Analysis | കനലണയാതെ ജമ്മു കാശ്മീർ; മഞ്ഞുപാളികളിൽ ചുവപ്പ് പൊട്ടായി യൂസഫ് തരിഗാമി
● നിയോജക മണ്ഡല പുനർനിർണയം ഉൾപ്പെടെ നിരവധി വെല്ലുവിളികൾ തരണം ചെയ്തു.
● ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാർഥിയെ പരാജയപ്പെടുത്തി.
കനവ് കണ്ണൂർ
(KVARTHA) ദേശീയ രാഷ്ട്രീയത്തിൽ ദുർബലമായി കൊണ്ടിരിക്കുന്ന സിപിഎമ്മിന് ആശ്വാസം പകരുന്നതാണ് ജമ്മു കശ്മീരിലെ സിറ്റിങ് സീറ്റ് നിലനിർത്തിയത്. അഞ്ച് തവണ ഒരു പാർട്ടിസ്ഥാനാർത്ഥി ഒരേ സീറ്റിൽ തന്നെ വിജയിക്കുകയെന്നത് നിസാര കാര്യമല്ല. നാഷണൽ കോൺഫറൻസ്-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യത്തിന്‍റെ സ്ഥാനാർഥിയായാണ് സിപി.എം നേതാവായ യൂസഫ് തരിഗാമി ഇക്കുറി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി സയാർ അഹമ്മദ് റെഷിയാണ് രണ്ടാമതെത്തിയത്. പിഡിപി സ്ഥാനാർഥി മുഹമ്മദ് അമീൻ ദർ മൂന്നാമതായി. നാല് തവണ വെന്നിക്കൊടി പാറിച്ച കുൽഗാമിൽ അഞ്ചാമങ്കത്തിനായി ഇക്കുറി തരിഗാമി ഇറങ്ങുമ്പോൾ കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്ന വിലയിരുത്തലാണ് പൊതുവേ ഉയർന്നത്. ജമാഅത്തെ ഇസ്ലാമിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് തരിഗാമിക്ക് വെല്ലുവിളിയാകുമെന്ന് അഭിപ്രായങ്ങളുയർന്നിരുന്നു.
ജമാ അത്തെ ഇസ്ലാമിക്ക് ശക്തമായ സ്വാധീനമുള്ള ഇടമാണ് കുൽഗാം. അതുമാത്രമല്ല, നിയോജകമണ്ഡല പുനർനിർണയവും തരിഗാമിക്ക് തിരിച്ചടിയായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 2022ൽ അതിർത്തി പുനർനിർണയിച്ചതോടെ കമ്മ്യൂണിസ്റ്റ് വോട്ടുകളുടെ കേന്ദ്രങ്ങൾപലതും തൊട്ടടുത്ത നിയോജകമണ്ഡലങ്ങളിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടിരുന്നു. ഇതിനൊക്കെ പുറമേയായിരുന്നു തരിഗാമിയുടെ അടുപ്പക്കാരിലൊരാളായ മുഹമ്മദ് അമീൻ ദറിന്റെ കൂറുമാറ്റം. ഇടതുകോട്ട വിട്ട് പിഡിപിയിലെത്തിയ അമീൻ ദർ തരിഗാമിക്കെതിരെ മത്സരത്തിനിറങ്ങിയത് പ്രവർത്തകരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.
2003 മുതൽ തരിഗാമിക്കൊപ്പമുണ്ടായിരുന്ന എൻജിനീയർ മൊഹമ്മദ് അഖീബും മാസങ്ങൾക്കു മുമ്പ് പാർട്ടി വിട്ട് പോയി ജമ്മു ആൻഡ് കശ്മീർ അപ്നി പാർട്ടി ടിക്കറ്റിൽ മത്സരത്തിനിറങ്ങിയതും വെല്ലുവിളിയായിരുന്നു. എന്നാൽ, ഇതൊന്നും തന്നിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കില്ലെന്നായിരുന്നു തരിഗാമിയുടെ ആത്മവിശ്വാസം. ജനങ്ങൾ തന്നോടൊപ്പം നിൽക്കുമെന്ന ഒരു ഉറച്ച കമ്യുണിസ്റ്റുകാരൻ്റെ ബോധ്യം തന്നെ ഒടുവിൽ വിജയിച്ചു. കല്ലും മുള്ളും ചവിട്ടിയാണ് കാശ്മീരിൽ നിന്നും ദേശീയനേതാവിലേക്കുള്ള തരിഗാമിയുടെ യാത്ര.
1949ൽ കുൽഗാമിലെ തരിഗാമി ഗ്രാമത്തിലാണ് യൂസഫ് തരിഗാമിയുടെ ജനനം. ഇടത്തരം കുടുംബം, പിതാവ് കർഷകനായിരുന്നു. 1967ലാണ് തരിഗാമി രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. കോളജ് പഠനകാലമായിരുന്നു, കർഷകരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടമായിരുന്നു പൊതുപ്രവർത്തനത്തിലേക്കും രാഷ്ട്രീയത്തിലേക്കും തരിഗാമിയെ കൈപിടിച്ചുനടത്തിയത്. 1970കളിൽ കശ്മീരിലെ നഗരപ്രാന്തങ്ങളിൽ തരിഗാമി അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനായി. സോവിയറ്റ് യുഗത്തിൽ ശ്രീനഗറിലും മറ്റുമുള്ള ഇടതുപ്രവർത്തകരോട് തോൾചേർന്ന് തരിഗാമി പ്രവർത്തിച്ചു.
എന്നാൽ 1980കളുടെ അവസാനം സോവിയറ്റ് റഷ്യയുടെ പതനത്തോടെ ഉണ്ടായ അരക്ഷിതാവസ്ഥയും ഇൻഡ്യൻ കോഫി ഹൗസ് സ്ഫോടനവും തരിഗാമിയെയും സുഹൃത്തുക്കളെയും പ്രതിസന്ധിയിലാക്കി. പല സഖാക്കളെയും തരിഗാമിക്ക് നഷ്ടമായി. പിന്നാലെ അദ്ദേഹത്തിന് രാഷ്ട്രീയവനവാസത്തിന് പോകേണ്ടി വന്നു. ഒടുവിൽ 1996ൽ വർത്തമാന കശ്മീരിലെ ഏതൊരു സ്വതന്ത്ര രാഷ്ട്രീയനേതാക്കളെയും പോലെ തരിഗാമിയും കലാപാനന്തര രാഷ്ട്രീയ ശൂന്യത അവസാനിപ്പിക്കാൻ തീരുമാനിച്ച് പൊതുരംഗത്ത് സജീവമായി.
ഇന്ത്യൻ നിയമങ്ങളനുസരിച്ചുള്ള തെരഞ്ഞെടുപ്പ് ഹറാമാണെന്ന് ജമാഅത്തെ ഇസ്ലാമിയുടെ ഫത്‌വ തരിഗാമിയുടെ വളർച്ചയ്ക്ക് സഹായകമായി. 1996, 2002, 2008, 2014 തിരഞ്ഞെടുപ്പുകളിൽ കുൽഗാമിൽ നിന്ന് നിയമസഭയിലെത്തി. കശ്മീരിലെ മുത്തശ്ശി പാർട്ടിയായ നാഷണൽ കോൺഫറൻസ് തരിഗാമിക്കെതിരെ ശക്തരായ നേതാക്കളെ മത്സരരംഗത്തിറക്കിയില്ല എന്നതും അദ്ദേഹത്തിന് ഗുണകരമായി. ഇത്തവണ തിരഞ്ഞെടുപ്പിലും തങ്ങളുടെ സ്ഥാനാർത്ഥിയായ ഇമ്രാൻ നബി ദറിനെ നാഷണൽ കോൺഫറൻസ് ഇൻഡ്യാ മുന്നണിയുടെ ധാരണയുടെ ഭാഗമായിപിൻവലിക്കുകയായിരുന്നു.
വിദ്യാർത്ഥി പ്രശ്നത്തിൽ തുടങ്ങി സംസ്ഥാനം നേരിടുന്ന അതീവഗുരുതര സാഹചര്യത്തെ വരെ തരിഗാമി അഭിസംബോധന ചെയ്തു, അവയ്ക്കു വേണ്ടി ശബ്ദമുയർത്തി. നിരവധി തവണ തരിഗാമി പൊലീസ് കസ്റ്റഡിയിലായി, വീട്ടുതടങ്കലിലാവുന്ന സാഹചര്യം വരെ ഉണ്ടായി. അതേസമയം തന്നെ നിരവധി കൊലപാതകശ്രമങ്ങളെയും അദ്ദേഹം അതിജീവിക്കേണ്ടതായി വന്നു. 2009ൽ ശ്രീനഗറിലെ തുൾസിബാഗിലുണ്ടായ ചാവേറാക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് തരിഗാമി രക്ഷപ്പെട്ടത്. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ സമയത്ത് സൈന്യം തരിഗാമിയെ വീട്ടുതടങ്കലിലാക്കിയിരുന്നു.
അന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോടതിയുടെ അനുമതിയോടെ തരിഗാമിയെ സന്ദർശിക്കാനെത്തിയതും ദേശീയ ശ്രദ്ധ നേടിയ സംഭവമായിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രൂപീകൃതമായ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മ ഗുപ്കാര്‍ മൂവ്‌മെന്റിന്റെ വക്താവ് കൂടിയാണ് യൂസഫ് തരിഗാമി. ദേശീയ രാഷ്ട്രീയത്തിൽ പശ്ചിമ ബംഗാളിലെ മുഹമ്മദ് സലീമിനെപ്പോലെ സി.പി.എമ്മിൻ്റെ ന്യുനപക്ഷ മുഖങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. മഞ്ഞുവീഴുന്ന കാശ്മിരിൻ്റെ താഴ് വരകളിൽ തരിഗാമിയുടെ വിജയം ചെങ്കൊടിയേന്തുന്നവർക്ക് ആശയും ആവേശവുമായി മാറിയിട്ടുണ്ട്.
#YusufTariqami #KashmirElections #CPI(M) #IndiaElections #LeftVictory