Supreme Verdict |  തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി; തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും വിചാരണ നേരിടണമെന്നും സുപ്രീംകോടതി 

 
 Antony Raju Faces Setback in Supreme Court Over Case
 Antony Raju Faces Setback in Supreme Court Over Case

Photo Credit: Facebook / Antony Raju

● ജഡ്ജിമാരായ സിടി രവികുമാര്‍, സഞ്ജയ് കാരോള്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.  
● വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും ഉത്തരവ്.

ന്യൂഡെല്‍ഹി: (KVARTHA) തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നും വിചാരണ നേരിടണമെന്നും സുപ്രീംകോടതി വിധിച്ചു. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചുവെന്നാണ് ആന്റണി രാജുവിനെതിരേയുള്ള ആരോപണം.


സാങ്കേതിക കാരണം പറഞ്ഞ് ആന്റണി രാജുവിനെതിരായ ക്രിമിനല്‍ നടപടി ഒഴിവാക്കിയതില്‍ കേരള ഹൈകോടതിക്ക് പിഴവു പറ്റിയെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, രാജുവിനെതിരായ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുമെന്നും വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടു. ജഡ്ജിമാരായ സിടി രവികുമാര്‍, സഞ്ജയ് കാരോള്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.  

അതേസമയം, നടപടിക്രമം പാലിച്ച് വീണ്ടും അന്വേഷണം നടത്താമെന്ന ഹൈകോടതി ഉത്തരവില്‍ പിഴവില്ലെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരില്‍ ഒരാളായ മാധ്യമപ്രവര്‍ത്തകന്‍ എംആര്‍ അജയന് കേസുമായി ബന്ധമില്ലെന്ന ആന്റണി രാജുവിന്റെ വാദം കോടതി തള്ളി. ഉത്തരവിന്റെ പ്രധാനഭാഗം തുറന്ന കോടതിയില്‍ വായിച്ചെങ്കിലും ചില തിരുത്തലുകള്‍ ആവശ്യമാണെന്നും അതിനുശേഷം വൈകിട്ടോടെ ഇത് പ്രസിദ്ധപ്പെടുത്തുമെന്നും ബെഞ്ച് വ്യക്തമാക്കി.


ആന്റണി രാജുവിനെതിരായ ക്രിമിനല്‍ കേസ് ഹൈകോടതി തള്ളിയതുമായി ബന്ധപ്പെട്ട് രണ്ടു പ്രത്യേകാനുമതി ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. നടപടിക്രമം പാലിച്ചു കേസില്‍ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട ഹൈകോടതി ഉത്തരവിലെ ഭാഗമാണ് ആന്റണി രാജു ചോദ്യം ചെയ്തത്. എന്നാല്‍, സാങ്കേതിക കാരണം പറഞ്ഞ് ആന്റണി രാജുവിനെതിരെ നേരത്തേ നിലനിന്ന ക്രിമിനല്‍ നടപടി റദ്ദാക്കിയ ഹൈകോടതി ഉത്തരവിലെ ഭാഗമാണ് എംആര്‍ അജയന്‍ ചോദ്യം ചെയ്തത്.

പൊലീസ് നല്‍കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ അല്ല, കോടതിയുടെ പക്കലുണ്ടായിരുന്ന തെളിവില്‍ കൃത്രിമത്വം കാട്ടിയെന്നതില്‍ പരാതിക്കാരനാകേണ്ടിയിരുന്നത് കോടതി തന്നെയായിരുന്നുവെന്നാണ് ഇതേക്കുറിച്ചു ഹൈകോടതി നിരീക്ഷിച്ചത്. ഇത് തെറ്റാണെന്നു വ്യക്തമാക്കുകയും കേസില്‍ നടപടികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനുമാണ് നിലവില്‍ ഹൈകോടതി നിര്‍ദേശിച്ചത്.

കേസിന്റെ നാള്‍വഴി ഇങ്ങനെ

1990 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കേസ് വിചാരണയ്‌ക്കെടുത്തു. 

ആന്റണി രാജു തന്റെ സീനിയര്‍ സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്ന് പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് ജഡ്ജ് കെവി ശങ്കരനാരായണന്‍ ഉത്തരവിറക്കി. എന്നാല്‍ തൊട്ടുപിന്നാലെ ഹൈകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു.

പ്രഗത്ഭനായിരുന്ന കുഞ്ഞിരാമ മേനോന്‍ ആയിരുന്നു പ്രതിക്ക് വേണ്ടി വക്കാലത്തെടുത്തത്. കേസില്‍ ഹൈകോടതി പ്രതിയെ വെറുതെവിട്ടു. പ്രതിയെ വെറുതെ വിടാന്‍ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. അടിവസ്ത്രം പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കുകയായിരുന്നു ഹൈകോടതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആന്‍ഡ്രൂ രാജ്യം വിട്ടു.

ഒസ്‌ട്രേലിയിലേക്ക് കടന്ന സാല്‍വദോര്‍ സര്‍വലി അവിടെ ഒരു കൊലക്കേസില്‍ പെടുകയുണ്ടായി. തുടര്‍ന്ന് മെല്‍ബണ്‍ റിമാന്‍ഡ് സെന്ററില്‍ തടവില്‍ കഴിയവെ സഹതടവുകാരനോട് കേരളത്തിലെ കേസില്‍, അഭിഭാഷകന്റെയും കോടതിയിലെ ക്ലാര്‍ക്കിന്റെയും സഹായത്തോടെ അടിവസ്ത്രം മാറ്റി കുറ്റവിമുക്തനായ കാര്യം ആന്‍ഡ്രൂ പറയുകയുണ്ടായി. 

സഹതടവുകാരന്‍ ഈ വിവരം കൊലക്കേസ് അന്വേഷിച്ച ഡിറ്റക്ടീവ് സംഘത്തിനോട് വിവരിക്കുന്നു. 1996 ജനുവരി 25 ന് രേഖപ്പെടുത്തിയ ഈ മൊഴി കാന്‍ബറയിലെ ഇന്റര്‍പോള്‍ യൂനിറ്റ് ഇന്ത്യയിലെ ഇന്റര്‍പോള്‍ യൂനിറ്റായ സി ബി ഐക്ക് അയച്ചു. സി ബി ഐ ഡെല്‍ഹി ആസ്ഥാനത്തു നിന്നാണ് ഈ കത്ത് കേരളാ പൊലീസിന് ലഭിക്കുന്നത്. 

ഈ കത്ത് കണ്ടെടുത്തതോടെ കേസില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെകെ ജയമോഹന്‍ ഹൈകോടതി വിജിലന്‍സിന് പരാതി നല്‍കി. മൂന്നുവര്‍ഷത്തെ പരിശോധനയ്ക്കുശേഷം ഇക്കാര്യം അന്വേഷിക്കാന്‍ ഹൈകോടതി ഉത്തരവിട്ടു.

ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍. ഇതിനിടെ ആന്റണി രാജു എംഎല്‍എയായി. 2005-ല്‍ കേസ് പുനരന്വേഷിക്കാന്‍ ഐജി ആയിരുന്ന ടിപി സെന്‍കുമാര്‍ ഉത്തരവിട്ടു. 2006-ല്‍ വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും എട്ടുവര്‍ഷം കേസ് വെളിച്ചം കണ്ടില്ല. 2014-ല്‍ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. വിചാരണയില്‍ ആന്റണി രാജു ഹാജരാകാത്തതിനാല്‍ കേസ് നിരന്തരം മാറ്റിവെക്കേണ്ടിവരുന്നുവെന്നാണ് ആരോപണം. 22 തവണയാണ് കേസ് പരിഗണിച്ചത്.

#AntonyRaju #SupremeCourt #KeralaPolitics #ThondimuthalCase #LegalUpdate #NarcoticsCase

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia