിലെ വ്യാവസായിക ദുരന്തം സമീപപ്രദേശങ്ങളിലെ മനുഷ്യർക്കിടെയിൽ ഉണ്ടാക്കിയത്. നാലു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും അതിൻ്റെ അലയൊലികൾ ഇപ്പോഴും തലമുറകളെപ്പോലും വേട്ടയാടുകയാണ്.
#BhopalGasTragedy #India #EnvironmentalDisaster #ToxicWaste #Justice