Allegation | മമ്മൂട്ടിയും മോഹന്‍ലാലും ബറോസും ബസൂക്കയും പുറത്തിറക്കാതെ പെട്ടിയില്‍ ഒളിപ്പിക്കുന്നതെന്തിന്?
● താരസംഘടനയിലെ പ്രശ്നങ്ങൾ രൂക്ഷമാകുന്നു
● മമ്മൂട്ടിയും മോഹൻലാലും ആദ്യം മൗനം പാലിച്ചു.
അർണവ് അനിത
(KVARTHA) ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും അതിന് പിന്നാലെ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും ആദ്യം മൗനം പാലിക്കുകയും പിന്നീട് കൃത്യമായ നിലപാട് സ്വീകരിക്കാതിരിക്കുകയും മാധ്യമങ്ങളെ നേരിട്ട് കാണാന്‍ തയ്യാറാകാതിരിക്കുകയും ചെയ‍്ത മമ്മൂട്ടിക്കും മോഹന്‍ലാലിനും തിരിച്ചടി. ഇരുവര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. മോഹന്‍ലാല്‍ താന്‍ അംബാസിഡറായ ഒരു പരിപാടിയുടെ ചടങ്ങിന് എത്തിയപ്പോഴാണ് മാധ്യമങ്ങളോട് സംസാരിച്ചത്.
നിലപാടില്ലാത്തത് കൊണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും എന്റെ കയ്യില്‍ ഉത്തരമില്ലെന്ന് പറഞ്ഞാണ് അദ്ദേഹം സംസാരിച്ചത് തന്നെ. മമ്മൂട്ടിയാകട്ടെ കുറുക്കന്റെ ബുദ്ധി പതിവ് പോലെ പ്രയോഗിച്ചു. എന്ത് വിവാദങ്ങളുണ്ടായാലും മാധ്യമങ്ങളെ കാണാതിരിക്കുന്നത് ഇത്തവണയും തുടര്‍ന്നു. പകരം ഫേസ്ബുക്കില്‍, എങ്ങും തൊടാതെ ഒരു പോസ്റ്റിട്ടു. അതില്‍ പവര്‍ഗ്രൂപ്പില്ലെന്ന് പ്രത്യേകം പറഞ്ഞു. അതിന് കാരണമുണ്ട് പവര്‍ഗ്രൂപ്പില്‍ അദ്ദേഹവും ഉണ്ടെന്ന ആരോപണം ശക്തമാണ്.
കൊച്ചിയില്‍ നടി ആക്രമിച്ച സംഭവത്തിന് പിന്നാലെ സംഭവങ്ങള്‍ ഇനിയങ്ങോട്ട് നേരാംവണ്ണം പോകില്ലെന്ന് മമ്മൂട്ടിക്ക് അറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം അമ്മയുടെ ഭാരവാഹിയാകാന്‍ ഇല്ലെന്ന് പ്രഖ്യാപിച്ചു. താരസംഘടനയില്‍ വിലക്കാണ് ആദ്യം ഉണ്ടായത്. അത് ആദ്യം നേരിട്ടത് സുകുമാരനായിരുന്നു. അദ്ദേഹം ഇവരെയാരെയും വകവെച്ചില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സുകുമാരന്റെ മകന്‍ പൃഥ്വിരാജിനെ വിലക്കി. തൊട്ട് പിന്നാലെ നടന്‍ തിലകനെയും സംവിധായകന്‍ വിനയനെയും. ഇതെല്ലാം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനാനുവാദത്തോടെയായിരുന്നു എന്നത് പൊതുസമൂഹത്തിന് അറിയാവുന്ന കാര്യമാണ്.
അന്ന് ഈ രണ്ട് പേരും ആരുടെയും തൊഴില്‍ മുടക്കരുതെന്ന് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ സംഘടന ഇത്രയ‍്ക്ക് നാണംകെടില്ലായിരുന്നു. ഇന്ന് മുന്‍ ജനറല്‍ സെക്രട്ടറിമാര്‍ ബലാത്സംഗക്കേസുകളില്‍ പ്രതികളാണ്. അതില്‍ ഒരാള്‍ ഒളിവിലാണ്. ഏത് സമയവും അറസ്റ്റ് ചെയ്യാം. ഇത്രയും നാണക്കേട് കേരളത്തില്‍ മറ്റൊരു സംഘടനയ‍്ക്കും ഉണ്ടായിട്ടില്ല. ഇത്രയും ഗുരുതരമായ സംഭവങ്ങളുണ്ടായിട്ടും ഇനിയെങ്കിലും കാര്യക്ഷമമായി മുന്നോട്ട് പോകണമെന്ന് ഇവര്‍ക്കില്ല. അതുകൊണ്ട് ഭാരവാഹികള്‍ രാജിവെച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും മറ്റൊരു നടപടിയും ഉണ്ടാകാത്തത്.
ജനങ്ങളുടെ എതിര്‍പ്പിനെ ഭയന്ന് മമ്മൂട്ടിയും മോഹന്‍ലാലും ഓണത്തിന് സിനിമകള്‍ തിയേറ്ററുകളിലെത്തിച്ചില്ല. മമ്മൂട്ടിയുടെ ബസൂക്കയുടെ റിലീസ് നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇറങ്ങിയാല്‍ ജനംശക്തമായി പ്രതികരിക്കുമെന്ന് അറിയാവുന്നത് കൊണ്ട് നീട്ടിവയ‍്ക്കുകയായിരുന്നു. ഷെയ‍്ന്‍നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. തിലകനെയും വിനയനെയും വിലക്കിയപ്പോള്‍ അദ്ദേഹം മൗനംപാലിച്ചു.
പത്ത് കൊല്ലത്തിന് ശേഷമാണ് വിനയന്റെ വിലക്ക് നീക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടത്. ഈ നിലപാട് അദ്ദേഹം തുടക്കത്തിലേ സ്വീകരിച്ചിരുന്നെങ്കില്‍, മലയാള സിനിമകള്‍ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ഓണക്കാലത്ത് സ്വന്തംസിനിമ പെട്ടിയില്‍ വയ‍്ക്കേണ്ട ഗതികേടുണ്ടാകില്ലായിരുന്നു. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകം, വല്യേട്ടന്‍ തുടങ്ങിയ പഴയ ചിത്രങ്ങള്‍ ഫോര്‍കെയില്‍ റീറിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നീട്ടിവച്ചിരിക്കുകയാണ്.
മോഹന്‍ലാലാകട്ടെ സംവിധാന സംരംഭമായ ബറോസ് ഓണം റിലീസ് പ്രഖ്യാപിച്ചിരുന്നതാണ്. അദ്ദേഹം താരസംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ യുവതാരങ്ങളടക്കം ഒപ്പം നില്‍ക്കുകയും ഇത്രയും നാണംകെടേണ്ടിയും വരില്ലായിരുന്നു. സദ്ധിഖ്, മുകേഷ് തടങ്ങി നിരവധി പേരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മോഹന്‍ലാല്‍ വഴങ്ങിയെന്നും മൗനംപാലിച്ചെന്നും എക‍്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ അനൂപ് ചന്ദ്രന്‍ തന്നെ ആരോപിക്കുന്നു.
അതേസമയം എതിര്‍ശബ്ദം ഉയര്‍ത്തുന്നവരെ ഒതുക്കുന്ന പരിപാടി മലയാളസിനിമയില്‍ ഇനി കുറേക്കാലത്തേക്കെങ്കിലും കാണില്ലെന്നാണ് ഇന്‍ഡസ്ട്രിയിലെ പലരും വിലയിരുത്തുന്നത്. യുവനടിക്ക് നേരെ ഉണ്ടായ ആക്രണമണവും അതേത്തുടർന്നുണ്ടായ ഡബ്ള്യുസിസിയും അവരുടെ പ്രതിഷേധവും ഇല്ലാതാക്കാൻ പലവിധ ശ്രമങ്ങളാണ് നടന്നത്. ഡബ്ല്യുസിസി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഹേമ കമ്മിറ്റി രൂപീകൃതമായതും അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയതുമെല്ലാം.
ഈ സന്ദർഭങ്ങളിലും കുറ്റാരോപിതനായ നടനെ സംരക്ഷിക്കുന്ന നിലപാടാണ് എഎംഎംഎയും പ്രധാന നടന്മാരും നടിമാരും സ്വീകരിച്ചത്. എന്നാല്‍ ദിലീപിന്റെ എട്ട് പടങ്ങളാണ് തുടര്‍ച്ചയായി പരാജയപ്പെട്ടത്. ജനം ദിലീപിനെ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സിനിമാ സംഘടനകളോ, അതിന് നേതൃത്വം നല്‍കുന്നവരോ തയ്യാറാകുന്നില്ല.
നടി ആക്രമിക്കപ്പെട്ട സംഭവമൊന്നും മലയാള സിനിമാ മേഖലയെ പ്രതികൂലമായി ബാധിച്ചതുമില്ല. ഇപ്പോഴത്തെ സംഭവ വികാസങ്ങളും മലയാള സിനിമയുടെ ഭാവിക്ക് കാര്യമായ ദോഷം വരുത്തില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ചിലരെ പ്രത്യക്ഷത്തിൽ മാറ്റിനിർത്തിയേക്കാം എന്നതൊഴിച്ചാൽ കാര്യങ്ങൾ പഴയതുപോലെ നീങ്ങും. പുതിയ കൂട്ടായ്മകളും ട്രെൻഡുകളും യുവതാരങ്ങളും കൂടുതൽ ഇടപെടൽ നടത്തും. സൂപ്പർ താരങ്ങളുടെ സിനിമകൾക്ക് ഇതൊന്നും വെല്ലുവിളിയുമാകില്ല.
എഎംഎംഎയിൽ അംഗത്വം ഉള്ളവർക്ക് മാത്രം നല്ല അവസരങ്ങൾ നൽകിയിരുന്ന താരസംഘടനയുടെ ശോഭ ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് കെട്ടു. ഇതിനിടെ രൂപം കൊണ്ട പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന സംഘടനക്ക് തുടക്കത്തിൽ ലഭിച്ച പിന്തുണ ഇപ്പോഴില്ല. അതുകൊണ്ട് നാഥനില്ലാക്കളരിയായി തുടരുകയാണ് മലയാളസിനിമ.
#MalayalamCinema #AMMA #Mohanlal #Mammootty #Controversy #Kerala