Controversy | വനിതാ ഡോക്ടര്‍മാര്‍ രാത്രിസമയത്ത് ക്യാംപസില്‍ ചുറ്റിത്തിരിയരുത്; ആളനക്കം കുറവുള്ള ഭാഗങ്ങളിലേക്ക് പോകരുത്; വിവാദ ഉത്തരവുമായി അസമിലെ സില്‍ചര്‍ മെഡിക്കല്‍ കോളജ്
ഗുവാഹത്തി: (KVARTHA) കൊല്‍ക്കത്തയില്‍ വനിത പിജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ വിവാദ ഉത്തരവുമായി അസം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. വനിതാ ഡോക്ടര്‍മാരും ജീവനക്കാരും വിദ്യാര്‍ഥിനികളും രാത്രിസമയത്ത് മെഡിക്കല്‍ കോളജ് ക്യാംപസില്‍ ചുറ്റിത്തിരിയരുത്, ഒറ്റപ്പെട്ടതോ വെളിച്ചമില്ലാത്തതോ ആളനക്കം കുറവുള്ളതോ ആയ മേഖലകളിലേക്ക് പോകരുത്, മുന്‍കൂട്ടി വിവരം അറിയിച്ചശേഷമേ അത്യാവശ്യ കാര്യങ്ങള്‍ക്ക് രാത്രി സമയത്ത് ഹോസ്റ്റലില്‍നിന്നു പുറത്തു പോകാവൂ, ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ അവിടുത്തെയും കോളജിലേയും നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം, അടിയന്തര ഘട്ടങ്ങളില്‍ വിളിക്കാനുള്ള എമര്‍ജന്‍സി നമ്പറുകള്‍ എപ്പോഴും ഫോണില്‍ സൂക്ഷിക്കണം, എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ ഉടന്‍ ജന്‍ഡര്‍ ഹരാസ്‌മെന്റ് കമ്മിറ്റിയുടെ ചെയര്‍മാനെയോ അംഗങ്ങളെയോ വിവരമറിയിക്കണം എന്നിങ്ങനെയുള്ള ഉത്തരവാണ് അസമിലെ സില്‍ചര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ചീഫ് സൂപ്രണ്ടുമായ ഡോ. ഭാസ്‌കര്‍ ഗുപ്ത ഇറക്കിയത്. സംഭവം വലിയ വിവാദമായി മാറിയിരിക്കയാണ്.
ഇതോടെ ഡോക്ടര്‍മാരുടെയും വിദ്യാര്‍ഥികളുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന വിശദീകരണവുമായി ഡോ. ഭാസ്‌കര്‍ ഗുപ്ത രംഗത്തെത്തി. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയായ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞദിവസമായിരുന്നു വനിതാ ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
കോളജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്‌നയായ നിലയിലായിരുന്നു മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിനു പെണ്‍കുട്ടി ഇരയായതായി പോസ്റ്റ്‌മോര്‍ടം റിപ്പോര്‍ട്ടിലും കണ്ടെത്തി. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുകയാണ്. ഇതേതുടര്‍ന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തു.
#SilcharMedicalCollege #WomensSafety #IndiaNews #GenderEquality #CampusSafety