Allegation | വിവാഹിതരല്ലാത്ത കമിതാക്കള്‍ക്ക് റൂം നല്‍കുന്നത് വിലക്കണമെന്ന ആവശ്യവുമായി ബജ്റംഗ്ദള്‍; ബെംഗ്‌ളൂറില്‍ പുതിയ വിവാദം


● മുന്‍ ജില്ലാ കണ്‍വീനറുടെ നേതൃത്വത്തിലുള്ള സംഘമാണ് ആവശ്യം ഉന്നയിച്ചത്.
● ഉത്തര്‍പ്രദേശിലെ മീററ്റ് നഗരത്തില്‍ ഒയോ ഈ നിയമം നടപ്പാക്കിയിട്ടുണ്ട്.
● വ്യക്തി സ്വാതന്ത്ര്യത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും ഹനിക്കുന്നതാണെന്ന് വിമർശകർ.
ബെംഗ്‌ളുറു: (KVARTHA) വിവാഹിതരല്ലാത്ത കമിതാക്കള്‍ക്ക് ഒയോ ഹോട്ടലുകളില്‍ റൂം നല്‍കുന്നത് വിലക്കണമെന്ന ആവശ്യവുമായി ബജ്റംഗ്ദള്‍ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ബൃഹത് ബെംഗ്‌ളുറു മഹാനഗര പാലികെ (ബിബിഎംപി) കമ്മീഷണര്‍ തുഷാര്‍ ഗിരിനാഥ്, ബെംഗ്‌ളുറു സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ എന്നിവര്‍ക്ക് ബജ്റംഗ്ദള്‍ നിവേദനം സമര്‍പ്പിച്ചു. മുന്‍ ജില്ലാ കണ്‍വീനര്‍ തേജസ് എ ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഉത്തര്‍പ്രദേശിലെ മീററ്റ് നഗരത്തില്‍ ഒയോ ഈ നിയമം നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് ഒയോ അറിയിച്ചിട്ടുണ്ട്. വിവാഹിതരല്ലാത്ത കമിതാക്കള്‍ക്ക് റൂം നല്‍കുന്നതിനെതിരെ ഉയര്‍ന്ന പരാതികളെ തുടര്‍ന്നാണ് ഈ തീരുമാനം. ബെംഗ്‌ളൂറിലും ഇതേ നിയമം നടപ്പാക്കണമെന്ന് ബജ്റംഗ്ദള്‍ ആവശ്യപ്പെടുന്നു. ഹോംസ്റ്റേകള്‍, ലോഡ്ജുകള്‍, സര്‍വീസ് അപ്പാര്‍ട്ടുമെന്റുകള്‍, മറ്റ് ഹോട്ടലുകള്‍ എന്നിവിടങ്ങളിലും വിവാഹിതരല്ലാത്ത കമിതാക്കള്‍ക്ക് റൂം നല്‍കരുതെന്ന് നിവേദനത്തില്‍ പറയുന്നു.
വിവാഹിതരല്ലാത്ത കമിതാക്കള്‍ ഒരുമിച്ചു താമസിക്കുന്നത് അതിരുകള്‍ ലംഘിക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും ഇത്തരം സ്ഥലങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറാന്‍ സാധ്യതയുണ്ടെന്നും ബജ്റംഗ്ദള്‍ ആരോപിക്കുന്നു. ഈ വിഷയത്തില്‍ ബിബിഎംപിയും പൊലീസ് കമ്മീഷണറും ഗൗരവമായ നടപടിയെടുക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. ബജ്റംഗ്ദള്‍ നഗരത്തില്‍, പ്രത്യേകിച്ച് ശാന്തിനഗര്‍, ബിടിഎം ലേഔട്ട്, ജയനഗര്‍, ബൊമ്മനഹള്ളി തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് താമസിക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നും ബജ്റംഗ്ദള്‍ ആരോപിക്കുന്നു.
പിജികളുടെ മറവിലാണ് ഇവര്‍ ഒരുമിച്ചു താമസിക്കുന്നത്. ഇത് പാശ്ചാത്യ സംസ്‌കാരമാണെന്നും ഇതിനെ എതിര്‍ക്കണമെന്നും ബജ്റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ തേജസ് എ. ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. ആണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ പിജിയിലും പെണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ പിജിയിലുമായി താമസിക്കണം. ഒരുമിച്ചു താമസിക്കാന്‍ രാജ്യത്തെ ഒരു പാരമ്പര്യവും അനുവദിക്കുന്നില്ല. ഇതിന് അധികാരികളുടെ അനുമതി ലഭിച്ചിട്ടുണ്ടാവില്ല. എന്നിട്ടും പൊലീസും ബിബിഎംപി ഉദ്യോഗസ്ഥരും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഗൗഡ ആരോപിച്ചു.
ബജ്റംഗ്ദളിന്റെ ഈ ആവശ്യം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. വ്യക്തി സ്വാതന്ത്ര്യത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും ഹനിക്കുന്ന നിലപാടാണ് ബജ്റംഗ്ദളിന്റേതെന്ന് വിമര്‍ശകര്‍ പറയുന്നു. അതേസമയം, ഇന്ത്യന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കാനുള്ള ശ്രമമാണ് തങ്ങളുടേതെന്ന് ബജ്റംഗ്ദള്‍ വാദിക്കുന്നു.
#BajrangDal #Oyo #Bangalore #unmarriedcouples #privacy #India