Controversy | ശശിയിലൂടെ മറ്റൊരു ശശിയുടെ ദാസനുള്ള കൊട്ട്! എംവി ഗോവിന്ദൻ മാസ്റ്റർ ചെയ്യുന്നതും ചെയ്യേണ്ടതും
* എം വി ഗോവിന്ദൻ, പി.കെ. ശശിയുടെ നടപടികളെ കുറിച്ച് രൂക്ഷ വിമർശനം നടത്തി, പ്രത്യേകിച്ച് സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച്.
കെ ആർ ജോസഫ്
(KVARTHA) ശശിയിലൂടെ മറ്റൊരു ശശിയുടെ ദാസനുള്ള കൊട്ട്. പിന്നെ രണ്ട് ദിവസം മുന്നേ ശശി പുണ്യാളൻ എന്ന് പറഞ്ഞയാളാണ് എംവി ഗോവിന്ദൻ മാഷ് എന്നോർക്കണം. പി ശശിയെ രക്ഷിക്കാന്‍ തീവ്രത കുറഞ്ഞ ശശിയെ ബലിയാടാക്കുന്നു. അതല്ലേ സത്യം. ഇപ്പോൾ കേൾക്കുന്ന വാർത്തയെന്തെന്നാൽ പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചുവെന്നാണ്.
സി പി എം പാലക്കാട് മേഖല റിപ്പോർട്ടിംഗിലാണ് പികെ ശശിക്കെതിരെ തുറന്നടിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം.
സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതിയെന്നും സിപിഎം ജില്ല സെക്രട്ടറിയെ കള്ളു കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാൻ ശ്രമിച്ചുവെന്നും എംവി ഗോവിന്ദൻ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയെ കള്ളു കേസിൽ കുടുക്കാൻ പികെ ശശി ഒരു മാധ്യമപ്രവർത്തകനുമായി ഗൂഡാലോചന നടത്തി. ഇതിന്‍റെ തെളിവുകൾ പാർട്ടിക്ക് ലഭിച്ചുവെന്നും പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
പികെ ശശിക്കെതിരെ പരാതി കിട്ടിയിട്ടുണ്ടോയെന്ന് നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത്തരമൊരു പരാതിയൊന്നുമില്ലെന്നായിരുന്നു എംവി ഗോവിന്ദൻ പറഞ്ഞിരുന്നത്. എന്നാല്‍, പികെ ശശിക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണിപ്പോള്‍ എംവി ഗോവിന്ദൻ രൂക്ഷ വിമര്‍ശനം നടത്തുന്നത്. പാർട്ടി ഫണ്ട് തിരിമറി കേസിലാണ് മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്കെതിരെ സിപിഎം നടപടിയെടുത്തത്. പി.കെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കികൊണ്ടാണ് നടപടി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തിരുന്നു.
മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. പുത്തലത്ത് ദിനേശന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷിച്ചത്. പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്സൽ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. ഇതോടെ പികെ ശശിക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി. ഇത്രയധികം ക്രിമിനൽസ് എങ്ങനെ പാർട്ടിയുടെ മുഖം ആയി എന്ന് എനിയെങ്കിലും ചിന്തിക്കാം. ഈ പാർട്ടിയിൽ ചേർന്നാൽ എന്ത് കുറ്റം ചെയ്താലും സംരക്ഷിക്കാൻ ആളുണ്ടാവും എന്നത് കൊണ്ടാണ് എല്ലാ ക്രിമിനൽസും ഇതിലേക്ക് കുമിഞ്ഞു കൂടുന്നത് എന്നുവേണം പറയാൻ.
ഒരു വനിതാ സഖാവിനു നേരെ അപമര്യാദയായി പെരുമാറിയ, ഒരു കമ്യൂണിസ്റ്റ് മൂല്യവുമില്ലാത്ത ഇയാളെ അന്നേ പാർട്ടിയിൽ നിന്നും കളഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് പ്രതികരിക്കുന്നവരുണ്ട്. ഇതിപ്പോൾ പാർട്ടി പദവികൾ ഉപയോഗിച്ച് കോടികളുണ്ടാക്കിയിട്ട് നടപടിയെടുത്തിരിക്കുന്നു. ഇനി അയാൾക്ക് പുല്ലാണ്. പി.കെ ശശി മാത്രമല്ല പലരും ഇപ്പോൾ സി.പി.എമ്മിൽ അങ്ങിനെ തന്നേയെന്നാണ് ആക്ഷേപം, അതാണ് ജനം സി.പി.എമ്മിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്നത്.
സെക്രട്ടറി സഖാവിന് ഇപ്പഴല്ലേ മനസ്സിലായുള്ളു. അടിത്തട്ടിൽ പ്രവർത്തിക്കുന്ന എല്ലാ സഖാക്കൾക്കും വർഷങ്ങൾക്ക് മുമ്പേ രണ്ട് ശശികളേയും നന്നായി മനസ്സിലായതാ. രണ്ടിനേയും പുറത്താക്കിയിട്ടും അതിലും വലിയ സ്ഥാനങ്ങൾ കൊടുത്ത് പ്രതിഷ്ഠിച്ചത് മറ്റു പാർട്ടിക്കാരൊന്നുമല്ലല്ലോ. ഇതിലും കൂടുതൽ പാർട്ടിക്ക് സൽപേര് വാങ്ങിത്തരാനായിരിക്കും ഇനിയും ഇവരെ തലയിൽ ചുമക്കുന്നത്. നീചമായ പ്രവൃത്തികൾ ചെയ്യുന്നവർ തന്നെയാണ് ഇപ്പോൾ പല ഉത്തരവാദിത്ത സ്ഥാനങ്ങളിലും ഉള്ളത്. അതുകൊണ്ടല്ലേ കെടിഡിസിയുടെ ചെയർമാൻ ഇപ്പോഴും പി കെ ശശി തന്നെ ആയിരിക്കുന്നത്.
എന്തായാലും ഗോവിന്ദൻ മാഷിനെക്കാൾ പിടിപാടാണ് പാർട്ടിയിൽ ശശിമാർക്ക് ഉള്ളതെന്ന് കേരള സമൂഹം മനസ്സിലാക്കുന്നു. കാരണം ഇത്രയൊക്കെ ആയിട്ടും ശശി ഇപ്പോഴും കെ.ഡി.ടി.സി ചെയർമാൻ തന്നെയായിരിക്കുന്നത് അതാണ് തെളിയിക്കുന്നത്. സത്യത്തിൽ മാഷ് അതുമിതും പറഞ്ഞു ശശി ആയത് മിച്ചം. കേരളത്തിലെ പാർട്ടിയുടെ സെക്രട്ടറിക്ക് ഒരു വിലയും ചില കേന്ദ്രങ്ങൾ നൽകുന്നില്ല എന്നത് വ്യക്തം. ഇത്തരം രീതികൾ പാർട്ടിക്ക് ഗുണം ചെയ്യില്ല. ഗോവിന്ദ൯ മാസ്റ്റ൪ പാ൪ട്ടി സെക്രട്ടറി ആകുന്നിന് മു൯മ്പ് വരെ എല്ലാവരും കരുതിയത് ഈ പാ൪ട്ടിയിൽ വിവരവും പക്വതയും ആദ൪ശധീരനുമായി ഒരാളെങ്കിലും ഉണ്ടെന്നാണ്.
മാഷിന് ഭരണകക്ഷിയിൽ പെട്ട പി വി അൻവർ എംഎൽഎ പറഞ്ഞത് അന്വേഷിച്ച് അതിലെ കുറ്റക്കാർക്കെതിരെ ശക്തമായി നടപടിയെടുക്കുകയാണ് വേണ്ടത്. അതിന് മാഷിന് കഴിയുമോ?. ഒരു വശത്തെ വേറൊരു നയം മറുവശത്ത് വേറൊരു നയം. ഇതിനെയാണ് ഇരട്ടത്താപ്പ് എന്ന് പറയുന്നത്. അളവിൽ കവിഞ്ഞ ആദായവും അധികാരവും കൊണ്ട് മനുഷ്യത്വം മരവിച്ച രാജാക്കന്മാർക്ക് ഉണ്ടോ ഹൃദയം എന്ന് ചോദിക്കുന്നത് ഇവിടുത്തെ സാധാരണക്കാരായ സഖാക്കന്മാരാണെന്ന് തിരിച്ചറിയുക.
#MVGovindan #PKShashi #CPMControversy #KeralaPolitics #PartyScandals #InternalIssues