IMEI number | ഒരേ ഐഎംഇഐ നമ്പറുള്ള 1.5 ലക്ഷം മൊബൈൽ ഫോണുകൾ! സൂക്ഷിക്കണം ഈ തട്ടിപ്പ്
ഫോൺ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ, അത് കണ്ടെത്താൻ ഐഎംഇഐ നമ്പർ ഉപയോഗിക്കുന്നു
ന്യൂഡെൽഹി: (KVARTHA) ഐഎംഇഐ (IMEI) എന്നത് ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെൻറ് ഐഡൻറിറ്റി എന്നതിന്റെ ചുരുക്കപ്പേരാണ്. ഓരോ മൊബൈൽ ഫോണിനും നൽകിയിരിക്കുന്ന പ്രത്യേക നമ്പറാണിത്. ഫോണിന്റെ ഹാർഡ്‌വെയർ തിരിച്ചറിയാൻ ഈ നമ്പർ ഉപയോഗിക്കുന്നു. കഴിഞ്ഞ ദിവസം ബംഗ്ലാദേശിൽ 150,000 ൽ കൂടുതൽ മൊബൈൽ ഫോണുകൾ ഒരേ ഐഎംഇഐ നമ്പറിൽ പ്രവർത്തിക്കുന്നതായി ടെലികോം വകുപ്പ് കണ്ടെത്തി. ഇവ മിക്കതും മോഷ്ടിക്കപ്പെട്ടതോ വിദേശത്തു നിന്ന് കൊണ്ടുവന്നതോ ആയ ഫോണുകളാണ്.
ഇത്തരം ഫോണുകൾ സാധാരണയായി കുറഞ്ഞ വിലയിൽ അറിയാതെ വാങ്ങുന്ന ഉപഭോക്താക്കൾക്കും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഇതേ തുടർന്ന്, ടെലികോം വകുപ്പ് എല്ലാ രജിസ്ട്രേഡ് മൊബൈൽ ഫോണുകളും പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപയോക്താക്കൾ തങ്ങളുടെ ഫോൺ ഒറിജിനൽ ആണോ എന്ന് പരിശോധിക്കാനും നിർദേശിച്ചു. ഇന്ത്യയിലും പല സ്ഥലങ്ങളിലും സമാന സംഭവം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വലിയ തട്ടിപ്പ്
ഐഎംഇഐ നമ്പർ ഓരോ ഫോണിനും വ്യത്യസ്തമാണ്. ഫോണുകൾ ഒരേ ഐഎംഇഐ നമ്പറിൽ പ്രവർത്തിക്കുന്നത് വലിയ തട്ടിപ്പാണ്. ഇത് നിരവധി സുരക്ഷാ - സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഒരേ ഐഎംഇഐ നമ്പറുള്ള ഫോണുകൾ പലപ്പോഴും മോഷ്ടിക്കപ്പെട്ട ഫോണുകളായിരിക്കാം. ഇവയുടെ യഥാർത്ഥ ഐഎംഇഐ നമ്പർ മാറ്റി വ്യാജ നമ്പർ നൽകി പുനരുപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്നു.
ചില ഫോണുകൾ നിയമവിരുദ്ധമായി രാജ്യത്തേക്ക് കടത്തുന്നു. പിടികൂടുന്നത് ഒഴിവാക്കാൻ ഇത്തരം ഫോണുകൾക്ക് വ്യാജ ഐഎംഇഐ നമ്പർ നൽകുന്നു. ഒരേ ഐഎംഇഐ ഉള്ള ഒന്നിലധികം ഉപകരണങ്ങൾ നെറ്റ്‌വർക്ക് പ്രശ്‌നത്തിന് കാരണമാകുകയും യഥാർത്ഥ ഉപയോക്താക്കൾക്ക് സേവനം തടസ്സപ്പെടുത്തുകയും ചെയ്യും.
ശ്രദ്ധിക്കാം
നിങ്ങളുടെ ഫോണിൽ *#06# ഡയൽ ചെയ്താൽ ഐഎംഇഐ നമ്പർ സ്ക്രീനിൽ ദൃശ്യമാകും. സെറ്റിംഗ്സ് മെനുവിൽ പോയി 'About Phone' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഐഎംഇഐ നമ്പർ ഇവിടെയും കാണാം.
ചില ഫോണുകളിൽ, ബാറ്ററിയ്ക്ക് താഴെ അല്ലെങ്കിൽ സിം കാർഡ് സ്ലോട്ടിന് സമീപം ഐഎംഇഐ നമ്പർ രേഖപ്പെടുത്തിയിരിക്കും.
ഫോൺ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ, അത് കണ്ടെത്താൻ ഐഎംഇഐ നമ്പർ ഉപയോഗിക്കുന്നു. ഇതുകൂടാതെ, നിങ്ങൾ പുതിയ ഫോൺ വാങ്ങുമ്പോൾ, മൊബൈൽ ഫോൺ മുമ്പ് ഉപയോഗിച്ചിട്ടില്ലെന്ന് ഐഎംഇഐ നമ്പറിൻ്റെ സഹായത്തോടെ നിങ്ങൾക്ക് അറിയാനാകും. IMEI(dot)info എന്ന വെബ്‌സൈറ്റിൽ പോയി ഐഎംഇഐ നമ്പർ നൽകിയാൽ ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണാം. കൂടാതെ അംഗീകൃത റീട്ടെയിലർമാരിൽ നിന്ന് മാത്രം ഫോൺ വാങ്ങുക. ഇത് മോഷ്ടിച്ചതോ കടത്തിയതോ ആയ ഫോൺ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.