Allegation | ദിലീപിന് 'സ്തുതിയായിരിക്കട്ടെ'! മലയാള സിനിമയിലെ പുതിയ യുഗം
നിരവധി താരങ്ങൾക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടു.
സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്.
മലയാള സിനിമയിൽ ഇപ്പോഴും അധികാര കേന്ദ്രങ്ങളുടെ സ്വാധീനം ശക്തമാണ്.
(KVARTHA) വര്‍ഷങ്ങളായി മലയാളസിനിമയില്‍ തുടര്‍ന്ന് വന്ന മനുഷ്യാവകാശലംഘനം, സ്ത്രീവിരുദ്ധത, അതിക്രമം, മാടമ്പിത്തം എന്നിവയ്‌ക്കെതിരെ ശബ്ദം ഉയരാന്‍ നിമിത്തമായത് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് ആണ്. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധം കാരണം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടെന്ന് അവര്‍ പലതവണ വെളിപ്പെടുത്തിയെങ്കിലും സിനിമാ സംഘടനകളോ, മാധ്യമങ്ങളോ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. പ്രമുഖ സംവിധായകരും നടന്മാരും തങ്ങളുടെ സിനിമകളില്‍ നിന്ന് അതിജീവിതയെ ഒഴിവാക്കി.
എം.ടി ഹരിഹരന്‍ ടീമിന്റെ ഏഴാമത്തെ വരവില്‍ അതിജീവിതയായിരുന്നു നായിക. ആ സിനിമയെ തകര്‍ക്കാനായി ദിലീപ് സുഹൃത്തിനെ ഇടപെടുത്തി വിതരണാവകാശം സ്വന്തമാക്കുകയും തിയേറ്ററില്‍ ആ സിനിമ ഓടാതിരിക്കുന്നതിനുള്ള എല്ലാ കളികളും കളിക്കുകയും ചെയ്‌തെന്ന് സംവിധായകന്‍ ഹരിഹരന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ദിലീപും കാവ്യാമാധവനും തമ്മിലുള്ള ബന്ധം ആദ്യ ഭാര്യ മഞ്ജുവാര്യരെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണെന്ന സംശയത്തെ തുടര്‍ന്ന് നടിയും ദിലീപും തമ്മില്‍ താരസംഘടനയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ച് തര്‍ക്കമുണ്ടായതായി പല നടീനടന്മാരും പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇതൊന്നും വിശ്വസിക്കാന്‍ ഒരു സിനിമാ സംഘടനകളും തയ്യാറായില്ല. കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം പുറത്താക്കുക മാത്രമാണ് അവര്‍ ചെയ്തത്. എന്നിട്ടും മറ്റൊരു താരത്തിനും കിട്ടാത്ത പരിഗണന ദിലീപിന് കൊടുത്തു. സംഘടനയില്‍ അംഗത്വം എടുക്കാത്തവരെ അഭിനയിപ്പിക്കാന്‍ പോലും മടി കാണിക്കുന്നവരാണ് വഴിവിട്ട സഹായസഹകരണങ്ങള്‍ നല്‍കിയത്. ദിലീപിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിക്കാന്‍ മറ്റ് ചില പ്രമുഖ നടന്മാര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അതാണ് സംഘത്തിന് തിരിച്ചടിയായത്.
ഇതിന് പിന്നാലെ മഞ്ജു വാര്യര്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ അവരെ ഒഴിവാക്കാന്‍ പലരും നിര്‍ബന്ധിതരായി. മഞ്ജുവിനൊപ്പം അഭിനയിക്കരുതെന്ന് ദിലീപ് ഭീഷണി സ്വരത്തില്‍ സംസാരിച്ചെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍ പൊലീസിന് മൊഴി കൊടുത്തിരുന്നു. മോഹന്‍ലാലിന്റടുത്ത് ദിലീപ് ഇക്കാര്യം സൂചിപ്പിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല, അങ്ങനെയാണ് എന്നും എപ്പോഴും എന്ന സിനിമയില്‍ മഞ്ജു നായികയായത്. എന്നിട്ടും വീണ്ടും അവസരങ്ങള്‍ ലഭിച്ചില്ല. വിമന്‍ ഇന്‍ കളക്ടീവ് അംഗത്വം ഉപേക്ഷിച്ച ശേഷമാണ് കൂടുതല്‍ താരങ്ങള്‍ മഞ്ജുവാര്യരെ നായികയാക്കിയത്. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരെ എങ്ങനെയും മാറ്റിനിര്‍ത്താന്‍ ഏതറ്റംവരെ പോകാനും തയ്യാറായ പവര്‍ ഗ്രൂപ്പ് സിനിമയിലുണ്ട്. ദിലീപ് ഇക്കാര്യത്തില്‍ തലതൊട്ടപ്പനായിരുന്നുവെന്നാണ് ആക്ഷേപം.
ദിലീപും പൃഥ്വിരാജും സ്റ്റാറായി വളര്‍ന്ന് വന്ന സമയത്ത് പൃഥ്വിരാജിനെ പല ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചതായി സംവിധായകര്‍ വെളിപ്പെടുത്തിയിരുന്നു. അവന്‍ ചാണ്ടിയുടെ മകന്‍ എന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി തീരുമാനിച്ചപ്പോള്‍ ദിലീപ് വിളിച്ച് ഡേറ്റ് തരാമെന്നും ആ ചിത്രം ഉപേക്ഷിക്കണമെന്നും പറഞ്ഞതായി സംവിധായകന്‍ തുളസീദാസ് വെളിപ്പെടുത്തിയിരുന്നു. കമലിന്റെ പെരുമഴക്കാലത്തില്‍ ദിലീപ് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനെയാണ് തീരുമാനിച്ചിരുന്നത്. ഈ സമയത്ത് ഇന്ദ്രജിത്തിനെ തന്റെ സിനിമകളുടെ ഭാഗമാക്കാനും ദിലീപ് മറന്നില്ല.
ദിലീപിന്റെ കളികള്‍ അറിയാമായിരുന്ന സംഘടന നേതാക്കളാരും തടയിടാന്‍ തയ്യാറായില്ല. ഇക്കാര്യങ്ങള്‍ക്കെതിരെ തുറന്നടിച്ച നടന്‍ തിലകനെ വിലക്കി. തിലകന് പിന്തുണ നല്‍കിയ സംവിധായകന്‍ വിനയന് അവസരങ്ങള്‍ നിഷേധിച്ചു. രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഫിലിംചേമ്പറും നിര്‍മാതാക്കളുടെ സംഘടനയും പുതിയ കരാര്‍ കൊണ്ടുവന്നിരുന്നു. അതുമായി സഹകരിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ തയ്യാറായില്ല. എന്നാല്‍ പൃഥ്വിരാജ്, തിലകന്‍ എന്നിവര്‍ മുന്നോട്ട് വന്നു. അതിനെതിരെ താരങ്ങള്‍ ഉറഞ്ഞുതുള്ളി.
എന്നാല്‍ പിന്നീട് പൃഥ്വിരാജ് ഒപ്പിട്ട അതേ കരാറില്‍ മമ്മൂട്ടിയും മോഹന്‍ലാലും അടക്കം ഒപ്പിടാന്‍ തയ്യാറായി. വിനയന്റെ സിനിമകളില്‍ അഭിനയിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ അദ്ദേഹം കോംപറ്റീഷന്‍ കമ്മിഷനെ സമീപിച്ചു. താരസംഘടന, ഫെഫ്ക എന്നിവര്‍ പിഴയടക്കേണ്ടിവന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ബി ഉണ്ണികൃഷ്ണന്‍, സിബിമലയില്‍ എന്നിവര്‍ വിനയന് തൊഴില്‍ നിഷേധിച്ചെന്നും കോംപറ്റീഷന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വിനയന് അപ്രഖ്യാപിത വിലക്കുണ്ടെന്ന് നടന്‍ ജയസൂര്യയും കോംപറ്റീഷന്‍ കമ്മിഷന് മൊഴി നല്‍കിയിരുന്നു.
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയില്‍ ദിലീപിനെ നായകനാക്കാനാണ് വിനയന്‍ തീരുമാനിച്ചത്. കലൂര്‍ ഡെന്നിസ് ആയിരുന്നു തിരക്കഥാകൃത്ത്. തിരക്കഥാകൃത്തിനെ മാറ്റാതെ താന്‍ ഡേറ്റ് തരില്ലെന്ന് ദിലീപ് വാശി പിടിച്ചുവെന്നാണ് ആരോപണം. അങ്ങനെയാണ് ജയസൂര്യ നായകനാകുന്നത്. പിന്നീട് പല ഹിറ്റ് സിനിമകളും ഉണ്ടാക്കിയ വിനയന്‍ മാക്ടഫെഡറേഷന്‍ എന്ന സംഘടന ശക്തിപ്പെടുത്തുകയും താരാധിപത്യം അവസാനിപ്പിക്കാന്‍ തുനിയുകയും ചെയ്തതോടെയാണ് ദിലീപും കുറേ സംവിധായകരും ചേര്‍ന്ന് ഫെഫ്ക ഉണ്ടാക്കുന്നത്.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനാനുവാദം അതിനുണ്ടായിരുന്നു. തുളസീദാസിന്റെ സിനിമയ്ക്ക് അഡ്വാന്‍സ് നല്‍കിയ ദിലീപ് ആ ചിത്രത്തില്‍ അഭിനയിക്കാതിരുന്നതിന് നടപടി എടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മാക്ട ഫെഡറേഷന്‍ പൊളിച്ചത്. ആ സംഘം സിനിമയില്‍ ഇപ്പോഴും ശക്തമാണ്. അതില്‍ സിദ്ദീഖ്, മുകേഷ്, ദിലീപ്, ഗണേഷ് തുടങ്ങി വലിയൊരു നിരയുണ്ടെന്നാണ് പറയുന്നത്. അവരെ നിയന്ത്രിക്കാന്‍ വലിയ പ്രയാസമാണ്. എന്നാലും നിലവിലെ സാഹചര്യത്തില്‍ ഇവരില്‍ പലരുടെയും നിലപരുങ്ങലിലാണ്. അതിന് വഴിയൊരുക്കിയ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാകാന്‍ കാരണം നടിയെ ആക്രമിച്ച കേസും ദിലീപുമാണ്.