Controversy | മനാഫ് വിവാദം: അർജുൻ തിരിച്ചുവന്നിരുന്നെങ്കിൽ എന്ത് പറയുമായിരുന്നു? വൈറലായി പോസ്റ്റ്
 

 
Manaf Controversy: What would Arjun have written if he had returned?
Manaf Controversy: What would Arjun have written if he had returned?

Photo: Arranged

● അർജുന്റെ കുടുംബം മനാഫിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു
● മനാഫ് ആരോപണങ്ങൾ നിഷേധിച്ചു.
● സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി

കോഴിക്കോട്: (KVARTHA) കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബവുമായും ലോറി ഉടമ മനാഫുമായും ബന്ധപ്പെട്ട പുതിയ വിവാദം സാമൂഹ്യ  മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. അർജുന്റെ കുടുംബം മനാഫിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനും സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങൾക്കും പിന്നാലെ മനാഫിന്റെ യൂട്യൂബ്  ചാനലിലെ സബ്സ്ക്രൈബർമാരുടെ എണ്ണം ചുരുങ്ങിയ സമയം കൊണ്ട് 2.55 ലക്ഷമായി ഉയർന്നതും ശ്രദ്ധേയമായി.

ഈ വിവാദങ്ങൾക്കിടെ, അർജുൻ ജീവനോടെ തിരിച്ചുവന്നിരുന്നുവെങ്കിൽ എന്ത് എഴുതുമായിരുന്നെന്ന് അനുമാനിക്കുന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. മുഹമ്മദ് കെ എ എന്ന ഉപയോക്താവിന്റെ ഈ പോസ്റ്റിൽ, കുടുംബത്തെയും സുഹൃത്തുക്കളെയും സമൂഹത്തെയും കുറിച്ച് അർജുൻ എന്തായിരിക്കും പറയുകയെന്നുള്ള വികാരങ്ങൾ പങ്കുവെക്കുന്നു. വിവാദങ്ങളും, ലോറി ഉടമ മനാഫിന്റെ ഇടപെടലുകളും പോസ്റ്റിൽ വിഷയമാകുന്നുണ്ട്.

കുറിപ്പിലെ ചില ഭാഗങ്ങൾ: 

'ജീവനില്ലാത്ത ശരീരമായി എനിക്ക് തിരിച്ച് ഈ പുഴയിൽ നിന്നും കരയ്ക്ക് കയറണമായിരുന്നു. അതെൻ്റെ വാശിയായിരുന്നു. അത് കൊണ്ടായിരുന്നു ലോറിക്കകത്ത് അള്ളിപ്പിടിച്ച് ഒരു ജീവിക്കും വിട്ടുകൊടുക്കാതെ ജീർണിക്കാതെ ഞാൻ കിടന്നത്. ഗംഗാവരി പുഴ എന്നെയും ലോറിയേയും വിഴുങ്ങിയ വാർത്ത നിങ്ങളറിഞ്ഞ നിമിഷം മുതൽ ഒരാൾ പുഴവക്കത്ത് കണ്ണീരടക്കാൻ പാട്പെട്ട് വിങ്ങുന്നുണ്ടായിരുന്നു. തലതല്ലി കരയുന്നുണ്ടായിരുന്നു. മനാഫിക്ക. ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ പുഴവക്കിൽ യജമാനനെ കാണാനാവാത്ത പട്ടിയെ പോലെ മനാഫിക്ക അലയുന്നുണ്ടായിരുന്നു. 

അവനോ  പോയി എൻ്റെ ലോറിയെങ്കിലും തിരിച്ചു കിട്ടിയാൽ മതിയായിരുന്നു എന്ന് കരുതി നിൽക്കുന്നതാവും എന്നാണെനിക്ക് തോന്നിയത്. പക്ഷേ നിങ്ങളീ പുഴയിലേക്ക് നോക്കി എൻ്റെ അർജുനേ നീ വാടാ എന്ന് പറഞ്ഞു കരഞ്ഞ നിമിഷമുണ്ടല്ലോ അത് കണ്ടപ്പോൾ ജീവനോടെ കരയിലേക്ക് കുതിച്ചുയരാൻ തോന്നിയിരുന്നു. പക്ഷേ അപ്പോഴേക്കും ഞാൻ ശരിക്കും മരിച്ചു കഴിഞ്ഞിരുന്നു. മനാഫിക്കാ. നിങ്ങൾ എഴുപത്തിരണ്ട് ദിവസമാണ് എന്നെയും കാത്ത് പുഴയരികിൽ കണ്ണീരിന് കാവലിരുന്നത്. നിങ്ങൾ ബോട്ടിൽ വെള്ളം മാത്രം കുടിച്ച് നേരം വെളുപ്പിച്ചത്. 

ഭക്ഷണം കഴിക്കാതെ, വസ്ത്രം മാറ്റാതെ, ഉറങ്ങാതെ, ചെളിമണ്ണിൽ ഇരുന്ന് ബിസ്കറ്റ് മാത്രം കഴിച്ച് ദിവസങ്ങൾ കഴിച്ചു കൂട്ടിയത്. നിങ്ങൾക്ക് വേണമെങ്കിൽ പോകാമായിരുന്നു. ഭാര്യയും മക്കളുടെയും കൂടെ കഴിയാമായിരുന്നു. കർണ്ണാടക സർക്കാരിനോട് കെഞ്ചുകയായിരുന്നു. പൊരുതുകയായിരുന്നു. ഒടുവിൽ ലോറിയിൽ നിന്നും എന്നെ പുറത്തെടുക്കുമ്പോൾ നിങ്ങൾ ഭ്രാന്തനെപ്പോലെ വിളിച്ചു പറഞ്ഞ ആ വാക്കുണ്ടല്ലോ  ഓൻ്റെ അമ്മക്ക് ഞാൻ കൊടുത്ത വാക്ക് പാലിച്ചു. ഞാൻ ഓനെയും കൊണ്ടേ പോകു എന്ന വാക്ക്'.

ഗംഗാവരി പുഴ കരഞ്ഞ നിമിഷമായിരുന്നു അത്, മനാഫിക്കാ നിങ്ങൾ എനിക്കാരായിരുന്നു.? ആ 72 ദിവസം മതി എൻ്റെ ആത്മാവിന് നിത്യശാന്തി കിട്ടാൻ. നിങ്ങളുണ്ടാക്കിയ സ്നേഹലോകം കറകളഞ്ഞ എൻ്റെ കേരളത്തിൻ്റെ മനുഷ്യപറ്റിൻ്റെ മായ്ക്കാനാവാത്ത അടയാളമായിരുന്നു. ഇപ്പോൾ സങ്കടമുണ്ട്. എല്ലാവരും കൂടി നിങ്ങളെയും കൊല്ലുകയാണ്. എൻ്റെ മനാഫിക്കാ മാപ്പ്'.

അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ:

നേരത്തെ ലോറി ഉടമയായ മനാഫിനെതിരെ അർജുന്റെ കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അർജുന്റെ പേരിൽ മനാഫ് ഫണ്ട് സ്വരൂപിച്ചുവെന്നും, തന്റെ യൂട്യൂബ് ചാനൽ വഴി ദുരന്തത്തെ ചൂഷണം ചെയ്ത് പ്രശസ്തി നേടാൻ ശ്രമിച്ചുവെന്നും അവർ ആരോപിച്ചു. മനാഫ്, ഈശ്വർ മാൽപെ എന്നിവർ ചേർന്ന് നടത്തിയത് നാടകമാണെന്നും ഇവരുടെ യൂട്യൂബ് ചാനലിന് വരിക്കാരെ കൂട്ടാനുള്ള ശ്രമമായിരുന്നുവെന്നും കുടുംബം ആരോപിച്ചു. 

അർജുന്റെ കുട്ടിയെ വളർത്തുമെന്നുള്ള മനാഫിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കുടുംബം പറയുന്നു. ഈ സാഹചര്യത്തിൽ മനാഫ് ഇത്തരം പ്രവർത്തനങ്ങൾ നിർത്തണമെന്നും അല്ലാത്തപക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും കുടുംബം മുന്നറിയിപ്പ് നൽകി.

മനാഫിന്റെ പ്രതികരണം:

അതേസമയം മനാഫ് അർജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളഞ്ഞു. അർജുന്റെ പേരിൽ ഒരു രൂപ പോലും പിരിച്ചിട്ടില്ലെന്നും, യൂട്യൂബ് ചാനൽ തുടങ്ങിയത് അർജുനെ കണ്ടെത്താനുള്ള ദൗത്യത്തെ ജനങ്ങളിലേക്ക് എത്തിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. പണം പിരിച്ചതിന് തെളിവുകൾ ഉണ്ടെങ്കിൽ കല്ലെറിഞ്ഞുകൊല്ലാൻ മാനാഞ്ചിറയിൽ വന്നുനിൽക്കാമെന്നും മനാഫ് പറഞ്ഞു. അർജുന്റെ മകനെ ദത്തെടുക്കുമെന്നുള്ള പ്രസ്താവന ഒരു വികാരാധീനമായ പ്രതികരണമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളിയും മനാഫിന് പിന്തുണയുമായും സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനൊപ്പമാണ് അർജുന്റെ കുടുംബം വാർത്താസമ്മേളനം നടത്തുമ്പോൾ മനാഫിന്റെ യൂട്യൂബ് ചാനലിൽ 11,000 സബ്‌സ്‌ക്രൈബർമാരാണ് ഉണ്ടായിരുന്നതെങ്കിൽ മണിക്കൂറുകൾ കൊണ്ട് രണ്ടര ലക്ഷം കടന്നത്.
 

#ManafControversy #KeralaLandslide #SocialMedia #JusticeForArjun

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia