Lottery | 'ഒറ്റ നമ്പർ ലോട്ടറി' എന്താണ്, എവിടെയാണ് ഇതുള്ളത്? വിശദമായി അറിയാം
* ലോട്ടറി ഫലങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള ആപ്പ് വ്യാപാരികൾ സ്വയം ഡൗൺലോഡ് ചെയ്യുന്നു.
റോക്കി എറണാകുളം
(KVARTHA) ലോട്ടറി എന്നത് പൊതുവായ, സുപരിചിതമായ വാക്കാണ്. ലോട്ടറി ടിക്കറ്റ് എടുക്കുന്നവരും ധാരാളം. അംഗീകൃതമായതാണ് പല ലോട്ടറികളും. എന്നാൽ അംഗീകൃതമല്ലാത്ത ലോട്ടറികളും ഇവിടെ സർവസാധാരണമായിരിക്കുന്നു. ലോട്ടറിയ്ക്ക് ഇന്ത്യയിൽ വൻ മാർക്കറ്റ് ഉണ്ടെന്ന് തിരിച്ചറിഞ്ഞു കൊണ്ട് തന്നെ വ്യക്തികൾ നടത്തുന്ന ലോട്ടറികളും ഓൺലൈൻ ലോട്ടറികളുമൊക്കെ വർദ്ധിച്ചു വന്നുകൊണ്ടിരിക്കുന്നു. അത്തരത്തിൽ മുംബൈ കേന്ദീകരിച്ച് സ്വകാര്യ വ്യക്തികൾ നടത്തുന്ന ലോട്ടറി വ്യാപാരമാണ് ഒറ്റ നമ്പർ ലോട്ടറി.
ഇത് കേരളത്തിൽ ജീവിക്കുന്നവർക്ക് പരിചിതമല്ലെങ്കിലും മുംബൈയിൽ ജീവിക്കുന്നവർക്ക് സുപരിചിതവുമാണ്. മുംബൈയിലെ ഓൺലൈൻ ലോട്ടറികളുടെ സൈറ്റിനെ ആശ്രയിച്ചു സ്വകാര്യവ്യക്തികൾ നടത്തുന്ന ലോട്ടറി വ്യാപാരമായ ഒറ്റ നമ്പർ ലോട്ടറിയെക്കുറിച്ച് വന്ന ഒരു കുറിപ്പ് ആണ് പൊതുശ്രദ്ധയാകർഷിക്കുന്നത്. അതിൽ പറയുന്ന കാര്യങ്ങളിലൂടെ നമുക്ക് 'ഒറ്റ നമ്പർ ലോട്ടറി'യെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്.
കുറിപ്പിൽ പറയുന്നത്: 'മുംബൈയിലെ ഓൺലൈൻ ലോട്ടറികളുടെ സൈറ്റിനെ ആശ്രയിച്ചു സ്വകാര്യവ്യക്തികൾ നടത്തുന്ന ലോട്ടറി വ്യാപാരമാണ് ഒറ്റ നമ്പർ ലോട്ടറി. ഇതിൽ ദിനംപ്രതി സാധാരണക്കാരുടെ ആയിരങ്ങളാണു മറിയുന്നത്. തുണ്ടു കടലാസുകൾ വച്ചാണു കച്ചവടം. രാവിലെ 11 മുതൽ രാത്രി 7 വരെയാണു ഈ ലോട്ടറിയുടെ കച്ചവടം. ഓരോ മണിക്കൂർ ഇടവിട്ടു ഫലം വരും. ഓരോ മണിക്കൂറിലേക്കും മാറി മാറി ടിക്കറ്റെടുക്കുന്നവരും ഉണ്ട്. ഒരു ടിക്കറ്റിന് 12 രൂപയാണ് വില. നറുക്കടിച്ചാൽ 100 രൂപ കിട്ടും. പക്ഷേ, ഓരോ മണിക്കൂറിലും പത്തും ഇരുപതും ടിക്കറ്റ് ഒന്നിച്ചെടുക്കുകയാണു പലരും.
അംഗീകൃത ലോട്ടറി വ്യാപാരത്തെയും ഒറ്റ നമ്പർ ലോട്ടറി പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുംബൈയിലെ ഓൺലൈൻ ലോട്ടറിയുടെ സൈറ്റ് ആരു പ്രവർത്തിപ്പിക്കുന്നുവെന്നോ ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നോ ഒന്നും വ്യാപാരികൾക്ക് അറിയില്ല. അവരുമായി ഒരു ബന്ധവുമില്ലാതെയാണ് കച്ചവടം. 0 മുതൽ 9 വരെയുള്ള ഏതു നമ്പറാണോ നിങ്ങൾ പറയുന്നത്, ആ നമ്പർ നിങ്ങളുടെ പേരിൽ ഒരു തുണ്ടുകടലാസിൽ രേഖപ്പെടുത്തും. നിങ്ങൾ എത്ര ലോട്ടറി എടുക്കുന്നുവെന്നു പറയുന്നോ ആ സംഖ്യയും രേഖപ്പെടുത്തും. ഓരോ മണിക്കൂറിലും നറുക്കെടുപ്പ് ഉള്ളതിനാൽ ഏതു സമയത്തേക്കുള്ള നറുക്കെടുപ്പിലാണു നിങ്ങൾ പങ്കെടുത്തിരിക്കുന്നത് എന്ന സമയവും രേഖപ്പെടുത്തും.
നിങ്ങളുടെ നമ്പറിനാണു നറുക്കടിക്കുന്നതെങ്കിൽ ഈ തുണ്ടുകടലാസുമായി പോയാൽ അവർ ഒരു ലോട്ടറിക്ക് 100 രൂപ വച്ചു നൽകും. വെറും കടലാസുകഷ്ണം വച്ചുള്ള കച്ചവടമായതിനാൽ സ്ഥിരം വരുന്നവർക്കല്ലാതെ പുതിയ ആളുകൾക്കു പങ്കെടുക്കാൻ ബുദ്ധിമുട്ടാണ്. മുംബൈയിലെ ഒരു ഓൺലൈൻ ലോട്ടറിയുടെ സൈറ്റിനെ ആശ്രയിച്ചാണ് കച്ചവടം. അവിടെ ഓരോ 15 മിനിറ്റിലും നറുക്കെടുപ്പുണ്ട്. എന്നാൽ, ഇതിൽ ഓരോ മണിക്കൂറിലുള്ള നറുക്കെടുപ്പു ഫലമാണ് ഇവിടെയുള്ള കച്ചവടക്കാർ ആശ്രയിക്കുന്നത്. അവർ ഫലം പ്രസിദ്ധീകരിക്കുന്ന നാലക്ക നമ്പറിലെ മൂന്നാമത്ത അക്കം ആണ് ഇവിടത്തെ കച്ചവടക്കാർ സമ്മാനാർഹ നമ്പർ ആയി കണക്കാക്കുക.
ഉദാഹരണത്തിന് 6789 എന്ന നമ്പറിനാണ് മുംബൈ സൈറ്റിൽ ലോട്ടറി അടിക്കുന്നതെങ്കിൽ ഇവിടെ 8 എന്ന നമ്പർ രേഖപ്പെടുത്തി തുണ്ടു കടലാസ് വാങ്ങിയവർക്കു സമ്മാനം കിട്ടും. ലോട്ടറി വിൽപന നടത്തി കിട്ടുന്ന സംഖ്യയിൽ നിന്നു വേണം വ്യാപാരികൾ സമ്മാനത്തുക നൽകാൻ. മറ്റാരുമായും ഇവർക്ക് ബന്ധമില്ല. ചുരുക്കത്തിൽ, ലോട്ടറി എടുക്കുന്നവരെപ്പോലെ ഒരു ഭാഗ്യപരീക്ഷണത്തിലാണു വ്യാപാരികളും.
കൂടുതൽ പേർ ഒരേ നമ്പർ രേഖപ്പെടുത്തി വാങ്ങുകയും ആ നമ്പറിനു സമ്മാനം അടിക്കുകയും ചെയ്താൽ വൻനഷ്ടം ഇവർക്കു സംഭവിക്കും. അത്തരം സാഹചര്യത്തിൽ അടുത്ത മണിക്കൂറിലെ വ്യാപാരത്തിൽ ലാഭം ഉണ്ടാവും എന്നു പ്രതീക്ഷിച്ചു കച്ചവടം തുടരുകയാണു വിൽപനക്കാർ. മുംബൈയിലെ ഓൺലൈൻ ലോട്ടറിയുടെ ഫലം അപ്ഡേറ്റ് ചെയ്യുന്ന ആപ്, ലോട്ടറി എടുക്കുന്നവരുടെ മൊബൈലിലേക്കു വ്യാപാരികൾ തന്നെ ഡൗൺ ലോഡ് ചെയ്തു തരും. പിന്നെ, ഈ ആപ്പിൽ ഓരോ മണിക്കൂറിലും ഫലം അറിയാം'.
എന്തൊക്കെ ലോട്ടറിയാണ് ഉള്ളതെന്ന് ഈ അവസത്തിൽ നാം അതിശയിച്ചുപോകുക സ്വഭാവികം. ഇതിൽ എത്രയെണ്ണമാണ് മനുഷ്യന് ഗുണകരമാകുന്നതെന്നതാണ് ചിന്തിക്കേണ്ടത്. ഒരാളുടെ കീശ കാലിയാക്കാതെ കീശ നിറക്കാൻ ഇതൊക്കെ ഉപകാരപ്പെട്ടിരുന്നെങ്കിൽ ഈ നാട് രക്ഷപ്പെട്ടേനെ. ഇല്ലെങ്കിൽ മദ്യത്തെക്കാൾ അപകടമാവും ഇതുപോലെയുള്ള ലോട്ടറികളും, ചൂഷണം ചെയ്യപ്പെടുന്നത് പാവപ്പെട്ടവനും. ആളുകളുടെ പണത്തോടുള്ള ആർത്തി ചൂഷണം ചെയ്യപ്പെടുകയെന്നതാണ് ഇതുപോലെയുള്ള ഒരോ ലോട്ടറികളുടെയും ലക്ഷ്യവും. അതിനാൽ മദ്യത്തിന് ബോധവത്ക്കരണമെന്നപോലെ ഇതിലും ഒരു ബോധവത്ക്കരണം പൊതുസമൂഹത്തിൽ ആവശ്യമായിരിക്കുന്നു.